10 വർഷത്തെ നിർണായക കരാർ; യുഎഇയിൽ നിന്ന് 5 ലക്ഷം ടൺ എൽഎൻജി വാങ്ങാൻ ഇന്ത്യ
ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന് കരുത്തേകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ച. വെറും മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന സന്ദർശനത്തിൽ സുപ്രധാന തീരുമാനങ്ങളും കരാറുകളുമാണ് ഉണ്ടായത്.
10 വർഷത്തെ എൽഎൻജി വിതരണ കരാർ ഈ കൂടിക്കാഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും അഡ്നോക് ഗ്യാസും തമ്മിലുള്ള ഈ കരാർ പ്രകാരം 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയ്ക്ക് ലഭിക്കും. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാനും വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാനും കരാർ സഹായമാകും.
സാമ്പത്തിക മേഖലയിലും വലിയ ലക്ഷ്യങ്ങളാണ് ഇരുരാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്.
2032 ആകുന്നതോടെ 20,000 കോടി ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ഭാരത് മാർട്ട്, വെർച്വൽ വാണിജ്യ ഇടനാഴി, ഭാരത്-ആഫ്രിക്ക സേതു തുടങ്ങിയ പുതിയ വിപണി സംവിധാനങ്ങളിലൂടെയും വ്യാപാരബന്ധം ശക്തിപ്പെടുത്തും.
ആദ്യമായി ആണവ സഹകരണ മേഖലയിലേക്കും ഇരുരാജ്യങ്ങളും കടക്കുകയാണ്. അത്യാധുനിക ആണവ സാങ്കേതികവിദ്യകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കാൻ തീരുമാനമായി. ഇന്ത്യ നടപ്പിലാക്കിയ ‘ശാന്തി’ നിയമം അന്താരാഷ്ട്ര ആണവ സഹകരണത്തിന് പുതിയ വഴികൾ തുറന്നിരിക്കുകയാണ്. സാങ്കേതിക മേഖലയിൽ, ഇന്ത്യയിൽ ഒരു സൂപ്പർ കമ്പ്യൂട്ടിങ് ക്ലസ്റ്റർ സ്ഥാപിക്കാനും ‘ഡിജിറ്റൽ എംബസികൾ’ എന്ന പുതിയ ആശയം പരീക്ഷിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.
പ്രതിരോധ മേഖലയിൽ ഒരു ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്’ കെട്ടിപ്പടുക്കുന്നതിനായുള്ള താൽപ്പര്യപത്രം ഒപ്പുവെച്ചു. ഇതിനായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സഹകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഭീകരവാദത്തെയും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഉപഗ്രഹ നിർമ്മാണത്തിൽ സഹകരിക്കാനും ധാരണയായി. യുഎഇയിലുള്ള 4.5 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ചർച്ചകളിൽ പ്രധാന വിഷയമായി. ഇതിന്റെ ഭാഗമായി അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഒരു സാംസ്കാരിക പൈതൃക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചു.
മാത്രമല്ല ഗുജറാത്തിലെ ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയണിൽ വിമാനത്താവളം, തുറമുഖം, സ്മാർട്ട് സിറ്റി എന്നിവയുടെ വികസനത്തിൽ യുഎഇ പങ്കാളിയാകും.
Story Highlights : India to buy 5 lakh tonnes of LNG from the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




