Advertisement

‘ജാഥ അവസാനിക്കുന്നതോടെ കേരളത്തിൽ പിണറായിസവും മരുമോനിസവും അവസാനിക്കുന്നതായി പ്രഖ്യാപിക്കാൻ വി ഡി സതീശന് സാധിക്കട്ടെ’; പി വി അൻവർ

February 6, 2026
Google News 2 minutes Read

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർഗോഡ് കുമ്പളയിൽ നിന്ന് ആരംഭിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക കക്ഷികളുടെ പതാകകൾ കൈമാറിയായിരുന്നു ഉദ്ഘാടനം. ജാഥയിൽ പി വി അൻവർ പങ്കെടുത്തു സംസാരിച്ചു.

കേരളത്തിന്റെ പുതുയുഗത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയ്ക്ക് എല്ലാ ആശംസയും. നഷ്ടപ്പെട്ടുപോയ മതേതര കേരളം തിരിച്ചെടുക്കാൻ ടീം യുഡിഎഫ് നടത്തുന്ന യാത്രയ്ക്ക് എല്ലാ പിന്തുണയും നൽകുന്നു. ജാഥ അവസാനിക്കുന്നതോട് കൂടി കേരളത്തിൽ പിണറായിസവും മരുമോനിസവും അവസാനിക്കുന്നതായി പ്രഖ്യാപിക്കാൻ ജാഥാ ക്യാപ്റ്റന് സാധിക്കട്ടെയെന്നും പി വി അൻവർ പറഞ്ഞു. കേരളം പുതുയുഗത്തിലേക്ക്. ഈ ബഹുസ്വരത, ടീം സ്പിരിറ്റ് എല്ലാം എനിക്ക് പുതിയ അനുഭവമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള അടക്കം പിണറായി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് യാത്രയിലൂടെ യു ഡി എഫ് ലക്ഷ്യമിടുന്നത്. അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ യാത്രയിൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഘടക കക്ഷികളിൽ കൂടുതൽ കെട്ടുറപ്പുണ്ടാക്കാൻ പുതുയുഗ യാത്ര സഹായകരമാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

അണികളെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയും ലക്ഷ്യമിടുന്നു. എല്ലാ ദിവസവും വിവിധ മേഖലകളിലുള്ള സാധാരണക്കാരുമായി മുഖാമുഖവും സംഘടിപ്പിക്കുന്നുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെല്ലാം പര്യടനം നടത്തും. ഒരു മാസക്കാലം നീളുന്ന യാത്ര മാർച്ച്‌ ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പുതുയുഗ യാത്രയുടെ സമാപനം.

ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സിപിഐഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും വി ഡി സതീശൻ ചോദിച്ചു.

സിപിഐഎം വർഗീയ വാദികളുടെ കൈകളിലേക്ക് തീപന്തം എറിഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞ സതീശൻ, വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്.

പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : P V Anvar praises udf v d satheeshan kerala yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here