കാര്‍ലോസ് അല്‍ക്കാരസ് ഫൈനലില്‍; പരാജയപ്പെടുത്തിയത് ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസ് ഫൈനലില്‍. സെമിയില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് അല്‍ക്കരാസ് കലാശപ്പോരിനെത്തിയിരിക്കുന്നത്. അഞ്ചുസെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസിന്റെ ജയം. (സ്‌കോര്‍: 6-4, 7-6,6-7,6-7, 7-5). സെമിയില്‍ വന്‍ ആധിപത്യം പുലര്‍ത്തിയാണ് അല്‍ക്കരാസ് തുടങ്ങിയത്. ആദ്യ രണ്ട് സെറ്റുകളിലും അല്‍ക്കരാസ് മിന്നിച്ചതോടെ അലക്സാണ്ടര്‍ സ്വരേവ് പ്രതിരോധത്തിലായി. ആദ്യ സെറ്റ് 6-4 നാണ് അല്‍ക്കരാസ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ സ്വരേവിന്റെ തിരിച്ചുവരവ് കണ്ടെങ്കിലും ടൈ ബ്രേക്കറിലേക്കായിരുന്നു പോയത്. എന്നാല്‍ 7-5 എന്ന സ്‌കോറില്‍ ടൈബ്രേക്കര്‍ കടന്ന അല്‍ക്കരാസ് മിന്നുന്ന പ്രകടനത്തിലൂടെ സെറ്റ് സ്വന്തമാക്കുകയായിരുന്നു.
മത്സരം ഏകപക്ഷീയമായി അവസാനിക്കുമോ എന്ന സാഹചര്യത്തില്‍ നിന്നായിരുന്നു സ്വരേവ് തിരിച്ചടി തുടങ്ങിയത്. അല്‍ക്കരാസിന്റെ ശക്തമായ പ്രതിരോധം മറികടന്ന സ്വരേവ് കളിയിലേക്ക് അതിഗംഭീര തിരിച്ചുവരവ് നടത്തി. ഇതോടെ മൂന്നാം സെറ്റിലും നാലാം സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. രണ്ട് സെറ്റുകളിലും മത്സരം ടൈബ്രേക്കറിലേക്കെത്തി. ഉശിരന്‍ഫോമില്‍ രണ്ടിലും വിജയിച്ചുകയറിയ സ്വരേവ് മത്സരം സമനിലയിലെത്തിച്ചു. അഞ്ചാം സെറ്റിലേക്ക് മത്സരം നീണ്ടതോടെ സെമി പോരാട്ടം ത്രില്ലര്‍ പോരാട്ടമായി മാറി. അല്‍ക്കാരസ് നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നേറുന്ന കാഴ്ച്ച വീണ്ടും കാണാനായി. ഒടുവില്‍ അവസാന സെറ്റില്‍ അല്‍ക്കരാസ് കളി തിരിച്ച് പിടിച്ചു. 7-5 ന് അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. നൊവാക് ജോക്കോവിച്ച്-യാനിക് സിന്നര്‍ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ അല്‍ക്കരാസിന്റെ എതിരാളിയാവുക. അതേ സമയം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്നതോടെ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടവും താരത്തിന് സ്വന്തമാകും.
Story Highlights: Carlos Alcaraz defeats Zverev in Australian Open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




