ട്വന്റി -ട്വന്റി ലോകകപ്പ്; ബഹിഷ്കരണ ഭീഷണിയുമായി പാകിസ്താൻ
ട്വന്റി -ട്വന്റി ലോകകപ്പിൽ ബഹിഷ്കരണ ഭീഷണിയുമായി പാകിസ്താൻ. ടൂർമമെന്റിൽ പങ്കെടുക്കുന്ന കാര്യം പാക് സർക്കാർ തീരുമാനിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മൊഹ്സിൻ നഖ്വി. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി തീരുമാനത്തിൽ പിസിബിക്ക് അതൃപ്തിയെന്നാണ് സൂചന. ഇന്ത്യയിൽ കളിക്കില്ലെന്ന തീരുമാനം ബംഗ്ലാദേശ് ആവർത്തിച്ചതോടെ, സ്കോട്ലൻഡിനെ പകരം കളിപ്പിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ടീമിന് കൈമാറാതെ, 2025 ലെ ഏഷ്യാ കപ്പ് ട്രോഫി ഇപ്പോഴും കൈവശം വച്ചിരിക്കുന്ന നഖ്‌വി ടി20 ലോകകപ്പിൽ നിന്നും പിന്മാറുമെന്ന ഭീഷണി ബംഗ്ലാദേശിന് പിന്തുണ നൽകികൊണ്ടുള്ളതാണ്. “ബംഗ്ലാദേശിനോട് അന്യായമായി പെരുമാറി. ഐസിസിയുടെ ബോർഡ് യോഗത്തിലും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. ഒരു രാജ്യത്തിന് എപ്പോൾ വേണമെങ്കിലും എന്ത് തീരുമാനമെടുക്കാനും മറ്റൊരു രാജ്യത്തിന് നേരെ വിപരീതമായി പ്രവർത്തിക്കാനും കഴിയുന്ന ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കാൻ കഴിയില്ല,” എന്ന് നഖ്‌വി പറഞ്ഞു.
ബംഗ്ലാദേശിനെ ലോകകപ്പ് കളിക്കാൻ അനുവദിക്കണമെന്നും അനീതി കാട്ടരുതെന്നും നഖ്‌വി പറയുന്നു. പാകിസ്താൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം 21-ാം സ്ഥാനത്തുള്ള ഉഗാണ്ടയെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. . ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ് ആവർത്തിച്ചതോയോടെ ടി 20 ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കുകയായിരുന്നു. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്‌ലൻഡ് കളിക്കും. കോടികളുടെ വരുമാനമാണ് ബംഗ്ലാദേശ് ക്രിക്കറ്റിന് ഒറ്റയടിക്ക് നഷ്ടമാകുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനം നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Story Highlights : Pakistan threatens T20 World Cup boycott
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




