എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20യില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്
ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എറണാകുളത്ത് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നേതാക്കള്‍ വാര്‍ത്ത സമ്മേളനം വിളിച്ചു. സാബു എം ജേക്കബിന്റെ ഒറ്റയ്ക്കുള്ള തീരുമാനമെന്നും പ്രാദേശിക നേതൃത്വത്തെയും പ്രവര്‍ത്തകരെയും നോക്കുകുത്തിയാക്കിയെന്നുമാണ് വികാരം. (Split in Twenty20 after the entry into the NDA)
ട്വന്റി 20 ജനപ്രതിനിധികള്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു. അത് എല്ലാ പാര്‍ട്ടിയിലും ഉണ്ടാകുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ആശയപരമായി തീരുമാനമെടുക്കുമ്പോള്‍ ഒന്നോ രണ്ടശതമാനം പോയെന്നുവരും. അതൊന്നും ട്വന്റി 20യെ ബാധിക്കില്ല. ഒന്നോ രണ്ടോ ശതമാനം പോകുമ്പോള്‍ പത്തോ നൂറോ ശതമാനം തിരികെ വരും. ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നു – അദ്ദേഹം പറഞ്ഞു.
കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാന്‍ പോകുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. പി വി ശ്രീനിജന്റേത് കമ്മ്യൂണിസ്റ്റുകാരന്റെ പ്രതികരണമാണ്. എന്‍ഡിഎ പ്രവേശന തീരുമാനത്തിന് പിന്നില്‍ ബിസിനസ് താല്പര്യമാണോ എന്നുള്ളത് ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റും എന്തു വേണമെങ്കിലും പറയാനുള്ള അവകാശമുണ്ട്, അവരത് പറഞ്ഞോട്ടെ – അദ്ദേഹം പറഞ്ഞു.
അതേസമയം, ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കാന്‍ സിപിഐഎം. ട്വന്റി 20 പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യം.
വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലേറിയത് ട്വന്റി 20യുടെ പിന്തുണയോടെയായിരുന്നു. എല്‍ഡിഎഫിന് 8, യുഡിഎഫിന് 7, ട്വന്റി 20ക്ക് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില. ട്വന്റി 20 യുഡിഎഫിനെ പിന്തുണച്ചു. അതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. അവിടെ ഇനിയെന്ത് നിലപാടെടുക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുള്‍പ്പടെ ചോദിച്ചത്.
Story Highlights : Split in Twenty20 after the entry into the NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




