Advertisement

രക്തസാക്ഷിഫണ്ടിന്റെ കണക്ക് പാര്‍ട്ടി അറിഞ്ഞാല്‍ മതിയോ? കുഞ്ഞികൃഷ്ണനെ ഉത്തമനായ കമ്മ്യൂണിസ്റ്റല്ലെന്ന് പറഞ്ഞ് പുറത്താക്കിയാലും വിവാദം അടങ്ങുമോ?

January 26, 2026
Google News 3 minutes Read
v kunhikrishnan

കണ്ണൂര്‍ സിപിഐഎമ്മില്‍ പ്രതീക്ഷിച്ചതുതന്നെ നടന്നിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നു. കുഞ്ഞികൃ്ഷണനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ വന്‍ പ്രതിഷേധ പ്രകടനമാണ് നടന്നത്. സാധാരണ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടത്തിന് നേതൃത്വം നല്‍കിയതും അണിനിരന്നതും. സ്ത്രീകളടക്കമുള്ളവര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ്. വരും ദിവസങ്ങളില്‍ പയ്യന്നൂരിലെ സിപിഐഎമ്മില്‍ വലിയ പ്രതിഷേധത്തിനുള്ള സൂചനയാണിത്. (fund scam in kannur cpim and action against v kunhikrishnan explained)

പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച ജില്ലാകമ്മിറ്റി അംഗത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. ആരോപണ വിധേയനായ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിക്കുകയാണ്.

രക്തസാക്ഷി ഫണ്ടിലടക്കം വ്യാപകമായ തട്ടിപ്പ് നടന്നുവെന്ന ആരോപണം ഉന്നയിച്ച സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി നടപടി പ്രതീക്ഷിച്ചുതന്നെയാണ് വെളിപ്പെടുത്തലിന് തയ്യാറായത്. അദ്ദേഹം ഇക്കാര്യം നേരത്തെ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ പാര്‍ട്ടിയുടെ എം എല്‍ എയ്ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തില്‍ ദുരൂഹത ഒഴിവാക്കുന്നതിന് പകരം പാര്‍ട്ടി രീതികള്‍ പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനം. രണ്ടുദിവസം നടന്ന ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്കൊടുവിലാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ പരാതിക്കാരന്‍ പുറത്തും ആരോപണവിധേയന്‍ സുരക്ഷിതനുമായി.

പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ മുതിര്‍ന്ന നേതാവ് പുറത്തുകൊണ്ടുവന്ന വന്‍ കൊള്ളയെ ന്യായീകരിക്കുകയും പരാതിക്കാരനെ കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് ചാപ്പ കുത്തി പുറത്താക്കുകയും ചെയ്യുന്നതിനെ പാര്‍ട്ടി അനുഭാവികള്‍ എങ്ങിനെ നോക്കിക്കാണുന്നുവെന്നതാണ് പ്രധാനം. ഇത് സി പി ഐ എമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

രക്തസാക്ഷി ഫണ്ട് എന്നാല്‍ അത് പാര്‍ട്ടി ഫണ്ടാണെന്നും, അതിനാല്‍ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ പൊതുജനങ്ങളെയോ, മാധ്യമങ്ങളേയോ ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവുമില്ലെന്നാണ് സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വാദം. കമ്യൂണിസ്റ്റ് ശൈലിയല്ല വി കുഞ്ഞികൃഷ്ണന്റേത്. സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അത് ശരിയല്ല. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുകയാണ് കമ്യൂണിസ്റ്റ് രീതി. വി കുഞ്ഞികൃഷണന്‍ ഉത്തമനായ കമ്യൂണിസ്റ്റല്ല. അതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയാണെന്നും പാര്‍ട്ടി സെക്രട്ടറി അറിയിച്ചു.

സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സഹകരണ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പണം കണക്കില്‍ ഉണ്ടായില്ലെന്ന് വീണ്ടും വി കുഞ്ഞികൃഷ്ണന്‍ ആരോപണം ആവര്‍ത്തിക്കുകയാണ്. ടി ഐ മധുസൂദനന്‍ കൈപ്പറ്റിയ പണം അക്കൗണ്ടില്‍ അടച്ചിട്ടില്ല. അന്നത്തെ ഏരിയാ സെക്രട്ടറിയാരുന്ന ടി ഐ മധുസൂദനന്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല. കെട്ടിട നിര്‍മാണ ഫണ്ടില്‍ നിന്നും, ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടില്‍ ഉണ്ടായ തട്ടിപ്പ് എന്നിവയിലൊന്നും പാര്‍ട്ടി സെക്രട്ടറി മറുപടി പറഞ്ഞില്ലെന്നാണ് വി കുഞ്ഞികൃഷ്ണന്റെ ആരോപണം. രക്തസാക്ഷി ഫണ്ട് എന്നത് പാര്‍ട്ടി ഫണ്ടാണെന്നുള്ള മറുവാദം ഉന്നയിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് എല്ലാം മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നു പറഞ്ഞത്. അല്ലാതെ പാര്‍ട്ടിയെ തകര്‍ക്കാനല്ല. പാര്‍ട്ടി തകരാതിരിക്കാനാണ് തന്റെ നീക്കം. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുകൊണ്ട് മാത്രം ആരോപണങ്ങള്‍ അവസാനിക്കില്ല. പണം അപഹരിച്ചുവെന്നത് വ്യക്തമായ സാഹചര്യത്തില്‍ കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് ഫണ്ടില്‍ നടത്തിയ തിരിമറിയില്‍ വ്യക്തതവരുത്താന്‍ ജില്ലാ സെക്രട്ടറി തയ്യാറായില്ല. ഒരു കണക്കും മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ വാദം. പാര്‍ട്ടി ഫണ്ടില്‍ തിരിമറിയുണ്ടായോ, ഇല്ലയോ എന്നതിന് വ്യക്തതവരുത്താതെ കുഞ്ഞികൃഷ്ണന്‍ ഉത്തമനായ കമ്യൂണിസ്റ്റല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ പലതവണ പരാതി ഉന്നയിച്ചിട്ടും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.

പാര്‍ട്ടിയില്‍ പലതവണ പരാതികള്‍ ഉന്നയിച്ചെങ്കിലും കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. അന്വേഷണ കമ്മീഷന്‍ എന്നത് വിശ്വസിക്കാന്‍ പറ്റാത്ത ഒരു സംവിധാനമാണെന്നും അതിനാലാണ് പൊതുജനങ്ങള്‍ക്കുമുന്നില്‍ വിഷയം അവതിപ്പിക്കുന്നതെന്നുമായിരുന്നു കുഞ്ഞികൃഷ്ണന്റെ വിശദീകരണം. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ മതിയെന്നാണ് കെ കെ രാഗേഷിന്‍െ വാദം.

Read Also: എം വി ജയരാജന്‍ ഉച്ചയ്ക്ക് വന്ന് അര്‍ധരാത്രിയാണ് ഇതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല: തുറന്നടിച്ച് വി കുഞ്ഞികൃഷ്ണന്‍

പാര്‍ട്ടി ഭൂരിപക്ഷ തീരുമാനപ്രകാരം തീരുമാനം കൈക്കൊണ്ടാല്‍ അത് അംഗീകരിക്കുന്നതാണ് ഉത്തമനായ കമ്യൂണിസ്റ്റുകാരന്റെ രീതിയെന്നാണ് കെ കെ രാഗേഷിന്റെ വാദം. ഉച്ചസമയത്ത് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ രാത്രിയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കുന്നവര്‍ കാണുമായിരിക്കും. എനിക്കതിന് കഴിയില്ലെന്നാണ് വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം. പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈ ആവുകയായിരുന്നു കുഞ്ഞികൃഷ്ണന്‍ എന്നും കുഞ്ഞികൃഷ്ണന്‍ ഉത്തമനായ കമ്യൂണിസ്റ്റല്ല, അതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്, വ്യക്തി കൂട്ടായ തീരുമാനങ്ങള്‍ക്ക് കീഴ്പ്പെടണം. ഏത് വിഷത്തിലും പാര്‍ട്ടി കൂട്ടായ തീരുമാനം എടുത്താല്‍ അതിന്റെ കൂടെ നില്‍ക്കണമെന്നാണ് കമ്യൂണിസ്റ്റ് രീതി. വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാവും അത് പുറത്തുപറയുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ല. കമ്യൂണിസ്റ്റ് രീതിലംഘിച്ചതിനാലാണ് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.

