‘CPIM വർഗീയ വിഷം തുപ്പുന്നു; കാസർഗോട്ടെയും മലപ്പുറത്തെയും ജനങ്ങൾ പേര് നോക്കിയല്ല വോട്ട് ചെയ്യുന്നത്’; എംകെ മുനീർ
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിന് എതിരെ മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനീർ. സജി ചെറിയാൻ മാത്രമേ സ്ഥാനാർത്ഥിയുടെ പേര് നോക്കി വോട്ട് ചെയ്യണം എന്ന് പറയുന്നുള്ളൂ. കാസർഗോട്ടെയും മലപ്പുറത്തെയും ജനങ്ങൾ പേര് നോക്കിയല്ല വോട്ട് ചെയ്യുന്നതെന്നും എംകെ മുനീർ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ സ്വന്തം സമുദായം പോലും ഉൾക്കൊള്ളുന്നില്ലെന്നും എം കെ മുനീർ ട്വന്റിഫോറിനോട് പറഞ്ഞു.
മാറാട് കലാപത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന വിമർശനം ഉയർന്നിരുന്നെന്ന് പറഞ്ഞ മുനീർ, തലശ്ശേരി കലാപത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്നും ആരോപിച്ചു. ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ് മാറാട് കലാപം ഉണ്ടായത്. യുഡിഎഫ് വന്നാൽ തങ്ങൾ പ്രതിപക്ഷത്താകും, ഇവിടെ കലാപം ഉണ്ടാകും എന്നാണ് ബാലൻ പറഞ്ഞത്. അതാണ് ജനങ്ങൾ തിരിച്ചറിയേണ്ടതെന്ന് എംകെ മുനീർ പറഞ്ഞു.
എൽഡിഎഫിന് സെലക്ടീവ അംനേഷ്യയാണെന്ന് അദേഹം കുറ്റപ്പെടുത്തി. ചിലത് മാത്രം ഓർക്കുന്നത് ഒരു രോഗം. സിപിഐഎമ്മുകാരുടെ കുപ്പായം അഴിച്ചു നോക്കിയാൽ വെൽഫെയർ പാർട്ടിയുടെ പതാക തോളിൽ ഏന്തിയതിന്റെ തഴമ്പ് കാണാം. ആ തഴമ്പ് നോക്കിയിട്ട് മതി മറ്റുള്ളവരെ വിമർശിക്കാൻ. വെൽഫെയർ പാർട്ടിയുമായി മുന്നണിയില്ല. വെൽഫെയർ പാർട്ടിക്ക് അമിത പ്രാധാന്യം നൽകുന്നത് സിപിഐഎമ്മാണ്. കേരളത്തിന്റെ ഗതി നിശ്ചയിക്കാൻ കഴിവുള്ളവരെന്ന് വെൽഫെയർ പാർട്ടിയെ പ്രശംസിക്കുന്നു. അങ്ങനെ പറയുന്ന മാർക്സിസ്റ്റ് പാർട്ടിയാണ് സൂക്ഷിക്കേണ്ടതെന്ന് എംകെ മുനീർ പറഞ്ഞു.
Read Also: നിയമസഭ തിരഞ്ഞെടുപ്പ്: വയനാട്ടിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ
വെള്ളാപ്പള്ളി നടേശൻ ചരിത്രം പഠിക്കണമെന്ന് അദേഹം പറഞ്ഞു. ശ്രീനാരായണഗുരു ആദ്യ ലോക മത സമ്മേളനം നടത്തിയപ്പോൾ ആരൊക്കെ പങ്കെടുത്തു. വക്കം അബ്ദുൽ ഖാദർ മൗലവിയും കെഎം സീതി സാഹിബ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശൻ പ്രതിനിധീകരിക്കുന്ന സമുദായം പോലും ലീഗിന് വോട്ട് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം സമുദായം പോലും ഉൾക്കൊള്ളുന്നില്ല. ശ്രീനാരായണഗുരു എവിടെ നിൽക്കുന്നു. വെള്ളാപ്പള്ളി നടേശൻ എവിടെ നിൽക്കുന്നുവെന്ന് എംക മുനീർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് ഒരുങ്ങിക്കഴിഞ്ഞുവെന്ന് എംകെ മുനീർ വ്യക്തമാക്കി. ലീഗിന് കൂടുതൽ സീറ്റുകൾ വേണോ എന്നത് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. തർക്കങ്ങളിലേക്ക് പോകാതെ സ്ഥാനാർത്ഥിനിർണയം നടത്തും. പാണക്കാട് സാദിഖ് അലി തങ്ങൾ ഉചിതമായ തീരുമാനമെടുക്കും. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും. പിന്മാറാൻ പറഞ്ഞാൽ മാറിനിൽക്കും. വനിതകൾക്കും യുവനിരക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് എംകെ മുനീർ വ്യക്തമാക്കി.
Story Highlights : Muslim League leader MK Muneer Against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




