Advertisement

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന്; വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയേക്കും

January 26, 2026
Google News 2 minutes Read
kunjikrishnan

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും. പയ്യന്നൂരിൽ പാർട്ടി ഫണ്ട്‌ ക്രമക്കേടുകളെ കുറിച്ച് വെളിപ്പെടുത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരായി ജില്ലാ സെക്രട്ടറിയേറ്റ് എടുത്ത അച്ചടക്ക നടപടി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്യും. പാർട്ടിയിൽ നിന്ന് പുറത്താക്കാനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം. കമ്മിറ്റി കൂടി അംഗീകരിച്ചാൽ പുറത്താക്കൽ നടപടി ഔദ്യോഗികമായി തന്നെ വിശദീകരിക്കും. പാർട്ടി അന്വേഷിച്ചു തള്ളിയ വിഷയങ്ങൾ പരസ്യമായി ഉന്നയിച്ച് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന വിലയിരുത്തലിൽ ആണ് വി കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. അതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്തു പയ്യന്നൂരിലെ പ്രധാന നേതാക്കളുടെ വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം, പയ്യന്നൂരിലെ അണികൾക്കിടയിലുണ്ടാകുന്ന ചലനങ്ങളും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. പയ്യന്നൂരിലെ ക്രമക്കേടുകളെക്കുറിച്ച് കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം അടുത്താഴ്ചയാണ് പ്രകാശനം ചെയ്യുന്നത്. തട്ടിപ്പുകളുടെ കൂടുതൽ ഉള്ളറകളെപ്പറ്റി തെളിവുസഹിതം വിശദീകരിക്കുന്ന പുസ്തകത്തെയും ഇപ്പോഴും അവശേഷിക്കുന്ന ചോദ്യങ്ങളെയും ന്യായീകരിക്കുക സിപിഎം നേതൃത്വത്തിന് എളുപ്പമാകില്ല.

ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്ന വി കുഞ്ഞികൃഷ്ണന്റെ ഈ വെളിപ്പെടുത്തലാണ് അച്ചടക്ക വാൾ ഓങ്ങാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ​ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുഞ്ഞികൃഷ്ണൻ തെളിവുകൾ സഹിതം രംഗത്തെത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നതിലെ കാലതാമസം മാത്രമാണെന്നുമാണ് സിപിഐഎം ഔദ്യോഗിക നിലപാട്.

Story Highlights : CPI(M) Kannur district committee’s crucial meeting today; V Kunhikrishnan may be expelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here