സിറ്റിയെ സമനിലയില്‍ കുരുക്കി ടോട്ടനം; അവസാന നിമിഷത്തിലെ ഗോളില്‍ യുണൈറ്റഡിന് വിജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഫുള്‍ഹാമിനെതിരെയായിരുന്നു അവസാന നിമിഷത്തില്‍ വിജയഗോള്‍ കണ്ടെത്തി യുണൈറ്റഡിന്റെ വിജയം. 74-ാം മിനിറ്റില്‍ ബ്രസീല്‍ താരം മാത്തേവൂസ് കുന്‍ഹക്ക് പകരക്കാരനായി എത്തിയ സ്ലോവേനിയന്‍ അറ്റാക്കര്‍ ബെഞ്ചമിന്‍ സെസ്‌കോയുടെ വകയായിരുന്നു 94-ാം മിനിറ്റിലെ വിജയഗോള്‍. മത്സരം തുടങ്ങി 19-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ബ്രസീല്‍ തീരം കസമിറോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ആദ്യപകുതിക്ക് ശേഷം മറ്റൊരു ബ്രസീല്‍ താരം മാത്തേവൂസ് കുന്‍ഹയുടെ വക രണ്ടാം ഗോളെത്തി. 56-ാം മിനിറ്റില്‍ കസമിറോയുടെ പാസിലായിരുന്നു രണ്ടാം ഗോള്‍. തിരിച്ചടിക്കാന്‍ ശ്രമം നടത്തുന്നതിനിടെ 69-ാം മിനിറ്റില്‍ ഫുള്‍ഹാമിന്റെ ജോര്‍ജ് ക്യുവന്‍സ വല ചലിപ്പിച്ചെങ്കിലും വീഡിയോ അമ്പയര്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. എന്നാല്‍ 85-ാം മിനിറ്റില്‍ ഫുള്‍ഹാമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റികിക്ക് അവരുടെ മെക്‌സിക്കന്‍ താരം റൗള്‍ ജെമിനസ് വലയിലെത്തിച്ചു. സ്‌കോര്‍ 2-1. ആറ് മിനിറ്റിന് ശേഷം ഫുള്‍ഹാമിന്റെ സമനിലഗോളുമെത്തി. ഇംഗ്ലീഷ് താരം സെസിഗ്നോന്‍ റയാന്റെ പാസില്‍ ബ്രസീല്‍ താരം കെവിന്‍ സാന്റോസ് ആണ് സമനില പിടിച്ചത്. സമനില പിടിച്ചു നിര്‍ത്താന്‍ പക്ഷേ ഫുള്‍ഹാം താരങ്ങള്‍ക്കായില്ല. ബെഞ്ചമിന്‍ സെസ്‌കോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ കണ്ടെത്തി. മൈക്കല്‍ കാരിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രധാന കോച്ച് ആയി എത്തിയതിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം ജയമാണിത്. എഫ്എ കപ്പിലും കാരിക്കിന്റെ ശിക്ഷണത്തില്‍ യുണൈറ്റഡ് വിജയം കണ്ടെത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി രണ്ട് ഗോള്‍ വഴങ്ങിയത്. ഏര്‍ലിങ് ഹാളണ്ടിന്റെ അസിസ്റ്റില്‍ ഫ്രഞ്ച് താരം മാത്തിസ് ചെര്‍ക്കി 11-ാം മിനുട്ടിലും ബെര്‍ണാഡോ സില്‍വയുടെ പാസില്‍ ഘാന താരം അന്റോണിയോ സെമന്യൂ 44-ാം മിനിറ്റിലുമാണ് സിറ്റിക്കായി വല ചലിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയിലെ 53-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ ഇംഗ്ലീഷ് താരം ഡൊമിനിക് സോളങ്കി ആദ്യ ഗോള്‍ നേടി. പിന്നീട് എഴുപതാം മിനിറ്റിലും അദ്ദേഹം ടോട്ടനത്തിനായി സ്‌കോര്‍ ചെയ്തതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് നിലവില്‍ 47 പോയിന്റാണുള്ളത്. ഇന്നലത്തെ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തി. 41 പോയിന്റാണ് യുണൈറ്റഡിനുള്ളത്.
Story Highlights: Manchester United Manchester city match report in EPL 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




