‘ഉമര്‍ ഫൈസി മുക്കം ഗുണ്ടയെപോലെ പെരുമാറുന്നു, ഐക്യം തകര്‍ക്കാൻ ആസൂത്രിത ശ്രമം’; വിമർശനവുമായി പി എ ജബ്ബാര്‍ ഹാജി
പാണക്കാട് കുടുംബത്തിനെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമർശത്തിൽ ഉമര്‍ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മലപ്പുറത്തെ ലീഗ് നേതാവ് ജബ്ബാർ ഹാജി. പാണക്കാട് കുടുംബവും മുസ്ലീം ലീഗുമായി സമസ്തക്കുള്ള ബന്ധം വിച്ഛേദിക്കുകയാണ് ഉമർ ഫൈസിയുടെ ലക്ഷ്യം. അതിനൊരു പ്രത്യേക ഉപചാപക സംഘമുണ്ട്. ബാഫക്കി തങ്ങളുടേയും മുഹമ്മദലി ശിഹാബ് തങ്ങളുടേയും ഹൈദരലി ശിഹാബ് തങ്ങളുടേയും പൈതൃകം പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന ഉമര്‍ ഫൈസി മുക്കത്തിന്‍റെ പ്രസംഗത്തിനെതിരെയായിരുന്നു ജബ്ബാര്‍ ഹാജിയുടെ വിമര്‍ശനം.
പാണക്കാട് കുടുംബവുമായി സമസ്ത ചർച്ച ചെയ്തു കാര്യങ്ങൾ തീരുമാനിക്കുണു. ഇതിനെ തുരങ്കം വെക്കാൻ ആണ് ഉമർ ഫൈസി ശ്രമിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല ഗൂഢാലോചനയുടെ ഭാഗമാണ്. പൈതൃക സമ്മേളനം വിഭാഗീയതയുടെ ഭാഗം അല്ല. പാണക്കാട് കുടുംബത്തിന്റെ പൈതൃകം പറയുന്നതിൽ എന്താണ് തെറ്റ്. പൈതൃകം ഉണ്ടായതുകൊണ്ടാണ് പറയുന്നത്.
ഉമർ ഫൈസിക്ക് പല ലക്ഷ്യങ്ങൾ. പാണക്കാട് വിരുദ്ധതയും മുസ്ലീം ലീഗ് വിരോധവുമാണ് ഉമർ ഫൈസിക്ക്. ഇത്തരക്കാർക്ക് സമസ്ത കടിഞ്ഞാൺ ഇടണം, ഇല്ലെങ്കിൽ കാത്തുസൂക്ഷിച്ച പാരമ്പര്യം തകരും. ഇത്തരം സംഭവങ്ങൾ ഇനിയും തുടർന്നാൽ ഞങ്ങളും പ്രതികരിക്കും അത് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുമെന്നും ജബ്ബാർ ഹാജി വ്യക്തമാക്കി.
പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നും ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴി പിഴച്ച് പോയവരെ പരിഗണിക്കാനാകില്ല. സമസ്ത വിലക്കിയവരുമായുള്ള കൂട്ടുകെട്ട് പാടില്ലെന്നുമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ യോഗത്തില്‍ കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.
Story Highlights : umar faizi mukkam criticism over allegation against panakkad family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




