ശബരിമലയിലെ സ്വര്‍ണക്കൊള്ള വീണ്ടും കത്തും; ഇ ഡിയുടെ നീക്കത്തില്‍ കരുതലോടെ സര്‍ക്കാര്‍; യുഡിഎഫും പ്രതിരോധത്തിലേക്ക്
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഇ ഡി അന്വേഷണം ശക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതിരോധത്തിലേക്ക്. സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങള്‍ നടന്നതായാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. ഇതോടെ സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പരിധിയിലേക്ക് കൂടുതല്‍ പേരുകള്‍ വരും. കേസില്‍ കൂടുതല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുണ്ടാവാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കയാണ്. (how sabarimala gold theft case may affect election in kerala)
അറ്റകുറ്റപണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണത്തില്‍ തിരിമറി നടന്നതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും ശക്തമാവും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തുടങ്ങിയവരും അന്വേഷണപരിധിയിലേക്ക് വരും. ബോര്‍ഡ് അംഗങ്ങളും സംശയനിഴലിലായതോടെ സര്‍ക്കാരും പ്രതിരോധത്തിലാവും. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കൂടുതല്‍ ശക്തിമാക്കുന്നതിന്റെ ഭാഗമായി രണ്ട് പൊലീസ് ഓഫീസറെകൂടി എസ് ഐ ടിയുടെ ഭാഗമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ സംഘം ചിലരെ ഒഴിവാക്കാന്‍ ശ്രമം നടത്തിയതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
Read Also: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരത്തിലേക്ക്; ഫെബ്രുവരി 2 മുതല്‍ ഒപി ബഹിഷ്‌കരിക്കും
എസ് ഐ ടിയുടെ അന്വേഷണകാലാവധി അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ശേഷിക്കുകയാണ്. ഇ ഡി അന്വേഷണം പിടിമുറക്കിയതോടെ എസ് ഐ ടിയും കരുതലോടെയാണ് നീങ്ങുന്നത്. ഇ ഡിയുടെ പെട്ടെന്നുള്ള നീക്കത്തില്‍ എല്‍ ഡി എഫിനും ആശങ്കയുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കണ്ടെത്തിയതിലും കൂടുതലാണെന്നാണ് എസ് ഐ ടി വിലയിരുത്തിയിരിക്കുന്നത്. ഇതാണ് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കുന്നത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലും ചില ദേവസ്വം ഉദ്യോഗസ്ഥരിലും അവസാനിക്കുമെന്ന് കരുതിയിരുന്ന കേസില്‍ നിരവധി പേരാണ് അകപ്പെട്ടിരിക്കുന്നത്.
ഇതേസമയം ഇ ഡി അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി വ്യാപകമായ റെയിഡാണ് കേസുമായി ബന്ധപ്പെട്ട് നടത്തിയത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള എല്ലാവരുടേയും വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി ഉദ്യോഗസ്ഥര്‍ ഒരേ സമയത്ത് റെയിഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരുടേയും വീടുകളില്‍ അറസ്റ്റു നടന്നപ്പോഴും തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ ഇ ഡി റെയിഡിന് എത്താതിരുന്നതും സംശയം ജനിപ്പിച്ചിരിക്കയാണ്. മുന്‍ മന്ത്രിയെ സംരക്ഷിക്കുന്നതിനായി തന്ത്രിയെ കേസില്‍ കുടുക്കിയതാണെന്ന വാദവുമായി ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അന്വേഷണം ശക്തിപ്പെടുത്തുന്നത്. കേസ് ഇ ഡി ഏറ്റെടുത്ത അതേ ദിവസമാണ് തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാവുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇ ഡിയുടെ അന്വേഷണത്തില്‍ ഭരണമുന്നണിക്കും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ എസ് ഐ ടി അന്വേഷണം പുരോഗമിക്കവെ ഇ ഡി കൂടി അന്വേഷണം ആരംഭിച്ചതില്‍ ദുരൂഹതയാരോപിച്ച് ദേവസ്വം മനമന്ത്രി വി എം വാസവന്‍ രംഗത്തെത്തിയിരുന്നു. ഇത് ഭരണപക്ഷം ഇഡിയുടെ അന്വേഷണത്തെ ഭയക്കുന്നുവെന്നതിനാലാണെന്നാണ് ആരോപണം. കൊടിമരം മാറ്റിസ്ഥാപിച്ചതുമായുള്ള വിവാദങ്ങളും അന്വേഷണ പിരിധിയില്‍വരും. യു ഡി എഫ് ഭരണകാലത്താണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. വാജിവാഹനം സംബന്ധിച്ച ആരോപണങ്ങളും മറ്റും കെട്ടടങ്ങിയെങ്കിലും കൊടിമരം പുനസ്ഥാപിച്ചതുമായുള്ള ആരോപണം യു ഡി എഫ് ഭരണകാലത്തെ ദേവസ്വം ബോര്‍ഡിനെതിരെ അന്വേഷണത്തിലേക്കാണ് നീങ്ങുന്നത്.
മുന്‍ മന്ത്രിയോ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന പി എസ് പ്രശാന്തോ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ടാല്‍ അത് നിലവിലുള്ള സര്‍ക്കാരിനെപ്പോലും പ്രതികൂലമായി ബാധിക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ഒരു പ്രധാന ആയുധമായി മാറാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരുന്നത്. എന്നാല്‍ ഇ ഡി കൂടി രംഗത്തെത്തിയതോടെ തുടര്‍ഭരണ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമോ എന്ന ആശങ്ക സി പി ഐ എമ്മിനുണ്ട്.
തുടര്‍ഭരണം ലക്ഷ്യമിട്ടായിരുന്നു ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അയ്യപ്പസംഗമം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ മതസാമദായിക വിഭാഗങ്ങളേയും സര്‍ക്കാരിനൊപ്പം നിര്‍ത്താനും അതുവഴി വന്‍ നേട്ടങ്ങള്‍ കൊയ്യാനുമായി നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇതിന്റെ ആവര്‍ത്തനമാവുമോ നിയമസഭാതിരഞ്ഞെടുപ്പെന്ന ആശങ്കയിലാണ് സിപിഐഎം.
Story Highlights : how sabarimala gold theft case may affect election in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




