Advertisement

പാര്‍ലമെന്റില്‍ വരരുതെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ചതെന്തുകൊണ്ട്; വിശദീകരണവുമായി സ്പീക്കര്‍ ഓം ബിര്‍ള

February 5, 2026
Google News 2 minutes Read
om birla (1)

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് എതിരെ ഗുരുതര ആരോപണവുമായി സ്പീക്കര്‍ ഓം ബിര്‍ള. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നെന്ന് ഓം ബിര്‍ള പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലോക്‌സഭ വീണ്ടും ചേര്‍ന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് ലോക്സഭ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ച കോലാഹലമുണ്ടായത്. സംഭവത്തില്‍ സ്പീക്കര്‍ ദുഃഖം പ്രകടിപ്പിച്ചു. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേര വളയുന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍ ലോക്സഭയിലേക്ക് വരരുതെന്ന് അദ്ദേഹത്തെ് ഉപദേശിച്ചിരുന്നുവെന്നും ഓം ബിര്‍ള പറഞ്ഞു. ലോകസഭ ചേംബറിനുള്ളില്‍ ചില പ്രതിപക്ഷ എംപിമാര്‍ അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ചില പ്രതിപക്ഷ എംപിമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കുമെന്ന് തനിക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായ വിജോജിപ്പുകള്‍ സാധാരണ പാര്‍ലമെന്റിനകത്തേക്ക് കൊണ്ടുവരാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം എത്തുമായിരുന്നെന്നും അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ഉണ്ടായേക്കാമെന്നും വിശ്വസനീയമായ വിവരം എനിക്ക് ലഭിച്ചു. അത്തരമൊരു സംഭവം നടന്നിരുന്നെങ്കില്‍, അത് രാജ്യത്തിന്റെ അന്തസിന് തന്നെ് ഗുരുതരമായി കോട്ടം വരുത്തുമായിരുന്നു. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ വരരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് – അദ്ദേഹം പറഞ്ഞു.

Read Also: മുട്ടില്‍ മരംമുറി കേസ്: തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് കോടതി

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭ പാസാക്കി. ലോക്‌സഭ നാളെ രാവിലെ 11 മണിവരെ പിരിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

ഇന്ത്യ യുഎസ് വ്യാപാര കരാറും, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചതും പാര്‍ലമെന്റിന്റെ ഇരു സഭകളെയും ഇന്നും പ്രക്ഷുബ്ദമാക്കി. രാവിലെ സമ്മേളിച്ച ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 63 സെക്കന്‍ഡ് മാത്രമാണ് പ്രവര്‍ത്തിക്കാനായത്. 12 മണിക്ക് വീണ്ടും സമ്മേളിച്ച ലോക്‌സഭയില്‍, പ്രധാനമന്ത്രിയുടെ പ്രസംഗം ഒഴിവാക്കി നന്ദി പ്രമേയംശബ്ദ വോട്ടിനിട്ട് പാസാക്കി.

പ്രധാനമന്ത്രിക്കെതിരായ ബാനറുകളും ആയി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്‌സഭ രണ്ടു മണിവരെ പിരിഞ്ഞു.

രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചത് ഉന്നയിച്ചു.മറുപടിയായി എത്തിയ സഭാ നേതാവ് ജെപി നദ്ദ രാഹുലിനെ ബാലന്‍ എന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഭരണപക്ഷം മോദിയുടെ കരാര്‍ തൊഴിലാളികള്‍ എന്നും,ആള്‍ക്കൂട്ട മര്‍ദ്ദനത്തെയും ബലാത്സംഗത്തെയും പിന്തുണയ്ക്കുന്നവരെന്നും ഖര്‍ഗെ പറഞ്ഞു. മറുപടിയുമായി എഴുന്നേറ്റ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേരളത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയതടക്കം ആയുധമാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Story Highlights : Speaker Om Birla says he advised PM not to come to Lok Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here