ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും തിരുവനന്തപുരം; ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കം
ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും തിരുവനന്തപുരം. ജനുവരി 31ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആവേശകരമായ തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ( India-New Zealand T20 match ticket sales begin)
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പതിനാലാം രാജ്യാന്തര മത്സരമായിരിക്കുമിത്. ഇന്ത്യ – ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാമത് മത്സരത്തിനാണ് ജനുവരി 31ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ടിക്കറ്റ് വില്‍പ്പനയ്ക്ക് പൃഥ്വിരാജ് സുകുമാരന്‍ തുടക്കം കുറിച്ചു.
Read Also:കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയെന്ന് വിലയിരുത്തൽ; ഒരുക്കങ്ങൾ വിലയിരുത്തി ദേശീയ നേതൃത്വം
കുട്ടിക്കാലം മുതല്‍ താന്‍ ക്രിക്കറ്റ് ഭ്രാന്തനെന്ന് പൃഥ്വിരാജ് പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. പ്രേമിക്കുന്ന സമയത്ത് ഭാര്യ ആദ്യമായി വാങ്ങി തന്നത് ക്രിക്കറ്റ് ബാറ്റാണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഐക്കോണിക് സ്റ്റേഡിയം ആകാനുള്ള പൊട്ടെന്‍ഷ്യല്‍ ഉണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതലായി ഗ്രീന്‍ഫീല്‍ഡിന് കിട്ടട്ടെ. ലോകകപ്പിന് മുമ്പായി നമ്മുടെ പ്ലേയേഴ്‌സിനെ ടെസ്റ്റ് ഔട്ട് ചെയ്യാന്‍ പറ്റുന്ന അവസാന മാച്ചാണ്. ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ ഉറപ്പായും 5 ടിക്കറ്റ് വാങ്ങിയേനെ. തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് പ്രേമം ജനുവരി 31ന് ലോകം അറിയട്ടെ – അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് പ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര മത്സരം കാണാന്‍ കഴിയുന്ന സുവര്‍ണ്ണ അവസരമാണ് കെസിഎ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക.അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് ticketgenie മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. സ്റ്റേഡിയത്തിന്റെയും പിച്ചിന്റെയും
നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ ആണെന്നും കായികപ്രേമികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉറപ്പുവരുത്തുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജിത്ത് വി നായര്‍ പറഞ്ഞു.
കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ ട്രഷറര്‍ അജിത് കുമാര്‍, ചലച്ചിത്രതാരം നന്ദു, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Story Highlights : India-New Zealand T20 match in Thiruvananthapuram ticket sales begin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




