ഒരു ശരാശരി ബജറ്റ് കഥ! ‘ജെൻസി’ഫൈഡ് ബജറ്റിൽ ഇത്രയൊക്കെ മതിയോ?
ധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാം ബജറ്റിൽ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു രാജ്യം. ‘യുവശക്തി’ ബജറ്റെന്നും ‘ജെൻ സീ’യിൽ നിന്ന് അഭിപ്രായരൂപീകരണം സമാഹരിച്ചുള്ള ബജറ്റെന്നും പറഞ്ഞുള്ള ബിൽഡ് അപ്പോടുകൂടി ബജറ്റ് തുടങ്ങിയതിനാലാകും വന്പൻ എക്സൈറ്റിങ് ആയൊരു ബജറ്റ് പ്രതീക്ഷിച്ചു. എന്നാൽ അത്രക്കൊരു ഗും ഉണ്ടെന്ന് തോന്നിയില്ല. വലിയ പ്രഖ്യാപനങ്ങളില്ല. ഇംപ്രസീവായ നിരവധി പദ്ധതികളില്ല. എന്തിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് പോലും സ്പെഷ്യലായൊന്നുമില്ല. 2017ലെ ആരോഗ്യനയപ്രഖ്യാപനത്തിൽ പറഞ്ഞത് പോലെ ഇത്തവണയെങ്കിലും ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം രണ്ടര ശതമാനമാക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ചിലപ്പോൾ ദീർഘകാല വികസനം ലക്ഷ്യമിട്ട് വർഷാവർഷം ഒരു സ്ലോ ആൻഡ് സ്റ്റെഡി റേസ് ആയിരിക്കാം ധനമന്ത്രി ഉദ്ദേശിച്ചതെന്ന് കരുതാം. എന്നാലും മൊത്തത്തിൽ ബജറ്റ് കഴിഞ്ഞ ഒരാവേശമങ്ങോട്ട് ഫീല് ചെയ്യുന്നില്ല. എന്നാലൊട്ട് മോശം ബജറ്റെന്ന് പറയാനും പറ്റില്ല. പ്രായോഗികതയുടെ ക്വീൻ എന്നറിയപ്പെടുന്ന ധനമന്ത്രി കഴിഞ്ഞ വർഷത്തെ ആദായ നികുതി ബൊണാൻസയ്ക്കും ജി എസ് ടി ഇളവിനും ശേഷം കുറച്ച് ജാഗ്രതയോടെ നീങ്ങാം എന്ന് കരുതിക്കാണും എന്ന് പറയാമെങ്കിലും എന്തൊക്കെയോ കൂടി ആകാമായിരുന്നു എന്നൊരു തോന്നൽ.
പൊതുകടം കുറഞ്ഞതും ധനക്കമ്മിയുടെ കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതുമൊക്കെ രാജ്യം മെച്ചപ്പെടുന്നു എന്നതിന് തെളിവുകളാണ്. ധനമന്ത്രാലയം കർത്തവ്യ ഭവൻ ആയതിന് ശേഷമുള്ള ആദ്യ ബജറ്റിൽ ധനമന്ത്രി വിഭാവനം ചെയ്തത് മൂന്ന് പ്രധാന കർത്തവ്യങ്ങളാണ്. സുസ്ഥിര വികസനത്തിന് വേഗം പകരുക, ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും അവരെ ഭരണത്തിൽ പങ്കാളികളാക്കുകയും ചെയ്യുക, എല്ലാവരുടെ ഒപ്പം എല്ലാവർക്കും വികസനം എന്ന അജണ്ട ഉൾച്ചേർക്കലിലൂടെ നടപ്പാക്കുക. പകർച്ച വ്യാധികളല്ലാത്ത രോഗങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ കരുത്തായ ബയോ ഫാർമ മേഖലയ്ക്കായി ബയോ ഫാർമ ശക്തി പദ്ധതിയും 10,000 കോടി നീക്കിയിരുപ്പും. ഇതിനായി മൂന്ന് പുതിയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. ഇന്ത്യൻ ഔഷധങ്ങൾക്ക് ആഗോള സ്റ്റാൻഡാർഡും വിപണിയും കണ്ടെത്താൻ ഉപകരിച്ചേക്കും. സെമി കണ്ടക്ടർ വ്യവസായം ലോകത്തെ നയിക്കും എന്ന് പറയുന്ന കാലത്ത് സെമി കണ്ടക്ടർ മിഷൻ 2.0 ക്ക് 40,000 കോടി മാറ്റി വച്ചത് മേഖലയിൽ ഇന്ത്യക്ക് കരുത്ത് പകരും.
