ബജറ്റുകളില്‍ പ്രവാസികളുടെ കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മറന്നു; വിമര്‍ശനവുമായി സഫാരി സൈനുല്‍ ആബിദീന്‍
ബജറ്റുകളില്‍ പ്രവാസികളുടെ കാര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മറന്നെന്ന വിമര്‍ശനവുമായി മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റും കെഎംസിസി നേതാവുമായ സഫാരി സൈനുല്‍ ആബിദീന്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റിലും ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന കാര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ അയക്കുന്ന പണം രാജ്യത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായകമാണെന്നിരിക്കെ ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുനരാലോചന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Zainul Abideen Safari criticize state and central governments)
പ്രവാസികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളിലുള്ള അപ്രഖ്യാപിത വിലക്ക് അവസാനിപ്പിക്കണമെന്ന് സഫാരി സൈനുല്‍ ആബിദീന്‍ പറഞ്ഞു. അവര്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ട് ഏര്‍പ്പെടുത്തണം. പ്രവാസം കൊണ്ട് രക്ഷപ്പെട്ട ഏതാനും പേരെ നോക്കി ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണുകളില്‍ വിമാന നിരക്കിലെ അന്യായ വര്‍ധനയുണ്ടാകുന്ന കാര്യത്തില്‍ ഇടപെടലുണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം. പ്രവാസി വോട്ടിന്റെ കാര്യത്തില്‍ ഇനിയും കൃത്യമായ നടപടികളായിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യസ്ഥയ്ക്ക് സഹായം നല്‍കുന്ന പ്രവാസികളോടുള്ള ചിറ്റമ്മ നയം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവസാനിപ്പിക്കണം. തിരിച്ചെത്തുന്ന പ്രവാസികളുടെ നൈപുണ്യം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സഫാരി സൈനുല്‍ ആബിദീന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Zainul Abideen Safari criticize state and central governments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




