ട്വന്റി -20 ലോകകപ്പ് കളിക്കും; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ച് പാകിസ്താൻ
ട്വന്റി -20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ലോകകപ്പിൽ കളിക്കാൻ പാകിസ്താൻ ടീമിന് പാക് സർക്കാർ അനുമതി നൽകി. ഫെബ്രുവരി 15 നാണ് ഇന്ത്യ-പാകിസ്താൻ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് എ മത്സരത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്നത്.
പാകിസ്താൻ ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ വിസമ്മതിച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ ടൂർണമെന്റിൽ കളിക്കുന്നതിനായി പാക് സർക്കാരിന്റെ അനുമതിക്കായി ടീം കാത്തിരിക്കുകയായിരുന്നു. ലോകകപ്പിൽ പങ്കെടുക്കാൻ അനുമതി നൽകാൻ പാക് സർക്കാർ തീരുമാനിച്ചു. എന്നാൽ ഇന്ത്യക്കെതിരെ മത്സരത്തിന് പാകിസ്താൻ ഇല്ലെന്ന് പാക് ഭരണകൂടം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ പങ്കെടുത്താലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാൻ പാക് ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം. ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും ഐസിസി അഭ്യർത്ഥന നിരസിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പകരം ടൂർണമെന്റിൽ സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്.
Story Highlights : Pakistan boycott T20 World Cup match against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




