Advertisement

‘ജേഷ്ഠസഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം ചേർന്നു’; ഐഷാപോറ്റി കോൺഗ്രസിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി കെ എൻ ബാലഗോപാൽ

January 15, 2026
Google News 2 minutes Read

ഐഷാപോറ്റി കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി കൊട്ടാരക്കര MLA യും ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാൽ. കുടുംബത്തിലെ ജേഷ്ഠസഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം ചേർന്നതിൽ അതീവ ദുഖമുണ്ട്. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല.

ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്, അവർകൂടി പ്രവർത്തിച്ചല്ലേ ജനപ്രതിനിധി ആകുന്നത്. ഇപ്പോൾ പോയതിൽ പിന്നീട് അവർക്ക് വിഷമമുണ്ടാകും. ഇടതുപക്ഷവും പാർട്ടിയും അവർക്കായി പ്രവർത്തിച്ചത് കാണേണ്ടതായിരുന്നു. എന്തിനാണ് ഇത്തരമൊരു മാറ്റമെന്ന കാര്യത്തിൽ സഖാക്കൾക്കും നാട്ടുകാർക്കും വലിയ സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആദരിക്കപ്പെടുന്ന ഒരു പദവിയാണെന്നും, മഹിളാ അസോസിയേഷനിലും ലോയേഴ്സ് യൂണിയൻ സംസ്ഥാന സെമിനാറുകളിലും അവർക്ക് വലിയ ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. കുറച്ചു നാളുകളായി തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടികളുടെ നോട്ടീസുകളും മറ്റും നോക്കാൻ തന്നെ ഏൽപ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ താൻ പങ്കുവെക്കുന്നില്ലെങ്കിലും, ഈ മാറ്റം രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ മനസ്സിൽ വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയം വ്യക്തിപരമല്ല വ്യക്തിപരമായ ബഹുമാനവും രാഷ്ട്രീയവും രണ്ടായി തന്നെ കാണണം. കേരളം ഏറെ ബഹുമാനിക്കുന്ന വ്യക്തികൾ പോലും രാഷ്ട്രീയ നിലപാടുകൾ മാറ്റുമ്പോൾ അത് മോശമായ രാഷ്ട്രീയമായി മാറുന്നു. നമ്മുടെ വീടിനെയും കുടുംബത്തെയും തകർക്കാൻ നിൽക്കുന്നവരുടെ കൂടെ ഒരു കുടുംബാംഗം ചേരുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇത്രയും കാലം മോശമായി പെരുമാറുകയും ചീത്ത പറയുകയും ചെയ്തവർക്കിടയിലേക്ക് പോകുമ്പോൾ അവർക്ക് അവിടെ ഒരിക്കലും സന്തോഷത്തോടെയോ മനഃസമാധാനത്തോടെയോ നിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അണികളാണ് നേതാക്കളെ സൃഷ്ടിക്കുന്നത് രാഷ്ട്രീയത്തിൽ അണികളാണ് നേതാക്കന്മാരെ ഉണ്ടാക്കുന്നത്. വർഷങ്ങളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഇത്തരം തീരുമാനങ്ങൾ കാണുമ്പോൾ ഞെട്ടലോടെയാണ് പ്രതികരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന സഖാക്കൾ പോലും ഇത്തരം വാർത്തകൾ കേട്ട് ആകെ വിഷമിച്ച അവസ്ഥയിലാണ്. പാർട്ടി എല്ലാ പരിഗണനകളും നൽകി, എം.എൽ.എ ആയും മറ്റും പ്രവർത്തിക്കാൻ അവസരം നൽകിയവർ ഇത്തരം നിലപാടുകൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് രാഷ്ട്രീയം സാധാരണക്കാരുടേതല്ലെന്നും നാട്ടിലെ ജനങ്ങൾക്ക് ദുരിതം ഉണ്ടാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും മന്ത്രി കുറ്റപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അംശമുള്ള ആർക്കും യുഡിഎഫിൽ മനഃസമാധാനത്തോടെ നിൽക്കാൻ കഴിയില്ല. നേതാക്കളോട് പോലും ആത്മാർത്ഥത കാണിക്കാത്ത പ്രസ്ഥാനമാണിതെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.

Story Highlights : k n balagopal on aisha potty udf entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here