Advertisement

ട്വന്റി 20 എന്‍ഡിഎയില്‍; വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തില്‍ യുഡിഎഫ് നിലപാടെന്ത്? ചര്‍ച്ചയാക്കി സിപിഐഎം

January 23, 2026
Google News 2 minutes Read
Twenty20

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കാന്‍ സിപിഐഎം. ട്വന്റി 20 പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യം.

വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലേറിയത് ട്വന്റി 20യുടെ പിന്തുണയോടെയായിരുന്നു. എല്‍ഡിഎഫിന് 8, യുഡിഎഫിന് 7, ട്വന്റി 20ക്ക് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില. ട്വന്റി 20 യുഡിഎഫിനെ പിന്തുണച്ചു. അതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. അവിടെ ഇനിയെന്ത് നിലപാടെടുക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുള്‍പ്പടെ ചോദിച്ചത്.

Read Also: ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി

പിന്തുണയുമായി മുന്നോട്ടുപോകുമെന്ന് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റി 20യെ ഘടക കക്ഷിയാക്കുകയോ അവരെ സമീപിച്ചിട്ടോ അല്ല അവര്‍ പിന്തുണ നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അവര്‍ സ്വതന്ത്രമായ നിലപാട് എടുത്തതാണ്. 10 വര്‍ഷക്കാലമായി ഇവിടെ ഭരിക്കുന്ന എല്‍ഡിഎഫ് മാറി നില്‍ക്കണം എന്ന കാഴ്ചപ്പാടോടെ വോട്ട് ചെയ്തതാണ് എന്നാണ് എന്റെ അറിവ്. എന്‍ഡിഎയുടെ ഭാഗമായതിനെ കുറിച്ച് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ അറിയിപ്പും ഞങ്ങള്‍ക്ക് വന്നിട്ടില്ല. സിപിഐഎമ്മും ബിജെപിയും, എസ്ഡിപിഐയുമൊഴിച്ചുള്ള ഏത് കക്ഷികളുടെയും പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. ആ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ല. തീര്‍ച്ചയായും പിന്തുണയുമായി മുന്നോട്ട് പോകും. മറ്റ് രാഷ്ട്രീയ തീരുമാനമൊന്നും ഞങ്ങളുടെ നേതൃത്വമെടുത്തിട്ടില്ല. നേതൃത്വം എന്ത് തീരുമാനമെടുക്കുന്നോ അത് അനുസരിക്കും. – അദ്ദേഹം പറഞ്ഞു.

അതേസമയം, ട്വന്റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കും മുന്നണി പ്രവേശനം. പുത്തരിക്കണ്ടം മൈതാനിയിലെ പൊതുയോഗത്തില്‍ സാബു എം.ജേക്കബ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ട്വന്റി 20യെ എന്‍ഡിഎയില്‍ എത്തിച്ചത് കഴിഞ്ഞ നാലുമാസമായി ബിജെപി നേതൃത്വം നടത്തിയ രഹസ്യനീക്കങ്ങളെന്നാണ് വിവരം.

Story Highlights : What is the UDF’s stance on Vadavucode-Puthencruz panchayat?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here