‘സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെ’; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍
സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെയെന്ന് വി ഡി സതീശന്‍. അഭിമന്യുവിന്റെയും വഞ്ചിയൂര്‍ വിഷ്ണുവിന്റെയും ഫണ്ട് അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പയ്യന്നൂരില്‍ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (V D Satheesan criticize CPIM in Puthuyuga Yathra)
സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ഇത്ര സന്തോഷം വേറെയില്ല. ലോട്ടറി അടിച്ച പോലെയാണ്. അവന്റെ പേരില്‍ ഫണ്ട് പിരിവാണ്. പയ്യന്നൂരില്‍ തുടങ്ങിയതല്ല അത്. അഭിമന്യുവിന്റെ കാര്യത്തില്‍ എന്താണുണ്ടായത്. വഞ്ചിയൂര്‍ വിഷ്ണുവിയും ഫണ്ട് അടിച്ചു മാറ്റി. സഹിക്കാന്‍ വയ്യാഞ്ഞിട്ട് വിഷ്ണുവിന്റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ക് പൊട്ടിക്കൊണ്ട് ആ രക്തസാക്ഷിയുടെ സഹോദരന്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്ന് – വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി കുടുംബങ്ങള്‍ പോലും വെറുക്കുന്ന നേതൃത്വമാണിന്ന് സിപിഐഎമ്മിനുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിച്ചോളാന്‍ ഞാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരോട് പറഞ്ഞു. എന്താ കാര്യം, അവര്‍ നമുക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത് എന്നതാണ്. ഇടതുപക്ഷം വന്നാല്‍ നാടിന് നല്ലത് വരുമെന്ന് വിചാരിച്ച ഇടതുപക്ഷ സഹയാത്രികരുണ്ട് അവരേ കണ്ടാല്‍ ചേര്‍ത്ത് പിടിച്ചോളൂ. അവര്‍ എല്ലാം നമ്മുടെ കൂടെയാണ് – വിഡി സതീശന്‍ പറഞ്ഞു.
സംഘപരിവാറിന്റെ അതേ പണിയാണ് സിപിഐഎം ഇപ്പോള്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ പിണറായി വിജയന്‍ നടത്തിയത് ന്യൂനപക്ഷ പ്രീണനമായിരുന്നു. എന്തൊരു ന്യൂനപക്ഷ പ്രണയമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവരുടെ വോട്ടൊന്നും കിട്ടിയില്ല. അപ്പോള്‍ നേരെ പ്ലേറ്റ് മാറ്റി. ഡല്‍ഹിയില്‍ ചെന്ന് മലപ്പുറത്തിനെതിരെ ഇന്റര്‍വ്യൂ കൊടുത്തു. ഇപ്പോള്‍ ഭൂരിപക്ഷവും കൂടെയില്ല, ന്യൂനപക്ഷവും കൂടെയില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല – അദ്ദേഹം പറഞ്ഞു.
Story Highlights : V D Satheesan criticize CPIM in Puthuyuga Yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




