‘ഇന്ത്യയ്ക്കു മേൽ അമേരിക്ക ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിൻവലിച്ചേക്കും’; അമേരിക്കൻ ട്രഷറി സെക്രട്ടറി
ഇന്ത്യയ്ക്കു മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ അമേരിക്ക പിൻവലിച്ചേക്കാനിടയുണ്ടെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് കുറച്ചതിനാലാണ് പിഴത്തീരുവ ഇല്ലാതാക്കാൻ ആലോചിക്കുന്നതെന്നും ബെസന്റ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബെസന്റിന്റെ പരാമർശം.
ഇന്ത്യയ്ക്കു മേൽ നിലവിൽ പിഴത്തീരുവ അടക്കം 50 ശതമാനം ഇറക്കുമതി തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാനിരിക്കെയാണ് ബെസന്റിന്റെ പ്രസ്താവന. റഷ്യൻ എണ്ണ ഇപ്പോഴും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്ന് കഴിഞ്ഞദിവസം സ്‌കോട്ട് ബെസന്റ് പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിന് യൂറോപ്പിനെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തി. “യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. അവർ യുദ്ധത്തിന് ധനസഹായം നൽകുകയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ തുടങ്ങി, എന്നാൽ പ്രസിഡന്റ് ട്രംപ് 25% തീരുവ ഏർപ്പെടുത്തി. ഇന്ത്യയും ഇത് കുറച്ചുകൊണ്ട് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി” സ്‌കോട്ട് ബെസന്റ് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Story Highlights : US may withdraw 25% tariff on India says Scott Bessent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




