കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; ഒന്നാം പ്രതി വിഷ്ണുവിന് മുൻകൂർ ജാമ്യമില്ല
തിരുവനന്തപുരം കിളിമാനൂരിൽ ഥാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണുവിന് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ്. വാഹനം ഇടിച്ചിട്ട ശേഷം ദമ്പതികളെ ആശുതിപത്രിയിൽ എത്തിക്കാൻ വിഷ്ണു ശ്രമിച്ചില്ല ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് കോടതിയുടെ നിരീക്ഷണം ഇതേ തുടർന്നാണ് മുൻകൂർ ജാമ്യം നിഷേധിച്ചതും.
ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂർ പാപ്പാല ജംഗ്ഷനിൽ വച്ച് രജിത്ത് അംബിക ദമ്പതികൾ അപകടത്തിൽപ്പെട്ടത്. മദ്യപിച്ച് പ്രതികൾ ഓടിച്ച ഥാർ വാഹനമിടിച്ച് ആയിരുന്നു അപകടം.അംബിക അപകടം നടന്ന് മൂന്ന് ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് നൽകിയിരുന്നു. പിന്നീട് ഇയാളെ അന്ന് തന്നെ പൊലീസ് ജാമ്യം നൽകി വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേർക്കെതിരെ കിളിമാനൂർ പൊലീസ് ഒരു നടപടിയുമെടുത്തില്ല.
സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നതിനാൽ പൊലീസ് സംരക്ഷിക്കുന്നു എന്നുള്ള ആരോപണമാണ് ഉയർന്നത്. ഇതിനിടെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വാഹനം കത്തിക്കാൻ ശ്രമിച്ചതും ദുരൂഹത വർദ്ധിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ യാതൊരുവിധ നടപടിയും കിളിമാനൂർ പൊലീസ് എടുത്തിരുന്നില്ല. മാത്രമല്ല സ്റ്റേഷനിൽ എത്തിയ രജിത്തിന്റെ ബന്ധുക്കളെ ഉദ്യോഗസ്ഥരാക്ഷേപിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒത്തു കളിക്കുന്നുവെന്ന വാർത്ത ട്വന്റി ഫോർ വാർത്താസംഘമാണ് പുറംലോകത്ത് എത്തിച്ചത്.
കുടുംബത്തിനുണ്ടായ ദുരനുഭവത്തെ കുറിച്ചും അപകടത്തെ പറ്റിയും മരണത്തിനു മുമ്പ് രജിത് ട്വന്റി ഫോറിലൂടെ കഴിഞ്ഞ 15ന് പ്രതികരിച്ചിരുന്നു.പിന്നാലെയായിരുന്നു രജിത്തും മരണത്തിന് കീഴടങ്ങിയത്. തുടർന്നാണ് നാട്ടുകാർ രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനിലടക്കം വലിയ പ്രതിഷേധം സംഘടിപ്പിച്ചത്.വർക്കല ഡിവൈഎസ്പി ഉൾപ്പെടെ എത്തി പ്രതികളെ പിടികൂടുമെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ബന്ധുക്കൾക്ക് ഉറപ്പുനൽകി. പിന്നാലെയാണ് സ്റ്റേഷനിൽ കൂട്ട നടപടി.സ്റ്റേഷൻ എസ് എച്ച് ഒ ബി.ജയൻ,SI അരുൺ, ഗ്രേഡ് SI ഷജിം എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ഇതിനിടെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെ പൊലീസ് ഇന്നലെ പിടികൂടി . നെയ്യാറ്റിൻകര സ്വദേശി ആദർശനിയാണ് അന്വേഷണസംഘം പിടികൂടിയത്. വിഷ്ണുവിനെ ഒളിവിൽപോകാൻ സഹായിച്ചത് ഇയാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Story Highlights : Accidental death of couple in Kilimanoor; No anticipatory bail for first accused Vishnu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