സ്പോർട്സ് വികസനത്തിന് ഖേലോ ഇന്ത്യ പദ്ധതിയുണ്ട്. തീർച്ചയായും യുവാക്കളുടെ നിർദേശമാകാം. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ചാന്പ്യന്മാരാക്കുന്നതാണ് മറ്റൊരു പദ്ധതി. വകയിരുത്തിയത് 10,000 കോടി. രാജ്യമൊട്ടാകെയുള്ള എംഎസ്എംഇകൾക്ക് മാർഗനിർദേശം നൽകാൻ പരിശീലനം സിദ്ധിച്ച കോർപറേറ്റ് മിത്രങ്ങൾ. ആ മട്ടിലും നിരവധി പേർക്ക് തൊഴിൽ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അടിസ്ഥാന സൗകര്യ വികസനത്തിന് വന്പൻ തുക മാറ്റിവച്ചിട്ടുണ്ട്. 12.2 ലക്ഷം കോടി. മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടിയുടെ വർധന. ജലഗതാഗത വികസനത്തിനും ഉൾനാടൻ ജലഗതാഗതത്തിനും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചത് ജലസന്പന്നമായ രാജ്യത്തിന് മുതൽക്കൂട്ടായേക്കും. രാജ്യത്തെ ടയർ 2,ടയർ 3, ക്ഷേത്ര നഗരങ്ങളുടെ വികസനമാണ് മറ്റൊന്ന്.
അതിവേഗ റെയിൽ പ്രഖ്യാപനത്തിൽ കേരളത്തെ ഒഴിവാക്കിയെങ്കിലും അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പദ്ധതിയുടെ ഭാഗമാകാനായി. ധനകാര്യമേഖലയുടെ ഉന്നമനത്തിനായി ഹൈ പവർ കമ്മിറ്റി. രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് ഊർജ്ജമാകുന്ന നിർദേശങ്ങൾ സമർപ്പിക്കാനാണ് കമ്മിഷനെ വച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്, വിദ്യാഭ്യാസ മേഖലയ്ക്ക് കമ്മിറ്റി, ആരോഗ്യ മേഖലയിൽ 1 ലക്ഷം AHPകൾ( അനുബന്ധ ആരോഗ്യ പ്രൊഫഷണലുകൾ), ഒപ്ടോമെട്രിയും റേഡിയേഷനുമുൾപ്പെടെ 10 ഡിസിപ്ലിനുകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. ഒന്നര ലക്ഷം പരിശീലനം ലഭിച്ച കെയർ ഗിവേഴ്സ് എന്നാൽ ഒന്നര ലക്ഷം തൊഴിലായി കണക്കാക്കാം. അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകളും ബജറ്റിൽ പറയുന്നു. ഇതൊക്കെ എവിടെയെന്നതിൽ വ്യക്തതയില്ല.
പുതുമയുള്ള മറ്റൊരു പ്രഖ്യാപനം ഓറഞ്ച് ഇക്കോണമിക്കാണ്. Animation, Visual Effects, Gaming, and Comics എന്നീ വിഭാഗങ്ങളുൾപ്പെടുന്ന AVGC മേഖലയ്ക്കാണ് പ്രയോജനം. യുവാക്കൾക്ക് തൊഴിലിനും സംരംഭത്തിനും ഉപകാരമാകും. ഡിസൈൻ വ്യവസായം, 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ, ടൂറിസം മേഖലയ്ക്ക് നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി, 10,000 ടൂറിസം ഗൈഡുകൾക്ക് പരിശീലനം ഇതൊക്കെ തൊഴിലുമുണ്ടാക്കും എന്ന് കരുതാം.
