Advertisement

കേന്ദ്ര ബജറ്റ് ഇത്തവണ ഞായറാഴ്ചയാ കേട്ടോ…; സര്‍പ്രൈസ് പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

January 23, 2026
Google News 1 minute Read
Budget 2026 Expectations

ചരിത്രത്തിലാദ്യമായി രാജ്യത്ത് ബജറ്റവതരണം ഞായറാഴ്ച നടക്കുമെന്ന പ്രത്യേകതയാണ് ഇത്തവണ ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ചർച്ചയായത്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം, ധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാം ബജറ്റ് എന്നൊക്കെ സ്പെഷ്യാലിറ്റിയുള്ള ബജറ്റ് 2026 ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പത്ത് ബജറ്റുകൾ എന്ന റെക്കോഡിനോട് ഒരു ചുവട് കൂടി അടുക്കുകയാണ് നിർമല സീതാരാമൻ. റെക്കോഡിനൊപ്പമെത്താൻ ഒരു വർഷത്തിന്റെ ദൂരം മാത്രം ബാക്കി.

പോയവർഷം ആദായ നികുതിയിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി മിഡിൽ ക്ലാസിന്റെ മനസിളക്കിയ ധനമന്ത്രി ഇത്തവണ കാത്തുവക്കുന്നതെന്താകും എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. ബജറ്റിലെ നികുതി പ്രഖ്യാപനത്തോടെ മനസിൽ ലഡുപൊട്ടിയ ഇടത്തട്ടുകാർക്ക് ജിഎസ്ടി ഇളവിന്റെ ചോക്ലേറ്റ് മധുരവും നൽകി ധനമന്ത്രി.

ട്രംപിന്റെ തീരുവ ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്ക് മേൽ നിൽക്കുന്നു, ആഗോള ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾ നിക്ഷേപകരെ ആശങ്കയിലാക്കുന്നു, വാണിജ്യ കമ്മി കൂടുന്നു, വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നത് രൂപയുടെ കരുത്ത് കുറയ്ക്കുന്നു… അങ്ങനെ പല വെല്ലുവിളികൾക്കും പ്രാഥമിക പരിഹാരങ്ങളെങ്കിലും ബജറ്റിലൂടെ കാണേണ്ടതുണ്ട് ധനമന്ത്രിക്ക്. പ്രതിസന്ധികളുണ്ടെന്ന് കരുതി വളർച്ച മറക്കാനാവില്ല എന്നതുകൊണ്ട് മുൻപ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ തുടർച്ച ഈ ബജറ്റിലുണ്ടാകും.

ബജറ്റിലെന്താകും എന്നതിനനുസരിച്ചിരിക്കും ഓഹരി വിപണിയുടെ വരും വർഷത്തെ ഗിയർ നിശ്ചയിക്കപ്പെടുന്നത്. വിപണിക്കും നിക്ഷേപകർക്കും ഊർജ്ജം പകരുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷകളിലുണ്ട്. ഉപഭോക്താക്കൾക്ക് സന്തോഷം പകരാനും ഉപഭോഗം കൂട്ടാനുമുള്ള ട്രിക്കുകൾ ധനമന്ത്രിയുടെ ഫയലിലുണ്ടാകും. കഴിഞ്ഞ വർഷം പന്ത്രണ്ടേമുക്കാൽ ലക്ഷം വരെ വരുമാനമുള്ളവർ ആദായ നികുതി നൽകേണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഇത്തവണയും ചില നികുതിയിളവുകൾ നൽകാൻ തയ്യാറായേക്കും. വന്പൻ ഇളവൊന്നും നൽകിയില്ലെങ്കിലും നിലവിൽ 75,000 രൂപയായ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 1 ലക്ഷം രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നികുതി ഇളവ് ലഭിക്കുമ്പോൾ പോക്കറ്റിലെത്തുന്ന പണം സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ആളുകൾ ഉപയോഗിക്കുമെന്നും അത് വളർച്ചക്ക് ആക്കം കൂട്ടുമെന്നുമാണ് വിലയിരുത്തൽ. 30 ശതമാനമെന്ന ഏറ്റവും ഉയർന്ന നികുതി നൽകുന്നത് 24 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരാണ്. ഈ വരുമാന പരിധി ഉയർത്താനുള്ള ഒരു സാധ്യത കാണുന്നുണ്ട്. 24 ലക്ഷമെന്നത് 30 ലക്ഷമോ 50 ലക്ഷമോ ആക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷത്തെ ആദായ നികുതി ഇളവിൽ കണ്ണുമഞ്ഞളിച്ച് 90 ശതമാനത്തോളം നികുതി ദായകർ പുതിയ സംവിധാനത്തിലേക്ക് മാറിയതിനാൽ ഇനി പഴയ സംവിധാനം ഇല്ലെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞാലും അതിശയിക്കാനില്ല. ആഗോള വളർച്ച താഴോട്ടുപോകുന്പോഴും പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിലായിരുന്നു ഇന്ത്യൻ ജിഡിപി. പ്രമുഖ ആഗോള സ്ഥാപനങ്ങളെല്ലാം ഇന്ത്യക്ക് വളർച്ചയുടെ ശുഭ ഭാവി പ്രവചിക്കുന്നുമുണ്ട്. അങ്ങനെ വരുന്പോൾ അതങ്ങ് അരക്കിട്ടുറപ്പിക്കുക എന്നതാകും ധനമന്ത്രിയുടെ അജണ്ട. ഇതിനായി ഉത്പാദന മേഖലയ്ക്കൊരു സ്പെഷ്യൽ കൺസിഡറേഷൻ ധനമന്ത്രി നൽകാനിടയുണ്ട്. എട്ടാം ശന്പളക്കമ്മിഷന് മുൻപേ കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും മുഖത്ത് ചിരി പടർത്താൻ പോന്നതെന്തൊക്കെയോ ധനമന്ത്രി കാത്തുവച്ചിട്ടുണ്ടെന്ന സൂചനകളുമുണ്ട്. എച്ച്ആർഎ, എൽടിഎ അലവൻസുകളിൽ ഇളവുണ്ടായേക്കും. 1961ലെ നികുതി നിയമം ഈ ഏപ്രിലിൽ മാറുന്നതോടെ എച്ച്ആർഎയും എൽടിഎയും നിലനിൽക്കുമോ എന്ന ചോദ്യമുണ്ട്. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും തരത്തിലായിരിക്കും ഈ ഇളവുകൾ അവതരിപ്പിക്കുക.

