‘ചോദ്യങ്ങളില്‍ ഇത്രയേറെ പരിഭ്രാന്തിയോ?; സത്യത്തെ ഭയന്ന് പ്രധാനമന്ത്രി നുണകളില്‍ അഭയം തേടുന്നു’; രാഹുല്‍ ഗാന്ധി
ചോദ്യങ്ങളില്‍ പ്രധാനമന്ത്രിക്ക് എന്തിനാണ് പരിഭ്രാന്തിയെന്ന് രാഹുല്‍ ഗാന്ധി. സത്യത്തെ ഭയന്ന് പ്രധാനമന്ത്രി നുണകളില്‍ അഭയം തേടുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതികരണം. (Rahul Gandhi on Modi’s speech in Rajyasabha)
‘ചോദ്യങ്ങളില്‍ ഇത്രയേറെ പരിഭ്രാന്തിയോ? മോദി സത്യത്തെ ഭയപ്പെടുന്നു. നുണകളില്‍ അഭയം പ്രാപിച്ചു. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ ചെയ്തത്.’ – രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാജ്യസഭയില്‍ തന്റെ 97 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തേയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ചിരുന്നു. യുവരാജാവിന് എന്തൊരു അഹങ്കാരമാണെന്നാണ് മോദി രാഹുലിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.
ഇന്ത്യ യുഎസ് വ്യാപാര കരാര്‍ യുവാക്കുകള്‍ക്ക് വന്‍ അവസരങ്ങള്‍ തുറന്നു എന്ന് പ്രധാനമന്ത്രിപറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് ‘കരാര്‍’ എന്ന വാക്കിന്റെ അര്‍ഥം ബൊഫോഴ്സ് ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. സ്‌നേഹത്തിന്റെ കട തുറക്കുന്നവര്‍, മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് മുദ്രാവാക്യം മുഴക്കുന്നു എന്നും വിമര്‍ശനമുണ്ട്.
പ്രതിഷേധിച്ച് തളര്‍ന്നവര്‍ ഇറങ്ങിപ്പോയതുകൊണ്ട് പ്രതിപക്ഷത്തിനു ചോദ്യങ്ങളില്‍ നിന്നു ഓടിയൊളിക്കാന്‍ ആകില്ല. രാജ്യത്ത് എല്ലാ മേഖലയിലും വന്‍ മുന്നേറ്റമാണ്. കായിക, ശാസ്ത്ര രംഗങ്ങളില്‍ ആത്മവിശ്വാസം വര്‍ധിച്ചു. ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണ്. സമ്പദ്‌വ്യവസ്ഥ വളരുകയും പണപ്പെരുപ്പം കുറയുകയുമാണ്. നമ്മുടെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുകയാണ്. ഈ വികസനത്തിനു പിന്നില്‍ രാജ്യത്തിന്റെ നിശ്ചദാര്‍ഢ്യമാണ് – പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് ചൂണ്ടിക്കാട്ടി നടുതളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്‌കരിച്ചു.
അതേസമയം,ലോക്‌സഭയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും,താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രധാനമന്ത്രി സഭയില്‍ വരാതിരുന്നത് എന്നും സ്പീക്കര്‍ ഓം ബിര്‍ള ആരോപിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രസംഗത്തിനുള്ള നന്ദി പ്രമേയം ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി.
Story Highlights : Scared of truth; Rahul Gandhi on Modi’s speech in Rajyasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