ബജറ്റിലാദ്യമായി രണ്ട് തവണ കേരളം എന്ന് പ്രയോഗിച്ചു എന്നതും പ്രത്യേകതയാണ്. ചോദിച്ച കാര്യങ്ങൾ പലതും കിട്ടിയില്ലെങ്കിലും കേരളത്തെ പാടെ അവഗണിച്ചെന്ന് പറയാനാവില്ല. പേര് പറഞ്ഞ് കിട്ടിയത് രണ്ട് പദ്ധതികളാണ്. അപൂർവ ധാതു കോറിഡോറും കടലാമ സംരക്ഷണ ഗവേഷണ കേന്ദ്രവും. എന്നാൽ പൊതു പ്രഖ്യാപനങ്ങളിൽ കേരളത്തിന് ക്രിയേറ്റീവായി ഉപയോഗിക്കാവുന്ന പലതുമുണ്ട്. നമ്മുടെ തേങ്ങ, കശുവണ്ടി, കൊക്കോ ഇവയൊക്കെ ഉയർന്ന മൂല്യമുള്ള ഉത്പന്ന വിഭാഗങ്ങളിലേക്ക് കൊണ്ടുവരാനാകുന്ന പ്രഖ്യാപനമുണ്ട്. കിനാലൂരിലെ വ്യവസായ വകുപ്പേറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കങ്ങൾ പരിഹരിക്കാനായാൽ ബജറ്റിന് പുറത്ത് എയിംസ് കിട്ടുമെന്നൊരു വാദമുണ്ട്. ആയുർവേദ എയിംസിലൊരെണ്ണത്തിനായി ശ്രമിക്കുകയും ചെയ്യാം. രാഷ്ട്രീയമില്ലെങ്കിൽ കിട്ടേണ്ടതാണ്. ആർആർടിഎസിന്റെ പദ്ധതി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ച് അനുമതി വാങ്ങാൻ ശ്രമിക്കാം. അതിവേഗ റെയിലില്ലാത്തതിന്റെ ക്ഷീണം ആ മട്ടിൽ മാറ്റാം. കേരള സർക്കാർ ചെയ്യേണ്ടത് ഉടനടി ഒരു ചെറു വിദഗ്ധ സംഘത്തെ വെച്ച് കേരളത്തിന് ഉപയോഗിക്കാവുന്ന പദ്ധതികൾ കണ്ടെത്തി ഗുണഭോക്താക്കളെ നിശ്ചയിച്ച് ആ ഗുണഭോക്താക്കൾക്കായി പദ്ധതി നേടിയെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. എല്ലാ ജില്ലകളിലും അനുവദിച്ചിരിക്കുന്നവനിതാ ഹോസ്റ്റലുകളിൽ 14 എണ്ണം കേരളത്തിന് കിട്ടും. ആയുർവേദ മരുന്നുകളുടെ കയറ്റുമതിക്കുള്ള സംവിധാനം ഏർപ്പെടുത്തും എന്ന് പറഞ്ഞിട്ടുണ്ട്. ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഉപയോഗിക്കാനായില്ലെങ്കിൽ പിന്നാർക്ക് എന്ന ചോദ്യമുണ്ട്.
