മമ്മൂക്കയേയും ലാലേട്ടനേയും ചുവടുവയ്പ്പിച്ച ശാന്തമീ രാത്രിയില്‍, പ്രണയമോഹങ്ങള്‍ ഉണര്‍ത്തിയ തുമ്പിപ്പെണ്ണേ വാവ, തലമുറകളുടെ താരാട്ടായി മാറിയ കിലുകില്‍ പമ്പരം…; എസ് പി വെങ്കിടേഷിന് വിട
മലയാള ചലച്ചിത്ര സംഗീത ലോകത്ത് 1990-കളില്‍ സുവര്‍ണ്ണകാലം സൃഷ്ടിച്ച സംഗീത സംവിധായകനാണ് എസ് പി വെങ്കിടേഷ്. നാലു പതിറ്റാണ്ടോളം സിനിമാ സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ചു. മലയാളം എന്നെന്നും ഓര്‍ക്കുന്ന നിരവധി ഗാനങ്ങളാണ് എസ് പി വെങ്കിടേശ് ചിട്ടപ്പെടുത്തിയത്. (music director sp venkatesh profile career)
മാന്‍ഡലിന്‍ വായനക്കാരനായിരുന്ന പഴനിയുടെ മകനായി തമിഴ്നാട്ടില്‍ ജനിച്ച എസ് പി വെങ്കിടേഷ് ഗിത്താര്‍, മാന്‍ഡലിന്‍ വായനക്കാരനായാണ് തന്റെ കലാജീവിതം ആരംഭിച്ചത്. സംഗീത സംവിധായകന്‍ ശ്യാമിന്റെ സഹായിയായി പ്രവര്‍ത്തിച്ച വെങ്കിടേഷ്, ഡെന്നീസ് ജോസഫിന്റെ ശുപാര്‍ശയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ 1986-ലാണ് സ്വതന്ത്ര സംഗീത സംവിധായകനായത്.
പാശ്ചാത്യ ശൈലിയും കര്‍ണ്ണാടക സംഗീതവും മനോഹരമായി സമന്വയിപ്പിക്കാന്‍ വെങ്കിടേഷിന് പ്രത്യേക കഴിവുണ്ടായിരുന്നു. മെലഡികളുടെ രാജകുമാരനായാണ് വെങ്കിടേഷ് അറിയപ്പെട്ടിരുന്നത്. സംഗീത സംവിധാനത്തിനു പുറമേ, മലയാള സിനിമയില്‍ പശ്ചാത്തല സംഗീതത്തിന് പുതിയൊരു മാനം നല്‍കിയവരില്‍ പ്രധാനിയാണ് വെങ്കിടേഷ്. കിലുക്കം, മിന്നാരം, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ഇന്നും ആവേശത്തോടെയാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1990-കളിലെ മിക്ക ആക്ഷന്‍-ത്രില്ലര്‍ സിനിമകളുടെയും ‘പവര്‍ഫുള്‍’ ബി.ജി.എമ്മുകള്‍ക്ക് പിന്നില്‍ എസ് പി വെങ്കിടേഷ് ആയിരുന്നു. 1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വെങ്കിടേഷിന് ലഭിച്ചു. ഗിത്താര്‍, വയലിന്‍ എന്നിവയുടെ ഹൃദ്യമായ ഉപയോഗം വെങ്കിടേഷിന്റെ ഗാനങ്ങളെ വേറിട്ടുനിര്‍ത്തി. തമ്പി കണ്ണന്താനം, പ്രിയദര്‍ശന്‍ എന്നിവരുമായുള്ള കൂട്ടുകെട്ട് അനശ്വരമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചു.
Story Highlights : music director sp venkatesh profile career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




