നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്. മുസ്ലിം ലീഗിന് 27 സീറ്റ് ലഭിക്കും. തിരുവമ്പാടി സീറ്റ് ഒഴിയാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചു. ലീഗ് മത്സരിച്ച കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. കോങ്ങാടിന് പകരം മറ്റൊരു സംവരണ മണ്ഡലം ലീഗിന് കൈമാറും. അതേസമയം കളമശ്ശേരി വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്. കളമശ്ശേരിയുടെ കാര്യത്തിൽ ചർച്ച തുടരാൻ കോൺഗ്രസ് തീരുമാനം.
ആർഎസ്പി അഞ്ച് സീറ്റിൽ മത്സരിക്കും. ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ, മട്ടന്നൂർ എന്നീ സീറ്റുകൾ ആർഎസ്പിക്ക് ലഭിക്കും. മട്ടന്നൂരിനു പകരം കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റും ആർഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ ഇന്നത്തോടെ പൂർത്തിയാക്കാൻ കോൺഗ്രസ് തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് ചർച്ച നടത്തും.
മൂന്ന് സീറ്റ് എങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നാണ് കോൺഗ്രസ് തീരുമാനം. ഇടുക്കി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മണ്ഡലങ്ങൾ ലഭിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിട്ടുനൽകില്ല എന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി തിരുവനന്തപുരത്ത് എത്തി. ഇന്നും നാളെയും കേരളത്തിൽ തുടരുന്ന മിസ്ത്രി പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ അഭിപ്രായം പരിഗണിച്ചതിനുശേഷം മാത്രമായിരിക്കും സാധ്യതാ പട്ടിക തയ്യാറാക്കുക. വിജയസാധ്യത മാനദണ്ഡമാക്കിയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിന് സർവ്വേ ഫലവും പരിഗണിക്കും.
Story Highlights : Congress and Muslim League reach final agreement in Assembly election seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




