ആരോഗ്യരംഗത്തിന്‍റെ ഉന്നമനത്തിന് ഊന്നൽ നൽകുന്ന ബഡ്ജറ്റ്; എസ്.കെ അബ്ദുള്ള
കേരളത്തിലെ ആരോഗ്യരംഗത്തിന്‍റെ ഉന്നമനത്തിന് ഊന്നൽ നൽകുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള. വൈദ്യ ശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലക്കുമുള്ള പദ്ധതി വിഹിതം വർധിപ്പിച്ചത് സ്വാഗതാർഹമാണ്. സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് ബജറ്റിൽ ലഭിച്ച ഉയർന്ന പരിഗണനയായി ഇത് കണക്കാക്കുന്നു. താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതി അഭിനന്ദനാർഹമാണ്. ഇതിലൂടെ കേരളത്തിന്‍റെ ആരോഗ്യരംഗത്തിന് ആഗോള തലത്തിലുള്ള ഖ്യാദിയും അംഗീകാരവും വീണ്ടും വർധിക്കും.
കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുന്നുവെന്നതും സന്തോഷകരമാണ്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) വഴി ദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ, എംപാനൽഡ് സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം, കേരള എമർജൻസി മെഡിക്കൽ സർവിസസ് പ്രോജക്ടിന് കീഴിലെ കനിവ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത് തുടങ്ങിയ പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
Story Highlights : Budget focuses on improving the health sector; S K Abdullah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