നാളികേരത്തിന്റെ നാടിന് ഏറ്റവും ഗുണമാക്കാം നാളികേര വികസന പ്രത്യേക പദ്ധതി. കശുവണ്ടി കൊക്കോ എന്നിവയ്ക്ക് പ്രത്യേക ബ്രാൻഡ് ഇമേജ് നൽകി കയറ്റുമതിക്കുള്ള നിർദ്ദേശം ഉണ്ട്. അതും കൃത്യമായി ഉപയോഗിക്കാം. തീരദേശ ടൂറിസം വികസനത്തിനു വേണ്ടിയിട്ടുള്ള വലിയ പദ്ധതിയുണ്ട്. തീരമേറെയുള്ള കേരളത്തിന് ഇത് നേട്ടമാക്കാം. ഹെറിറ്റേജ് ടൂറിസത്തിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ആസൂത്രിതമായി ഉപയോഗിക്കാം. 10,000 ടൂറിസ്റ്റ് ഗൈഡുകൾക്ക് പരിശീലനം നൽകുന്നതിലും കോർപറേറ്റ് മിത്രകളായുമൊക്കെ മലയാളി യുവാക്കൾക്ക് തൊഴിൽ നേടാം. മത്സ്യസന്പത്ത് ഏറെയുള്ള കേരളത്തിന് സംഭരണശാലകളിൽ കുറേ നേടാം. കന്നുകാലി വളർത്തലിന് സബ്സിഡി അനുവദിച്ചത് കേരളത്തിലെ മൃഗപരിപാലന മേഖലയ്ക്ക് ഉപകാരപ്പെടും.
മെഡിക്കൽ ടൂറിസവും ബുദ്ധിപരമായി ഉപയോഗിച്ചാൽ നേട്ടമുണ്ടാക്കാം. വനിതാ സംരംഭകർക്കായുള്ള ഷീ മാർട്ടുകൾ മലയാളി വനിതാ സംരംഭകർക്ക് വരുമാനമാർഗമാകും. ഏറെ വിദേശയാത്ര ചെയ്യുന്ന മലയാളികൾക്ക് ടിസിഎസ് കുറച്ചത് ഗുണമായേക്കും. കേരളത്തിലെ ഗ്രാഫിക്സ് ആനിമേഷൻ മേഖലയിലുള്ളവർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഓറഞ്ച് ഇക്കോണമി പ്രഖ്യാപനം സഹായകമാകും. മറ്റൊന്ന് സമർഥ് 2.0 ഖാദി കൈത്തറി മേഖലകൾക്ക് പ്രയോജനപ്പെടും. മത്സ്യ കയറ്റുമതിയിലെ ഇളവ് മേഖലയിലെ കയറ്റുമതിക്ക് ഊർജ്ജമാകും. പതിനാറാം ധനകാര്യ കമ്മിഷൻ നിർദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കായി നൽകുന്ന 1.4 ലക്ഷം കോടി രൂപയുടെ ധനസഹായം കേരളത്തിലും കിട്ടും. 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിലൊരെണ്ണവും ‘ഖേലോ രത്ന’യുടെ പ്രയോജനങ്ങളും എന്ത് വില കൊടുത്തും നേടാൻ ശ്രമിക്കണം.
പൊതുകടം കുറഞ്ഞ സ്ഥിതിക്ക് കടമെടുപ്പ് പരിധി കൂട്ടുമോ എന്ന് കണ്ടറിയണം. പോയ ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലകളിൽ ദീർഘകാല വായ്പ കുറഞ്ഞ പലിശയ്ക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് സംസ്ഥാനം ശ്രമിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. ഇച്ഛാശക്തിയോടെ ആഞ്ഞുപിടിച്ചാൽ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് പ്രഖ്യാപനം ഗുണകരമാക്കാം. രൂപയിൽ ഇവയുടെ മൂല്യം പറയാൻ ഇപ്പോഴാവില്ല എന്നാലും മോശമല്ലാത്തൊരു തുകയ്ക്ക് വകുപ്പുണ്ട്.
