Advertisement

പി ടി ഉഷയ്ക്ക് നഷ്ടമായത് രക്ഷാകവചം; ശ്രീനിവാസന്‍ ഇനി ഓര്‍മ

January 30, 2026
Google News 3 minutes Read
PT USHA HUSBAND

ഇന്ത്യയുടെ ഒരേയൊരു ഉഷയുടെ ഭര്‍ത്താവ്. ദേശീയ കബഡി താരവും സി.ഐ.എസ്.എഫ്. ഇന്‍സ്‌പെക്ടറുമായിരുന്ന വി.ശ്രീനിവാസന് 1991 ഏപ്രില്‍ 25 മുതലുള്ള ലേബല്‍ അതായിരുന്നു. പി.ടി.ഉഷ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അതില്‍ അഭിമാനിച്ച ചരിത്രമാണ് ശ്രീനിവാസന്റേത്. നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന ശ്രീനിവാസന്‍ ഇന്നു പുലര്‍ച്ചെ അന്തരിച്ചപ്പോള്‍ പി.ടി.ഉഷ പാര്‍ലമെന്റ് സമ്മേളനത്തിന് ന്യൂഡല്‍ഹിയില്‍ ആയിരുന്നു. (Srinivasan passes away)

ഉഷയ്ക്ക് എന്നും കവചം തീര്‍ക്കാന്‍ ശ്രീനിവാസന്‍ ഉണ്ടായിരുന്നു. ഉഷയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തനിക്കു നേരെയാക്കി ശ്രീനിവാസന്‍ ഉഷയെ എക്കാലത്തും സംരക്ഷിച്ചിരുന്നു. ആ രക്ഷാകവചമാണ് ഉഷയ്ക്ക് നഷ്ടമായത്. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ നടത്തിപ്പും ശ്രീനിവാസന്‍ ആയിരുന്നു.

പി.യു.ചിത്ര ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോഴും റോബര്‍ട്ട് ബോബി ജോര്‍ജിനെ ഹൈ പെര്‍ഫോമന്‍സ് കോച്ചായി നിയമിക്കുന്നതിനെ ഉഷ എതിര്‍ത്തുവെന്ന വാര്‍ത്ത വന്ന അവസരത്തിലും പി.ടി.ഉഷയെ വിമര്‍ശിച്ചപ്പോള്‍ ശ്രീനിവാസനുമായി ഇടയേണ്ടിവന്നു. റോബര്‍ട് വിഷയത്തില്‍ ഒരു ടിവി ചാനലില്‍ ഞാന്‍ ശ്രീനിവാസനെതിരെയും സംസാരിച്ചു. തുടര്‍ന്ന് പുതുവല്‍സര ആശംസ നേര്‍ന്ന് ശ്രീനിവാസന്‍ അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. ‘സനിലിന് ഒരു ഹൈ പെര്‍ഫോമന്‍സ് ന്യൂ ഇയര്‍ നേരുന്നു’. പിന്നീട് അടൂരില്‍ ബെന്നി ജോണിന്റെയും സാനി ജോസഫിന്റെയും മകന്റെ വിവാഹ നിശ്ചയത്തിനാണ് വീണ്ടും സംസാരിച്ചു തുടങ്ങിയത്. ഉഷയുടെ കാറില്‍ ആണ് അന്ന് കോട്ടയത്തിനു മടങ്ങിയത്. മുന്‍ അത്‌ലറ്റും ഇപ്പോള്‍ പരിശീലകനുമായ ഹരിദാസും ഒപ്പമുണ്ടായിരുന്നു. ഉഷ എം.പിയായ ശേഷം പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ശ്രീനിവാസന്‍ ചോദിച്ചതും ഉഷ എന്നും ഉഷ തന്നെ, ശ്രീനിവാസനാണ് ഇടയ്ക്ക് മാറ്റം ഉണ്ടാകുന്നതെന്ന് മറുപടി പറഞ്ഞതും ഓര്‍ക്കുന്നു. കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങിപ്പോള്‍ എന്റെ കാല് മുന്‍ സീറ്റില്‍ തട്ടാതെ ഉഷ ശ്രദ്ധിച്ചപ്പോള്‍ ശ്രീനിവാസന്‍ ഓര്‍മിപ്പിച്ചു. ‘ ഉഷയുടെ കരുതല്‍ കണ്ടോ?’.

Read Also: പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

പുത്രന്‍ ഡോ. ഉജ്വലിന്റെ വിവാഹത്തിനാണ് അവസാനം കണ്ടത്. ഉഷയ്ക്ക് 60 വയസ് ആയപ്പോഴും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ആയപ്പോഴും ഞാന്‍ പത്രത്തില്‍ എഴുതിയ ലേഖനങ്ങള്‍ വായിച്ച് ശ്രീനിവാസന്‍ വിളിച്ചിരുന്നു. ഏതാനും ആഴ്ച മുന്‍പ് നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കെട്ടിടവും കളിസ്ഥലവും ഒരുക്കാന്‍ ഉഷയുടെ സഹായം തേടിയപ്പോള്‍ അപേക്ഷ നല്‍കാന്‍ ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞിരുന്നു.

ജപ്പാനിലെ ഏഷ്യന്‍ ഗെയിംസിന് അക്രഡിറ്റേഷന്‍ അയക്കാന്‍ ഉഷ ഓര്‍മിപ്പിച്ചെന്നു പറഞ്ഞ് സന്ദേശം അയച്ചതും ഓര്‍ക്കുന്നു. പി.ടി.ഉഷ തിരക്കിലായതോടെ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല പൂര്‍ണമായും ശ്രീനിവാസന് ആയിരുന്നു. ഉഷ ട്രാക്കില്‍ മടങ്ങിയെത്തിയപ്പോള്‍ പരിശീലന സഹായിയായി ഏറെക്കാലം ഒപ്പമുണ്ടായിരുന്നു. ഇതിനായി സി.ഐ.എസ്.എഫിലെ ജോലി ഉപേക്ഷിച്ചു. ടിന്റു ലൂക്കയും ജിസ്‌ന മാത്യുവും തിളങ്ങി നിന്നപ്പോള്‍ ഉഷയ്ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കണമെന്ന് ശ്രീനിവാസന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം പലപ്പോഴും തുറന്നു പറഞ്ഞിരുന്നു.

മൂപ്പര്‍ എന്ന് ഉഷ പരാമര്‍ശിക്കുന്ന ശ്രീനിവാസന്‍ എന്ന കബഡി താരം ഇനി ഓര്‍മ. പി.ടി. ഉഷയുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

Story Highlights : PT Usha lost her protective shield; Husband Srinivasan passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here