Advertisement

‘ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട; യുഡിഎഫില്‍ സുരക്ഷിതര്‍’; ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ്

February 6, 2026
Google News 2 minutes Read
mons jose

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. ഞങ്ങള്‍ യുഡിഎഫില്‍ സുരക്ഷിതരാണെന്ന് പാര്‍ട്ടി എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ പറഞ്ഞു. എല്‍ഡിഎഫിലെ തകര്‍ച്ച ജോസ് കെ മാണി വിഭാഗത്തെ ബാധിച്ചു. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ ഗതികേടാണ് പുറത്ത് വരുന്നതെന്നും തങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. (Mons Joseph responds to Jose K. Mani)

അവരുടെ പാര്‍ട്ടിയുടെ ഗതികേടിന് ഞങ്ങളെ കക്ഷിയാക്കേണ്ട കാര്യമില്ല. എല്‍ഡിഎഫില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുമെല്ലാം എല്‍ഡിഎഫ് തോറ്റ് തുന്നംപാടി നില്‍ക്കുന്നയിടത്ത് ജോസ് കെ മാണിയും ആ തകര്‍ച്ചയുടെ ഭാഗമായി. എത്രയും പെട്ടന്ന് അവിടെ നിന്ന് പുറത്ത് ചാടണമെന്നാണ് അവരുടെ അണികള്‍ പറയുന്നത്. ഞങ്ങളിവിടെ യുഡിഎഫില്‍ സുരക്ഷിതമായ, തൃപ്തികരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ആടിക്കളിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. ആ ആടിക്കളിക്ക് ഞങ്ങളില്ല – ജോസ് കെ മാണി പറഞ്ഞു.

Read Also: ‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗമെന്നും യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം കൊടുക്കാം. തറവാട്ടിലേക്ക് അല്ല. അത് അവരുടെ തീരുമാനമാണ് – അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പത്ത് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുയാണ്. പത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിടുന്നതിനെ കുറിച്ച് പോലും ചിന്തിക്കുന്നുണെന്ന് ചില നേതാക്കള്‍ പറഞ്ഞതോടെയാണ് എല്‍ഡിഎഫിലേക്ക് ജോസഫ് വിഭാഗത്തെ ജോസ് കെ മാണി ക്ഷണിച്ചത്.

എല്‍ഡിഎഫിലേക്ക് ക്ഷണിച്ചെങ്കിലും ലയനത്തിന് ജോസ് കെ മാണിക്ക് താത്പര്യമില്ല. തറവാട്ടിലേക്ക് വരേണ്ടെന്നാണ് ജോസിന്റെ നിലപാട്. എന്നാല്‍, ആര്‍ക്കും ആരെയും ക്ഷണിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യുഡിഎഫിലേക്ക് ജോസും കൂട്ടരും പോകുമെന്ന വിവാദം അവസാനിച്ചതിന് പിന്നാലെയാണ് ജോസഫ് വിഭാഗത്തിന്റെ മുന്നണി മാറ്റവും ചര്‍ച്ചയാകുന്നത്.

Story Highlights : Mons Joseph responds to Jose K. Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here