Advertisement

‘മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖം’; വി വി രാജേഷ്

January 24, 2026
Google News 1 minute Read

മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും ഒരേപോലെ വികസന കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് മേയർ വി വി രാജേഷ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടന വേദിയിലായിരുന്നു മോദി സർക്കാരിനെ പ്രകീർത്തിച്ച് മേയർ സംസാരിച്ചത്.

നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖത്ത് ദൃശ്യമാകുന്നതെന്ന് മേയർ വി വി രാജേഷ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മുൻ മുഖ്യമന്ത്രിമാരെല്ലാം അവരവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം മേയർ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വി വി രാജേഷ് കൂട്ടിച്ചേർത്തു.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. എത്രയോ പതിറ്റാണ്ടുകളാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം പേറി നടന്നതെന്നും ഒരോ വട്ടവും വലിയ തടസങ്ങളുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപ‍ടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു.

2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസ്സങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Story Highlights : v v rajesh praises modi on vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here