ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണം ഈ മാസം 11 ന്
“ വിദ്യാർഥികളാണ് ഏത് സമൂഹത്തിന്റെയും ഭാവി. അതുകൊണ്ട് തന്നെ അവരുടെ ഭാവി ഭദ്രമായാൽ അത് രാജ്യത്തിന്റെ ഭാവി ഭദ്രമാക്കും. ഈ ആലോചനയിൽ നിന്നാണ് വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഈ ആശയത്തിന്റെ പൂർത്തീകരണമാണ് അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്. വിദ്യാർഥികൾ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും അവർക്ക് അഭിമാനമുണ്ടാക്കുന്ന വിജയം കരസ്തമാക്കുകയും ചെയ്താൽ അത് സമൂഹത്തിന്റെ ഉന്നതിക്ക് വഴിവയ്ക്കും”- ഡോ. രവി പിള്ള, ചെയർമാൻ, ആർപി ഗ്രൂപ്പ്.
സെക്കന്ററി സ്കൂൾതലം മുതൽ പ്രൊഫഷണൽ കോളേജ്തലം വരെയുള്ള മിടുക്കരായ എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായാണ് രവി പിള്ള ഫൗണ്ടേഷൻ “ ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ ഈ സ്കോളർഷിപ്പിനായി നീക്കി വച്ചിരിക്കുന്നത്. ഓരോ വർഷവും 1501 വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. 10 കോടി രൂപയുടെ സ്കോളർഷിപ്പാണ് ഈ വർഷം വിതരണം ചെയ്യുന്നത്. ഹയർസെക്കൻഡറി തലത്തിൽ 1100 വിദ്യാർഥികൾക്ക് 50,000 രൂപ വീതമാണ് സ്കോളർഷിപ്പായി ലഭിക്കുക. 1,00,000 രൂപ വീതമാണ് ബിരുദ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്. 200 പേർക്കാണ് 1,00,000 രൂപ വീതം ലഭിക്കുക. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 1,25,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. ഈ വിഭാഗത്തിലും 200 പേർക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. പ്ളസ് വൺ വിദ്യാർഥികൾക്കാണ് ഹയർ സെക്കൻഡറി വിഭാഗം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക. ബിരുദ വിഭാഗം സ്കോളർഷിപ്പിന് ഒന്നു രണ്ടും വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ സ്കോളർഷിപ്പിന് രണ്ടാം വർഷ വിദ്യാർഥികൾക്ക്( റെഗുലർ മോഡ്) മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
രക്ഷിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കും രോഗബാധിതരായ രക്ഷിതാക്കളുള്ള വിദ്യാർഥികൾക്കും സംസ്ഥാനതലത്തിൽ കലാ-കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും പ്രത്യേക ഗ്രേസ് മാർക്ക് ലഭിക്കും. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസി മലയാളികളുടെ മക്കൾക്കും 5 ശതമാനം ഭിന്നശേഷിക്കാർക്കുമായി മാറ്റി വച്ചിട്ടുണ്ട്. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ പഠന മികവുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാനാകുക.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സുമായി ചേർന്നാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കുന്നത്. പതിനായിരകണക്കിന് അപേക്ഷകളാണ് ഇത്തവണ ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിനായി ലഭിച്ചത്. ഇതിൽ നിന്ന് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയാണ് അർഹരായ 1501 വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
ഫെബ്രുവരി 11ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രൗഡഗംഭീര ചടങ്ങിൽ വച്ച് ഡോ. രവി പിള്ളയുടെ സാന്നിധ്യത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിക്കാനെത്തും.
Story Highlights : Dr. Ravi Pillai Academic Excellence Scholarship Distribution on the 11th of this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

