കച്ചവടക്കാരന്റെ മനസ്സാണ് സാബു എം ജേക്കബിന്; കുന്നത്തുനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം, മുഹമ്മദ് ഷിയാസ്
ട്വന്റി -20യ്ക്ക് വോട്ട് ചെയ്തവരെ പണയംവെക്കുന്ന പരിപാടിയാണ് സാബു എം ജേക്കബ് ചെയ്തതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. ജനങ്ങളുടെ വോട്ട് വാങ്ങിയെടുക്കാനുള്ള ഒരു കച്ചവടക്കാരന്റെ മനസ്സായിരുന്നു സാബുവിനുണ്ടായിരുന്നത് അത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മനസ്സിലാക്കി. ട്വന്റി -20 എല്ലായിടത്തും മത്സരിച്ചു എന്നിട്ട് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
തന്റെ കമ്പനിയെ രക്ഷപ്പെടുത്താൻ ജനങ്ങളുടെ വോട്ട് പണയപ്പെടുത്തി സാബു ജേക്കബ് കുന്നത്തുനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം. തന്റെ വ്യവസായത്തിന്റെ നിലനിൽപ്പിനുവേണ്ടിയായിരുന്നു സാബു അരാഷ്ട്രീയവാദം പറഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ച ട്വന്റി -20 അംഗങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കില്ല. അവരെ കോൺഗ്രസ് ഒപ്പം നിർത്തും. അവരുമായി ചർച്ചകൾ നടത്തും. ഇത്രാൾ സാബുവിനെയും ട്വന്റി -20യെയും സംരക്ഷിച്ച സിപിഐഎം മറുപടി പറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി – 20ക്ക് വലിയ പോറൽ ഏറ്റില്ലെങ്കിലും പ്രതീക്ഷിച്ച മിന്നും വിജയം ഉണ്ടായില്ലെന്ന് പറയാം. കിഴക്കമ്പലവും ഐക്കരനാടും നിലനിർത്തിയപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. തിരുവാണിയൂർ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ ആയത് നേട്ടമായി. തൃക്കാക്കര നഗരസഭയിൽ ട്വന്റി- 20 അക്കൗണ്ട് തുറന്നെങ്കിലും കൊച്ചി കോർപ്പറേഷനിൽ ചലനം ഉണ്ടാക്കാനായില്ല. കൂട്ടിയും കിഴിച്ചും ഇങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആയുധങ്ങൾ മിനുക്കുന്നതിനിടെയാണ് എൻഡിഎ മുന്നണി പ്രവേശനം . ട്വൻറി- 20 എന്ന കൂട്ടായ്മ രൂപപ്പെട്ടത് മുതൽ എതിർക്കുന്ന സിപിഐഎമ്മും കോൺഗ്രസും പുതിയ കൂട്ടുകെട്ടിനെതിരെ രംഗത്തുവന്നു. സാബു എം ജേക്കബ് ബിജെപിയുടെ ഏജൻറ് ആയാണ് പ്രവർത്തിച്ചതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പ്രതികരിച്ചു. ട്വന്റി 20 – എൻഡിഎ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പുതിയ രാഷ്ട്രീയ വാക്പോരും ചലനങ്ങളും സൃഷ്ടിക്കാം.
Story Highlights : Sabu M Jacob should apologize to the people of Kunnathunadu, says Muhammed Shias
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




