‘കാൽ നൂറ്റാണ്ടിൻ്റെ സ്വപ്നം, വിഴിഞ്ഞത്തിൻ്റെ ശിൽപി ഉമ്മൻചാണ്ടി’; വി ഡി സതീശൻ
കാൽ നൂറ്റാണ്ടിൻ്റെ സ്വപ്നം, വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
വേദിയിൽ വെച്ച് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിനെയും വിഡി സതീശൻ വിമര്‍ശിച്ചു. കാൽ നൂറ്റാണ്ട് കാലം വിഴിഞ്ഞം സ്വപ്നമായിരുന്നുവെന്നും 2019ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
11 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ല. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഹാര്‍ബറും തുടങ്ങാനായില്ല. ഔട്ടർ റിങ് റോഡ് ആരംഭിക്കാനായില്ല. ഗ്രോത്ത് കോറിഡോർ തുടങ്ങാനായില്ല. എവിടെയാണ് കുറവ് സംഭവിച്ചത് എന്ന് മനസിലാക്കണം. അത് കൂടി പരിഹരിച്ചുവേണം മുന്നോട്ടുപോകാനെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. എത്രയോ പതിറ്റാണ്ടുകളാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം പേറി നടന്നതെന്നും ഒരോ വട്ടവും വലിയ തടസങ്ങളുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു.
2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസ്സങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Story Highlights : v d satheeshan praises oommen chandy on vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




