Advertisement

മുന്നണി മാറ്റം തടഞ്ഞത് മന്ത്രി റോഷി? സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം കേരളാ കോണ്‍ഗ്രസില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തുമ്പോള്‍

January 28, 2026
Google News 3 minutes Read
cv varghese's audio sparks controversy in kerala congress M

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റനീക്കത്തെ തകര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സ പിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. പാര്‍ട്ടി ഏതെങ്കിലും മുന്നണിയിലേക്ക് പോവുന്നുണ്ടെങ്കിലും അത് അഞ്ച് എംഎല്‍എമാര്‍ ഒരുമിച്ചായിരിക്കുമെന്നും എന്നാല്‍ മുന്നണി മാറ്റ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെനുമാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രതികരണം. സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ ശബ്ദരേഖയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിനയായിരിക്കുന്നത്. ( cv varghese’s audio sparks controversy in kerala congress M)

കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിവിടുന്നുവെന്ന വാര്‍ത്തകള്‍ പരക്കുകയും കോണ്‍ഗ്രസ് നേതൃത്വം കേരളാ കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് നേതൃത്വവുമായി മുന്നണി മാറ്റ ചര്‍ച്ചകള്‍ നടത്തിയെന്നും എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ശക്തമായ എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അത്തരത്തിലൊരു ചര്‍ച്ച ആരുമായും നടത്തിയിട്ടില്ലെന്നും, ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്റെ പ്രതികരണവും വന്നു. കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്ന് മുന്നണി മാറ്റമില്ലെന്നും മറ്റു ചര്‍ച്ചകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും ജോസ് കെ മാണി പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

Read Also: സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ആശ്വാസം; സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി

മുന്നണി മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ സജീവമായ ഘട്ടത്തില്‍ നിഷേധിച്ച് രംഗത്ത് വന്നത് മന്ത്രി റോഷി അഗസ്റ്റിനായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എം യു ഡി എഫിലേക്ക് തിരികെ പോയാല്‍ രണ്ട് എം എല്‍ എമാര്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് മുന്നണി മാറ്റചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. പാര്‍ട്ടി പിളരുമെന്ന സ്ഥിതി വന്നതോടെയാണ് ജോസ് കെ മാണി യൂടേണ്‍ എടുത്തതെന്നായിരുന്നു പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ വ്യക്തമാക്കിയത്. ഇത് ശരിവെക്കുന്നതാണ് ,സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫ് പ്രഖ്യാപിച്ച മൂന്ന് ജാഥകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി ജോസ് കെ മാണിയെ ആണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായ വേളയില്‍ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ജോസ് കെ മാണിയെ മാറ്റുന്നതുള്‍പ്പെടെ സിപിഐഎം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മുന്നണിമാറില്ലെന്ന ഉറപ്പുകിട്ടിയ സാഹചര്യത്തില്‍ ജാഥാ ക്യാപ്റ്റനായി ജോസ് കെ മാണി തന്നെ തുടരുകയായിരുന്നു.

മുന്നണി മാറ്റത്തിനായി ലഭിച്ച അവസരം നേതാക്കള്‍ കളഞ്ഞുകുളിച്ചെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവാതെ സംരക്ഷിക്കുകയെന്ന നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് പുതിയ വിവാദം പടരുന്നത്. കേരളാ കോണ്‍ഗ്രസ് എം ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്നതടക്കമുള്ള സിപിഐഎം നേതാവിന്റെ ആരോപണവും നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കയാണ്. വര്‍ഗീസ് അത്തരത്തില്‍ സംസാരിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണത്തിലുള്ളത്. പണ്ടത്തെക്കാലത്തെ സഖാക്കളെപോലെ വായനാശീലമുള്ള ആളല്ല ഇതെന്ന് തനിക്ക് മനസിലായെന്നും കെ എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം ഒരു പ്രാവശ്യം വായിച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വര്‍ഗീസ് കാലം മാറി സംസാരിച്ചതാണെന്നും 2020 ല്‍ യു ഡി എഫില്‍ നിന്നും പുറത്താക്കിയപ്പോള്‍ തങ്ങളെ സംരക്ഷിച്ചത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായിരുന്നുവെന്നും അതിപ്പോഴും തുടരുകയാണെന്നും ജോസ് കെ മാണി വ്യക്തമാക്കുകയാണ്. യു ഡി എഫിലേക്ക് പോകുന്നുവെങ്കില്‍ അത് അഞ്ച് എം എല്‍ എമാര്‍ക്കൊപ്പമായിരിക്കുമെന്നും ആവര്‍ത്തിക്കുകയാണ് ജോസ് കെ മാണി.

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും, അതിന് തടയിട്ടത് റോഷി അഗസ്റ്റിനാണെന്നുമുള്ള സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ ശബ്ദരേഖ പുറത്തായതില്‍ അസ്വസ്ഥരാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടിയില്‍ മുന്നണി മാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായതോടെയാണ് ജോസ് കെ മാണി വിശദീകരണവുമായി രംഗത്തെത്തിയത്.

Story Highlights : cv varghese’s audio sparks controversy in kerala congress M

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here