Advertisement

കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഒരു ഉന്നത നേതാവ് ?; രക്തസാക്ഷിഫണ്ട് വിവാദം പാർട്ടിക്കകത്ത് ഒതുങ്ങില്ല

January 27, 2026
Google News 1 minute Read

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം സംസ്ഥാനത്താകമാനം കത്തിപ്പടരുകയാണ്. രക്തസാക്ഷി കുടുംബ സഹായ ഫണ്ട് ഉള്‍പ്പെടെ വെട്ടിച്ച നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് പകരം പരാതി ഉന്നയിച്ചയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. ഫണ്ട് വിവാദം തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സിറ്റിംഗ് എം.എല്‍.എയ്‌ക്കെതിരെ ഗൗരവതരമായ ആരോപണം ഉയര്‍ന്നതില്‍ ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ജില്ല കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്‍ ഒരു ഉന്നത നേതാവിന്റെ പിന്തുണയിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സംശയം. പാര്‍ട്ടിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നീക്കം നടത്താനാണ് ഈ നേതാവിന്റെ ശ്രമം. തിരഞ്ഞെടുപ്പ് കാലത്ത് ആരോപണം ഉയര്‍ന്നാല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവും. നേതൃത്വം ഗൗരവത്തോടെ ഇത്തരം വിഷയങ്ങളെ ഏറ്റെടുക്കാനുള്ള മാര്‍ഗം ഇതുമാത്രമാണെന്നാണ് ഈ നേതാവ് ലക്ഷ്യമിടുന്നത്.

ഫണ്ട് വിവാദത്തില്‍ ആരോപണ വിധേയനായ എം.എല്‍.എയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം നിലവില്‍ കൈക്കൊള്ളുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് മാറും. ഉത്തമനല്ലാത്ത കമ്യൂണിസ്റ്റാണ് വി. കുഞ്ഞികൃഷ്ണന്‍ എന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിശേഷിപ്പിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് ചതിയാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചിരുന്നു. എന്നാല്‍ വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്ക് മുന്നില്‍ ഫണ്ട് തട്ടിപ്പ് വിവരം നേരത്തെ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി രൂപീകരിച്ച അന്വേഷണ കമ്മിഷന്‍ ആരോപണം പൂര്‍ണമായും തള്ളുകയും എം.എല്‍.എയ്ക്ക് അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്ക് ഫണ്ട് തട്ടിപ്പ് വിവാദം വളരാന്‍ കാരണമായതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

ഉത്തമനായ കമ്യൂണിസ്റ്റല്ല വി. കുഞ്ഞികൃഷ്ണന്‍ എന്ന കെ.കെ. രാഗേഷിന്റെ ആരോപണത്തിലും പ്രതിഷേധം ശക്തമാണ്. പാര്‍ട്ടി അന്വേഷണം നടത്തി ആരോപണ വിധേയനായ എം.എല്‍.എയെ വെള്ളപൂശിയെന്നാണ് പയ്യന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നത്. പാര്‍ട്ടി നേതൃത്വം ഈ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇത് ഇത്രയും വഷളാവുമായിരുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

പരാതി ഉന്നയിച്ച വേളയില്‍ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതും പിന്നീട് ഒന്‍പത് മാസം പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്നതുമുണ്ടായിരുന്നു. പിന്നീട് ഒരു നേതാവിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍ട്ടിയില്‍ വീണ്ടും സജീവമായത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിക്കപ്പെട്ട അംഗമായിരുന്നു. തുടര്‍ന്ന് കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റി അംഗമായി ഉള്‍പ്പെടുത്തി. ഈ ഘട്ടങ്ങളിലൊക്കെയും നീതി നടപ്പാകുമെന്നും അഴിമതിക്കാരെ തുറന്നുകാട്ടാന്‍ കഴിയുമെന്നുമാണ് കുഞ്ഞികൃഷ്ണന്‍ കരുതിയത്. എന്നാല്‍ ഭൂമാഫിയ സംഘങ്ങളുടെ പിടിയില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അകപ്പെട്ടെന്നാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം. ഇതോടെയാണ് കുഞ്ഞികൃഷ്ണന്റെ പോരാട്ടം കൂടുതല്‍ ശക്തിയാര്‍ജിച്ചത്. പാര്‍ട്ടിക്ക് തെറ്റുപറ്റാതിരിക്കാനാണ് താന്‍ ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും ധാര്‍മികത നിലനിര്‍ത്താനുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നു. ഇതിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.

വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനായി ജില്ലാ സെക്രട്ടറി മുന്നോട്ടുവച്ച ആരോപണങ്ങളെല്ലാം പയ്യന്നൂരിലെ പാര്‍ട്ടി അണികള്‍ തള്ളുകയാണ്. പാര്‍ട്ടി യോഗങ്ങളില്‍ നേരത്തെ തന്നെ വിഷയങ്ങള്‍ ഉന്നയിച്ചിരുന്ന നേതാവാണ് വി. കുഞ്ഞികൃഷ്ണന്‍; അദ്ദേഹത്തിന്റെ പരാതിക്ക് പിന്നില്‍ യാതൊരു ഗൂഢാലോചനയും ഇല്ലെന്ന നിലപാടാണ് കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന വിഭാഗം സ്വീകരിക്കുന്നത്. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇവര്‍. ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന സമീപനം പാര്‍ട്ടിക്ക് ഭാവിയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

പയ്യന്നൂരിലെ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകരും വി. കുഞ്ഞികൃഷ്ണന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ കടുക്കുമെന്നാണ് സൂചന. രക്തസാക്ഷി കുടുംബ സഹായ ഫണ്ടില്‍ നടന്ന വെട്ടിപ്പാണ് പ്രവര്‍ത്തകരെ വികാരപരമായ പ്രതിഷേധത്തിലേക്ക് നയിച്ചത്. വൈകാരികമായാണ് പലരും ഈ തട്ടിപ്പിനെ കാണുന്നത്.

നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്ന അഴിമതികള്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ ആയുധമാക്കാനുള്ള നീക്കവും നടത്തുകയാണ്. നിയമസഭയില്‍ വിഷയം ഉന്നയിച്ചതും ഇതിന്റെ ഭാഗമാണ്. പരാതിക്കാരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ട് തട്ടിപ്പ് തട്ടിപ്പല്ലാതാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനാണ് പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പാര്‍ട്ടി നേതൃത്വത്തിന് ഈ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പാര്‍ട്ടിയിലെ ചില ഉന്നതരുടെ നേതൃത്വത്തില്‍ നടന്ന വെട്ടിപ്പിനെ ജില്ലാ സെക്രട്ടറി ന്യായീകരിക്കുകയാണെന്നും ആരോപണമുണ്ട്.

ജില്ലാ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നപ്പോള്‍ പക്വത കാണിച്ചില്ലെന്നും രക്തസാക്ഷി ഫണ്ട് പാര്‍ട്ടി ഫണ്ടാണെന്നും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നുമുള്ള നിലപാട് പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്തുവെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഈ പരാമര്‍ശം വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Story Highlights : Payyannur martyrs fund scam controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here