ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി
നിതിൻ നബിനെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട് അഭിവാദ്യമർപ്പിച്ചപു. ജെ പി നദ, രാജ് നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ അഭിനന്ദിച്ചു. ജെ പി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്. അമിത് ഷാ, ജെ പി നദ്ദ എന്നിവരുടെ വിശ്വസ്തനായാണ് നിതിൻ നബിൻ അറിയപ്പെടുന്നത്.
ബിജെപിയിൽ തലമുറ മാറ്റം ലക്ഷ്യം വെച്ചാണ് 45-കാരനായ നിതിൻ നബിനെ കഴിഞ്ഞ ഡിസംബറിൽ ദേശീയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയും ബിഹാർ സംസ്ഥാന അധ്യക്ഷനുമായി പ്രവർത്തിച്ച നിതിൻ ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്.
Read Also: ‘ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല, തമിഴ്നാട്ടിൽ BJP അധികാരത്തിലെത്തും’; ശരത് കുമാർ
കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ബി ജെ പിയുടെ 12-ാമത് ദേശീയ അധ്യക്ഷനു മുന്നിലുള്ള വെല്ലുവിളി. കോൺഗ്രസ് ഭരണത്തിലായിരുന്ന ഛത്തീസ്ഗഡിൽ ബിജെപിയുടെ സംസ്ഥാന ചുമതലക്കാരനായി പ്രവർത്തിച്ച നിതിൻ, അപ്രതീക്ഷിത വിജയത്തിലൂടെ പാർട്ടിയെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനും യുവനേതൃത്വത്തെ വളർത്തിയെടുക്കാനുമുള്ള ദൗത്യമാണ് നിതിന് പാർട്ടി നേതൃത്വം നൽകിയിട്ടുള്ളത്.
ബിജെപി നേതാവും മുൻ എംഎൽഎയുമായിരുന്ന അന്തരിച്ച നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിതിൻ, 2006-ൽ പിതാവിന്റെ മരണത്തെത്തുടർന്നാണ് രാഷ്ട്രീയത്തിൽ സജീവമായത്. പട്ന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചായിരുന്നു അരങ്ങേറ്റം. ബിഹാറിലെ ബങ്കിപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎൽഎയായ നിതിൻ ബിഹാർ നീതീഷ് കുമാർ സർക്കാരിൽ പൊതുഗതാഗതം, നഗരവികസനം, നിയമം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights : Nitin Nabin era set to begin for BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




