Advertisement

‘സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സോണിയാ ഗാന്ധിയെന്നോ? മന്ത്രിമാര്‍ സമനില തെറ്റിയതുപോലെ സംസാരിക്കുന്നു, നിങ്ങളുടെ നേതാക്കളാണ് അറസ്റ്റില്‍’; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

January 22, 2026
Google News 3 minutes Read
vd satheesan replay to ministers on sabarimala gold theft

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സോണിയാ ഗാന്ധി- പോറ്റി കൂടിക്കാഴ്ച ഉയര്‍ത്തിക്കാട്ടിയ മന്ത്രിമാര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരാള്‍ കേസില്‍ പ്രതിയായാല്‍ ജീവിതകാലത്ത് അയാള്‍ക്കൊപ്പം ഫോട്ടോയെടുത്തവരെല്ലാം പ്രതിയാകുമെന്ന് പറയുന്നത് മണ്ടത്തരമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയും പോറ്റിക്കൊപ്പം ഫോട്ടോയെടുത്തില്ലേ എന്നും മുഖ്യമന്ത്രി കേസില്‍ പ്രതിയെന്ന് തങ്ങള്‍ ആരോപിച്ചോ എന്നും വി ഡി സതീശന്‍ ചോദിച്ചു. (vd satheesan replay to ministers on sabarimala gold theft)

സഭയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, എം ബി രാജേഷ് മുതലായവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. സോണിയ ഗാന്ധിയെക്കാണുമ്പോള്‍ പോറ്റി ഏതെങ്കിലും കേസില്‍ പ്രതിയായിരുന്നോ എന്നും സോണിയാ ഗാന്ധിയെ കാണാന്‍ എത്രയോ പേര്‍ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേവലം ഫോട്ടോയെടുത്തതിന്റെ പേരിലല്ല. കൊള്ളയിലെ പങ്ക് സംശയിക്കുന്നതിനാലാണ്. സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്ന് പറയുന്ന മന്ത്രിമാര്‍ സംസാരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയാണ്. എല്ലാവരും അറിയുന്ന സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ കേസില്‍ പിടിയിലാകുമ്പോഴും സോണിയാ ഗാന്ധിയെക്കുറിച്ചാണ് മന്ത്രിമാര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: സ്വര്‍ണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോണ്‍ഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവന്‍കുട്ടി; സഭയില്‍ പാരഡിപ്പോര്

സഭയില്‍ ചര്‍ച്ച ആവശ്യമില്ലെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് എസ്‌ഐടിക്ക് മേലുള്ള സമ്മര്‍ദം അവസാനിപ്പിക്കണം. സ്വര്‍ണക്കൊള്ളയില്‍ മന്ത്രി വാസവനും മുന്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്തിനും ഗൗരവതരമായ ഉത്തരവാദിത്തമുണ്ട്. സിപിഐഎമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : vd satheesan replay to ministers on sabarimala gold theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here