നികുതി വിഭാഗത്തിൽ വന്പൻ പ്രഖ്യാപനങ്ങളോ ആദായ നികുതി സ്ലാബുകളിൽ മാറ്റമോ ഇല്ലാതെയായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. വരുന്ന ഏപ്രിലിൽ പുതിയ നികുതി നിയമം വരുന്നതോടെ ലളിതമായ നികുതി ചട്ടക്കൂടിലേക്ക് മാറാനാകുമെന്നാണ് ധനമന്ത്രി പറയുന്നത്. വിദേശ ആസ്തികൾ വെളിപ്പെടുത്താൻ അനുവദിക്കുന്ന പദ്ധതിയും ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ ശിക്ഷയാക്കി കുറച്ചതും മാത്രമാണ് ബജറ്റിന്റെ പാർട്ട് ബിയിൽ പുതുമയെന്ന് പറയാനാകുന്നത്.
പുതിയ ആദായ നികുതി നിയമമാണ് ബജറ്റിന്റെ പാർട്ട് ബിയിൽ പ്രധാന പ്രഖ്യാപനമായി കാണാനാകുന്നത്. ഇത് ഏപ്രിലിൽ നിലവിൽ വരുന്നതോടെ ആദായ നികുതി ഫയലിങ് സാധാരണക്കാർക്ക് പോലും ആയാസരഹിതമാകുമെന്നാണ് ധനമന്ത്രി പറയുന്നത്. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ പുതിയ നിയമത്തിൽ കടുത്ത ശിക്ഷയുണ്ട്. വിദേശ ആസ്തികൾ വെളിപ്പെടുത്താൻ ആറ് മാസം സമയം ലഭിക്കും. ക്രമക്കേടുകളിലുള്ള ശിക്ഷയിലും പിഴയിലും മാറ്റം വരുത്തിയിട്ടുണ്ട്. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ മാത്രമാണ് ശിക്ഷ. ഐടിആർ 1, ഐടിആർ 2 പ്രകാരമുള്ള ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ജൂലൈ 31 വരെ സമയം ലഭിക്കും. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതിയില്ല. വാഹനാപകട ഇൻഷുറൻസിനെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. വിദേശ ഇന്ത്യക്കാർ അവരുതെ സ്ഥാവര വസ്തുക്കൾ കൈമാറ്റം ചെയ്യുന്പോഴുള്ള നികുതി കുറയ്ക്കും.
വിദേശയാത്രയുടെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ടിസിഎസ് 5ൽ നിന്ന് രണ്ട് ശതമാനമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരായ ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന ക്ലൗഡ് സേവനങ്ങൾക്ക് 2047 വരെ ടാക്സ് ഹോളിഡേ ലഭിക്കും. ക്യാപക്സിൽ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യക്കാർക്ക് 5 വർഷത്തേക്ക് നികുതിയിളവുണ്ടാകും. പുതിയ നികുതി സ്കീമിലേക്ക് മാറുന്നവരുടെ ടാക്സ് സ്ലാബിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. വിദേശത്തേക്ക് പണമയക്കുന്നവർക്ക് ആശ്വാസമാകുന്നതാണ് നികുതി കുറയ്ക്കൽ. എയർക്രാഫ്റ്റ് ഭാഗങ്ങൾക്കും 17 അർബുദ മരുന്നുകൾക്കും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്ക് നികുതി കുറയ്ക്കുന്നത് ഓവനുകളുടെ വില കുറയാനിടയാക്കും. വ്യക്തിഗത ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇനി മുതൽ സ്ഥലം വാങ്ങുന്ന വിദേശ ഇന്ത്യക്കാർക്ക് ടാൻ ഇല്ലാതെ സ്വന്തം പാൻ കാർഡ് ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാം. പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാമെന്നതും നികുതി പ്രഖ്യാപനങ്ങളിൽ പെടുന്നു. രാജ്യാന്തര പ്രതിസന്ധികളുടെ കാലത്ത് രാജ്യത്തെ സുസ്ഥിരമാക്കി നിലനിർത്താൻ ബജറ്റിനാകുമോ എന്ന് നോക്കിക്കാണേണ്ടിയിരിക്കുന്നു.
Story Highlights : Union Budget 2026: Is this enough for a ‘gency’fied budget?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




