പേരാമ്പ്ര സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കില്ല; ലീഗ് തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി ജില്ലാ പ്രസിഡന്റ് എംഎ റസാഖ്
പേരാമ്പ്ര സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് മുസ്ലീം ലീഗ്. പേരാമ്പ്രയില്‍ ലീഗ് തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എംഎ റസാഖ് ട്വന്റിഫോറിനോട്. കുന്നമംഗലം സീറ്റിലും മുസ്ലീം ലീഗ് തന്നെ മത്സരിക്കും.
നേരത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തയാറായത് പോലെ അസംബ്ലി തിരഞ്ഞെടുപ്പിനും തയാറായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെയാണ് മത്സരിക്കുക. ഐക്യജനാധിപത്യ മുന്നണിക്ക് കേരളത്തില്‍ അധികാരത്തില്‍ വരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുര്‍ഭരണത്തിന് പര്യവസാനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, മുന്നണിയെ സംബന്ധിച്ചിടത്തോളം കോഴിക്കോട് ജില്ലയില്‍ ശുഭപ്രതീക്ഷയാണുള്ളത് – അദ്ദേഹം പറഞ്ഞു.
സീറ്റ് ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. ഗുരുവായൂര്‍ സീറ്റ് കെ മുരളീധരനു ആണെങ്കില്‍ മാത്രം വിട്ടു നല്‍കാമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗുരുവായൂര്‍ സീറ്റ് വീട്ടു നല്‍കിയാല്‍ പട്ടാമ്പി സീറ്റ് ലീഗിന് വിട്ടു നല്‍കേണ്ടി വരുമെന്നതടക്കം വിവരവും പുറത്ത് വന്നു. പേരാമ്പ്ര സീറ്റ് കിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും നേരത്തെ സൂചന നല്‍കിയിരുന്നു. ലീഗ് ആണ് തീരുമാനിക്കുക എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
Story Highlights : Perambra seat will not be given to Congress; District President MA Razak hints
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