എന്നാല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം. ഇതോടെ പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് കൂടുതല്‍ വിവാദ വിഷയമായി മാറുകയാണ്. പാര്‍ട്ടി നടപടി സ്വീകരിക്കുന്നത് കൊല്ലാനല്ലെന്നാണ് കെ കെ രാഗേഷിന്റെ വാദം. നടപടി തെറ്റ് തിരുത്താനാണ്. പരാതികള്‍ ഉയര്‍ന്ന സമയത്ത് ടി ഐ മധുസൂദനന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരേയും പാര്‍ട്ടി നടപടികള്‍ ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് കൂടെ നിര്‍ത്തി. ജില്ലാ കമ്മിറ്റി അംഗമാക്കി. എന്നാല്‍ പിന്നീട് വി കുഞ്ഞികൃഷ്ണന്‍ എത്തപ്പെട്ടത് വലിയ ഗര്‍ത്തത്തിലാണ്. താന്‍ പറഞ്ഞതുതന്നെ നടക്കണം എന്നു ചിന്തിക്കുന്നത് വലിയ തെറ്റായ പ്രവണതയാണ്. പാര്‍ട്ടിയുടെ രീതി പരാതികള്‍ പാര്‍ട്ടിക്കകത്ത് പറയണം എന്നാണ്. പാര്‍ട്ടിക്ക് സുത്യാരതയുണ്ട്. ടി ഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമം നടന്നതെന്നും കെ കെ രാഗേഷ് വ്യക്തമാക്കുന്നു.

എം എല്‍ എയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എം എല്‍ എയ്ക്കിതിരെ ആരോപണമുന്നയിക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ടി ഐ മധുസൂദനനന്റെ യശസിന് കളങ്കമുണ്ടാക്കാനായി നടത്തിയ ഗൂഢാലോചനയാണ് ഫണ്ട് വിവാദം. വിഭാഗീയ താല്പര്യം വച്ചുകൊണ്ട് വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ പാര്‍ട്ടിക്ക് എതിരായി പ്രചരണം അഴിച്ചുവിടുകയാണ് കുഞ്ഞികൃഷണന്‍ ചെയ്തത്. തെറ്റായ ഒന്നിനേയും പാര്‍ട്ടി അംഗകരിച്ചിട്ടില്ല. ഗുരുതരമായ തെറ്റ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോഴും ചേര്‍ത്തു നിര്‍ത്താനാണ് ശ്രമിച്ചത്. അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചു. ബഹുജനങ്ങളേയും പാര്‍ട്ടിയെ സ്നേഹിക്കുന്നവരേയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഇത്തരം ശക്തികളെ ചെറുക്കുമെന്നാണ് കെ കെ രാഗേഷിന്റെ വാദം.

എന്നാല്‍ കെ കെ രാഗേഷിന്റെ മറുപടികേട്ട് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കുഞ്ഞികൃഷണന്റെ പ്രതികരണം. സി പി ഐ എം എം എല്‍ എയ്ക്കെതിരെ ഉയര്‍ന്ന ധനാപഹരണ ആരോപണത്തെ ഏതുവിധേനയും ചെറുക്കാനാണ് പാര്‍ട്ടി തീരുമാനം. തിരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി പ്രചരണത്തിനായി എതിരാളികള്‍ ഇത് ഉപയോഗിക്കും. അതിനാല്‍ വളരെ പെട്ടെന്നുതന്നെ വിവാദത്തിന്റെ മുനയൊടിക്കുന്നതിനുള്ള സംഘടിത നീക്കമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ഇക്കാര്യത്തിലും വ്യക്തതയുണ്ടാക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം.

Story Highlights : fund scam in kannur cpim and action against v kunhikrishnan explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here