Advertisement

കളം നിറഞ്ഞ് പി വി അന്‍വര്‍; ബേപ്പൂരില്‍ മത്സരം കനക്കും

February 4, 2026
Google News 3 minutes Read
pv anvar will be the udf candidate in Beypore| assembly election

സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറുക കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തിലായിരിക്കും. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മന്ത്രി മുഹമ്മദ് റിയാസും, എതിരാളി പി വി അന്‍വറുമാവുന്നതോടെ മത്സരം കടുക്കും. ഇത് പി വി അന്‍വറെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിയെന്നും, രാഷ്ട്രീയമായി അന്‍വറിന് മുന്നോട്ടേക്ക് പോവാന്‍ കഴിയുമോ എന്നുമുള്ള ചോദ്യത്തിനുള്ള ഉത്തരം തേടല്‍ കൂടിയാണ് ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം. സിപിഐഎമ്മിന്റെ ശക്തിദുര്‍ഗമാണ് ബേപ്പൂര്‍. എതിരാളികളെ അങ്ങോട്ടുചെന്ന് പരാജയപ്പെടുത്തുകയെന്ന രീതിയാണ് അന്‍വറിന്റേത്. അന്‍വര്‍ ചോദിച്ചുവാങ്ങിയ സീറ്റാണ് ബേപ്പൂര്‍. അത്രയേറെ ആത്മവിശ്വാസത്തിലാണ് പോരിനിറങ്ങുന്നത്. (pv anvar vs pa muhammed riyas battle in beypore)

കേരളത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പി വി അന്‍വര്‍ നേരത്തെ തന്നെ ബേപ്പൂരില്‍ കളം നിറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ വര്‍ധിത വീര്യത്തോടെയാണ് അന്‍വര്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുകയെന്ന ഏക രാഷ്ട്രീയ ലക്ഷ്യം ഉയര്‍ത്തി യു ഡി എഫില്‍ നിന്നും പി വി അന്‍വര്‍ ചോദിച്ച് വാങ്ങിയ സീറ്റാണിത്. നേരത്തെ യു ഡി എഫിന്റെ കുത്തക സീറ്റായി അറിയിപ്പെട്ടിരുന്ന നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയതിന്റെ ചരിത്രമുണ്ട് അന്‍വറിന്. ആര്യാടന്‍ കോട്ട തകര്‍ത്ത അതേ അന്‍വര്‍ ഇത്തവണ ബേപ്പൂര്‍ കോട്ട തകര്‍ക്കാനുള്ള നീക്കത്തിലാണ്.

Read Also: പച്ചക്കറിയുടേയും പഴങ്ങളുടേയും നിറത്തിലുമുണ്ട് കാര്യം; മീല്‍ കളര്‍ഫുള്ളായാലുള്ള ഗുണങ്ങള്‍ അറിയാം

‘ പിണറായിസത്തിനും മരുമോനിസത്തിനും’ എതിരായ പോരാട്ടമാണ് തന്റെ മത്സരത്തിന്റെ പ്രധാന മുദ്രാവാക്യമെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. ബേപ്പൂരില്‍ രണ്ടാഴ്ചയിലേറെയായി പി വി അന്‍വര്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇത് സിപിഐഎം കേന്ദ്രങ്ങളേയും ആശങ്കപ്പെടുത്തുന്നുണ്ട്. കുത്തക സീറ്റില്‍ തിരിച്ചടിയുണ്ടായാല്‍ എല്‍ ഡി എഫ് ക്യാമ്പിനോട് വിടപറഞ്ഞ അന്‍വര്‍ സിപിഐഎമ്മിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് വീണ്ടും തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്.

നിലമ്പൂരില്‍ രണ്ടുതവണ എല്‍ഡിഎഫിന്റെ ടിക്കറ്റില്‍ വിജയിച്ച് നിയമസഭാംഗമായ പി വി അന്‍വര്‍ പിന്നീട് സിപിഐഎം നേതൃത്വവുമായും മുഖ്യമന്ത്രിയുമായും അകലുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തെത്തിയതോടെ സിപിഐഎം നേതൃത്വം കടുത്ത പ്രതിരോധത്തിലായി. നിരവധി ദിവസങ്ങള്‍ നീണ്ട വാര്‍ത്താ സമ്മേളനങ്ങളില്‍ ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതിയാണ് നടക്കുന്നതെന്നും, പി ശശിയും എഡിജിപി എം ആര്‍ അജിത് കുമാറും ചേര്‍ന്ന് നിരവധി കേസുകള്‍ അട്ടിമറിച്ചെന്നുമായിരുന്നു അന്‍വറിന്റെ ഏറ്റവും പ്രധാന ആരോപണം. ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസും ആര്‍ എസ് എസ് നേതാക്കളുമായുള്ള ബന്ധവും മറ്റും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. തൃശ്ശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആളിക്കത്തി. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്നും സ്വര്‍ണം തട്ടുന്ന പൊലീസ് ഉന്നതരെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ അടക്കം നിരവധി വിഷയങ്ങള്‍ അന്‍വര്‍ വാര്‍ത്താ സമ്മേളനങ്ങളിലൂടെ വെളിപ്പെടുത്തി.

എല്‍ ഡി എഫിന്റെ സ്വതന്ത്ര എംഎല്‍എയായിരുന്ന അന്‍വര്‍ ആദ്യം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് സിപിഐഎമ്മിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഡി എം കെ എന്നൊരു സംഘടന രൂപീകരിച്ചെങ്കിലും കേരളത്തില്‍ മുന്നേറ്റം നടത്താന്‍ ഇതുകൊണ്ടൊന്നും കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും നിലമ്പൂര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതും. ആദ്യഘട്ടത്തില്‍ ഇരുമുന്നണികളോടും അകലം പ്രാപിച്ചെങ്കിലും യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. ഇതോടെ യു ഡി എഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ അന്‍വര്‍ ആരംഭിക്കുകയായിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെതിരെ പരസ്യമായ നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയ അന്‍വര്‍ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ വിജയം നേടാന്‍ കഴിഞ്ഞതോടെ അന്‍വര്‍ വീണ്ടും യുഡിഎഫിലേക്കുള്ള വഴിയന്വേഷണത്തിലായി. തദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് അന്‍വറിന്റെ പാര്‍ട്ടിയേയും സി കെ ജാനുവിന്റെ പാര്‍ട്ടിയേയും അസോസിയേറ്റ് അംഗമാക്കാന്‍ സിപിഐഎം തീരുമാനിച്ചത്. ഈ തിരഞ്ഞെടുപ്പ് പി വി അന്‍വറിനും മന്ത്രി മുഹമ്മദ് റിയാസിനും ഒരുപോലെ നിര്‍ണായകമാണ്. ബേപ്പൂരില്‍ തീപാറുന്ന മത്സരമാണ് അരങ്ങേറുക.

Story Highlights : pv anvar vs pa muhammed riyas battle in beypore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here