ബജറ്റ് അവതരിപ്പിക്കുമ്പോൾ ഓഹരി വിപണികൾ അടച്ചിടാൻ പറ്റുമോ. ഇല്ല ഞായറാഴ്ച രാജ്യത്തെ ഓഹരി വിപണികളും പ്രവർത്തിക്കും. പകൽ 11 മണിക്കാണ് ബജറ്റവതരണം. ബജറ്റിലെ ഓരോ പ്രഖ്യാപനത്തോടും നിക്ഷേപകർ എങ്ങനെ പ്രതികരിക്കും എന്ന് ഫെബ്രുവരി ഒന്ന് ഞായറാഴ്ചയിലെ വിപണിയുടെ ചലനങ്ങളിലൂടെ അറിയാം. സാധാരണ സമയക്രമത്തിൽ തന്നെ വിപണികളും പ്രവർത്തിക്കും. കാർഷിക മേഖലയെ ഉണർത്താൻ പി എം കിസാൻ സമ്മാൻ നിധി 6,000 രൂപയിൽ നിന്ന് 8,000 അല്ലെങ്കിൽ 10,000 ആയി കൂട്ടിയേക്കും. റെയിൽ ബജറ്റിൽ യാത്രക്കാരുടെ സുരക്ഷക്കാവും പ്രഥമ പരിഗണന. കൂടുതൽ ട്രെയിനുകളും കോച്ചുകളും പ്രഖ്യാപിക്കുന്നതിനേക്കാൾ നിലവിലുള്ള ട്രാക്കുകളുടെ നവീകരണത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും മുൻഗണന നൽകും. എന്നിരുന്നാലും പുത്തൻ വന്ദേഭാരതും സാധാരണക്കാർക്കായി അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചേക്കും. വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടികളുണ്ടാകുമോ എന്നും ചോദ്യമുണ്ട്. സ്വർണവില അന്തവും കുന്തവുമില്ലാതെ പോകുന്നതിൽ സ്വർണവ്യാപാരികൾ ആശങ്ക അറിയിച്ചുണ്ട്. ജി എസ് ടി 3 ശതമാനത്തിൽ നിന്ന് ഒന്നര ശതമാനാക്കി കുറയ്ക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ പ്രധാന ഇറക്കുമതി ഇനമായ സ്വർണം വാണിജ്യ കമ്മി കൂട്ടുന്നുണ്ട് എന്നത് പരിഗണിച്ച് മുൻപ് കുറച്ച ഇറക്കുമതി തീരുവ കേന്ദ്രം കൂട്ടിയേക്കാൻ സാധ്യതയുണ്ട് എന്ന് ഒരു പക്ഷം പറയുന്നു. എന്നാൽ 15ൽ നിന്ന് ആറിലേക്കു കുറച്ച തീരുവ വീണ്ടും കുറയ്ക്കണമെന്ന് സ്വർണവ്യാപാരികളുടെ സംഘടന ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി തീരുവ കുറച്ചാൽ ആഭ്യന്തര സ്വർണവിലയിൽ കുറവുണ്ടാകും. മൂലധന നികുതി നേട്ടത്തിന് ഇളവ് നൽകിയാൽ സ്വർണം വിൽക്കുന്നവർക്ക് കൂടുതൽ പണം കയ്യിൽ കിട്ടും.

ബജറ്റിന് തലേദിവസം സർക്കാരിന്റെ റിപ്പോർട്ട് കാർഡ് എന്നറിയപ്പെടുന്ന സാമ്പത്തിക സർവേ പാർലമെന്റിൽ വക്കും. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് തയ്യാറാക്കുന്ന വാർഷിക രേഖയാണ് സാമ്പത്തിക സർവേ. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് അറിവ് നൽകുന്ന സാന്പത്തിക സർവേ, ശരിയായ നടപടികളിലേക്ക് കടക്കാൻ സർക്കാരിനെ സഹായിക്കും. എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകില്ലെന്ന് കരുതാം.

Story Highlights : Union Budget 2026 Expectations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here