ശബരിമല സ്വര്‍ണക്കൊള്ള; ഒന്നാം പ്രതിയായ പോറ്റിയും പുറത്തിറങ്ങി, പ്രതിപക്ഷത്തിന്റെ ആരോപണം സത്യമോ ?
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം. ഇതോടെ പോറ്റിയും പുറത്തിറങ്ങി. നേരത്തെ കേസില്‍ നാലാം പ്രതിയായ മുരാരി ബാബുവും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍
കേസില്‍ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.
എസ് ഐ ടി അന്വേഷണം ഇഴയുകയാണെന്നും, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മനപൂര്‍വ്വം വൈകിപ്പിച്ച് കുറ്റവാളികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉണ്ടാക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഈ ആരോപണവുമായി പ്രതിപക്ഷം കടുത്ത നിലപാടുമായി നീങ്ങവേയാണ് കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിക്കുന്നത്.
സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ് ഐ ടി സംഘം കഴിഞ്ഞ ഒക്ടോബര്‍ 16 നാണ് അറസ്റ്റു ചെയ്യുന്നത്. ദ്വാരപാലക ശില്‍പം മോഷണം നടത്തിയ കേസില്‍ ജനുവരി 21 ന് പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കട്ടിളപാളി കേസില്‍ കൂടി പ്രതിയായതിനാല്‍ പോറ്റി ജയിലില്‍ തുടരുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിക്കുന്നത്.
നഷ്ടപ്പെട്ട സ്വര്‍ണം എത്ര, ഇനി കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ ഇനി ചോദ്യം ചെയ്യേണ്ടിവരും എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. മോഷണം പോയത് എത്ര പവന്‍ സ്വര്‍ണം എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അഞ്ച് പേര്‍ കൂടി അന്വേഷണ സംഘത്തിന് മുന്നില്‍ ഉണ്ടെന്നാണ് മൂന്നാഴ്ച മുന്‍പ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇവര്‍ ആരൊക്കെ, എന്തുകൊണ്ടാണ് അന്വേഷണം ഇവരിലേക്ക് എത്താത്തത് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ബാക്കിയാവുന്നത്.
ശബരിമല സ്വര്‍ണക്കേസില്‍ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എം പത്മകുമാറും, എന്‍ വാസുവും ജയിലില്‍ തുടരുകയാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്തി കണ്ഠരര് രാജീവര് റിമാന്റില്‍ തുടരുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസിനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയിരിക്കയാണ്.
എം പത്മകുമാറിനെയും എന്‍ വാസുവിനേയും രക്തിക്കാനായാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കേസില്‍ ഇനിയും അഞ്ചു പേരെക്കൂടി അറസ്റ്റു ചെയ്യാനുണ്ടെന്നാണ് ദേവസ്വം ബെഞ്ചിനെ എസ് ഐ ടി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷഷണം എത്താത്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നിയമസഭയില്‍ സ്വര്‍ണക്കേസ് പ്രധാന വിഷയമായി പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും ഭരണം പക്ഷം അതിശക്തമായി ആരോപണത്തെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു. കേസന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
ശബരിമല സ്വര്‍ണക്കേസിലെ ഒന്നാം പ്രതിയടക്കം നാലുപേര്‍ ജയില്‍ മോചിതരായത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയ്ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് പോറ്റിയുടെ ജാമ്യം.
Story Highlights : Sabarimala gold theft case; The first accused unnikrishnan Potty, has also been released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




