Advertisement

ഈ വര്‍ഷത്തെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബി; സിറ്റിയോട് പകരം വീട്ടാനുറച്ച് യുണൈറ്റഡ്

January 17, 2026
Google News 2 minutes Read
Manchester United vs Manchester City

മാഞ്ചസ്റ്റററിലെ ഓള്‍ഡ്ട്രഫോര്‍ഡ് പുല്‍മൈതാനത്തിന് ഇന്ന് തീപിടിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വൈകുന്നേരം ആറിന് നേര്‍ക്കുനേര്‍ എത്തും. ലീഗില്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. 43 പോയിന്റുള്ള സിറ്റി രണ്ടും 32 പോയിന്റുള്ള യുണൈറ്റഡ് ഏഴും സ്ഥാനത്താണിപ്പോള്‍. അതിനാല്‍ തന്നെ ഈ മത്സരം വിജയിച്ച് പട്ടികയില്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കുക എന്നതായിരിക്കും സിറ്റിയുടെ ലക്ഷ്യം. മുന്‍ യുണൈറ്റഡ് ക്യാപ്റ്റനും ടീമിന്റെ പുതിയ കോച്ചുമായ മൈക്കല്‍ കാരിക്ക് ആയിരിക്കും ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെ ശ്രദ്ധാകേന്ദ്രം. റൂബന്‍ അമോറിം പുറത്തായതിന് ശേഷം പുതിയ പരിശീലകനായി നിയമിതനായ കാരിക്കിന് കീഴിലെ ആദ്യമത്സരമാണിത്. സിറ്റിക്കെതിരെ സ്വന്തം തട്ടകത്തിലാണ് ഇറങ്ങുന്നതെങ്കിലും ഇതുവരെയുള്ള കളിമികവ് വെച്ച് യുണൈറ്റഡിന് വിജയവഴിയിലേക്ക് എത്താന്‍ ആകില്ല. ഹെര്‍ലിങ് ഹാലണ്ട്, അന്റോണിയോ സെമന്യോ, ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ, റോഡ്രി എന്നിവര്‍ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളുമായി കളത്തിലിറങ്ങുമ്പോള്‍ യുണൈറ്റഡിനൊപ്പം ഏറെ നാളായി തുടരുന്ന മൈക്കല്‍ കാരിക്കിന്റെ തന്ത്രങ്ങള്‍ എന്താണെന്ന് അറിയാനായിരിക്കും സോക്കര്‍ ആരാധകരുടെ ആകാംഷ. ബ്രസീല്‍ താരം മാത്തേവൂസ് കുന്‍ഹ, ബെഞ്ചമിന്‍ സെസ്‌കോ, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ സിറ്റിയെ പിടിച്ചു കെട്ടാനാകും. പ്രതിരോധക്കോട്ട കെട്ടി സിറ്റിയെ പോലെയൊരു ടീമിനെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് നന്നായി അറിയാവുന്ന മൈക്കല്‍ കാരിക്ക് കൃത്യതയാര്‍ന്ന മുന്നേറ്റങ്ങള്‍ ഒരുക്കാനായിരിക്കും നോക്കുക. 21 മത്സരങ്ങളില്‍ നിന്നായി സിറ്റി 45 ഗോള്‍ നേടിയപ്പോള്‍ 19 ഗോള്‍ വഴങ്ങി. 36 ഗോള്‍ വഴങ്ങിയ യുണൈറ്റഡ് തിരികെ വാങ്ങിയതാകട്ടെ 32 ഗോള്‍. സിറ്റിയും യുണറ്റഡും നേര്‍ക്കുനേര്‍ വരുന്ന 198-ാം മത്സരമാണിത്. യുണൈറ്റഡ് എണ്‍പത് മത്സരങ്ങളിലും സിറ്റി 63ലും വിജയിച്ചു. 54 മത്സരങ്ങള്‍ സമനിലയില്‍. അവസാനം ഏറ്റമുട്ടിയത് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍. സിറ്റി എതിരില്ലാത്ത മൂന്നുഗോളിന് യുണൈറ്റഡിനെ തകര്‍ത്തു. ആ തോല്‍വിക്ക് പകരം വീട്ടണമെന്ന ഉദ്ദേശം കൂടി മനസില്‍ വെച്ചാകും ഈ വര്‍ഷത്തെ ആദ്യത്തെ ഡെര്‍ബിക്ക് ആയി യുണൈറ്റഡ് ഇറങ്ങുക.

Story Highlights: Manchester United vs Manchester city match in EPL 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here