‘അവസാന നിമിഷം പൈലറ്റിനെ മാറ്റി;ടേബിള്‍ ടോപ്പ് ടോപ് റണ്‍വേ തിരഞ്ഞെടുത്തു’; അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് അനന്തരവന്‍
എന്‍സിപി നേതാവ് അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് അനന്തരവന്‍ രോഹിത് പവാര്‍. അവസാന നിമിഷം മദ്യപാനിയായ പൈലറ്റിനെ നിയമിച്ചതും ടേബിള്‍ ടോപ് റണ്‍വേ തിരഞ്ഞെടുത്തതും ഈ ഗൂഢാലോചനയുടെ ഭാഗമെന്നാണ് ആരോപണം. കിഴക്കന്‍ വിദര്‍ഭയിലെ ഒരു നേതാവിനായാണ് ബരാമതി യാത്ര 30ാം തിയതിയിലേക്ക് മാറ്റിയതെന്ന് കൂടി രോഹിത് പവാര്‍ വെളിപ്പെടുത്തി. (Ajit Pawar’s air crash)
അക്കമിട്ട സംശയങ്ങളാണ് ഗൂഢാലോചന ആരോപിക്കാന്‍ രോഹിത് പവാര്‍ മുന്നോട്ട് വച്ചത്. വിമാനം ഒരു മണിക്കൂറോളം വൈകിയാണ് മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. ഈ സമയം നേരത്തെ നിശ്ചയിച്ച രണ്ട് പൈലറ്റുമാരെയും മാറ്റി. പൈലറ്റുമാരില്‍ ഒരാള്‍ ഗതാഗതക്കുരുക്കില്‍ പെട്ടെന്നാണ് കാരണം പറഞ്ഞത്. പുലര്‍ച്ചെ എവിടെയാണ് ഗതാഗതക്കുരുക്ക്. ഒരാള്‍ വൈകിയതിന് എന്തിന് രണ്ട് പൈലറ്റ്മാരെയും മാറ്റി. മാറി വന്ന പൈലറ്റ് സുമിത് കപൂര്‍ മദ്യപിച്ച് വിമാനം പറത്തിയതിന് വിലക്ക് നേരിട്ടയാളാണ്. കടുത്ത മദ്യപാനിയെന്ന് തെളിയിക്കുന്ന വിമാനക്കമ്പനിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റും രോഹിത് പവാര്‍ പങ്കുവച്ചു.
Read Also: 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചേക്കും
വിമാനം തകരുന്നതിന് ഒരു മിനിറ്റ് മുന്‍പ് റഡാര്‍ സിഗ്നലുകള്‍ ആരാണ് ഓഫ് ചെയ്തത്. റണ്‍വേ 29ല്‍ സുരക്ഷിതമായി ഇറങ്ങാമായിരുന്നിട്ടും എന്തിനാണ് ടേബിള്‍ ടോപ് റണ്‍വേ ആയ റണ്‍വേ 11ല്‍ വിമാനമിറക്കാന്‍ ക്യാപ്റ്റന്‍ വാശിപിടിച്ചത്. കാഴ്ചാ പരിധി കുറവായിട്ടും എന്തിന് ലാന്‍ഡിംഗിന് ശ്രമിച്ചു. അവസാന നാല് മിനിറ്റില്‍ സഹപൈലറ്റ് മാത്രമാണ് എന്തെങ്കിലും സംസാരിക്കുന്നത്. മരണം വരിക്കാന്‍ പൈലറ്റ് സുമിത് തയ്യാറായി നില്‍ക്കുകയായിരുന്നോ? തലേന്ന് ബാരാമതിയിലേക്ക് പോവേണ്ടിയിരുന്ന അജിത് പവാറിന്റെ യാത്ര പിറ്റേന്നത്തേക്ക് മാറ്റിയത് കിഴക്കന്‍ വിദര്‍ഭയില്‍ നിന്നുള്ള ഒരു നേതാവ് കാരണമാണ്. വിമാനത്തില്‍ ഇന്ധനം അധികമായ സംഭരിച്ച് വച്ച് പറക്കും ബോംബാക്കി വിമാനത്തെ മാറ്റിയത് എന്തിനാണ്. വിമാനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടോ? റക്കും മുന്‍പ് പരിശോധന നടത്തിയിട്ടുണ്ടോ? എന്നാല്‍, ഹാങ്ങറില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്ത്‌കൊണ്ട് ഇല്ല? – രോഹിത് ചോദിക്കുന്നു.
ഇതേ വിമാനം 2023ല്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ വിഎസ്ആര്‍ എന്ന വിമാന കമ്പനിയെ വിലക്കിയതാണ്. ആ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും രോഹിത് പവാര്‍ പറഞ്ഞു. അനുയായികളുടെ വൈകാരിക പ്രതികരണം ഒഴിവാക്കാനാണ് ദുരന്തത്തിന് പിന്നാലെ ദുരൂഹതയില്ലെന്ന് ശരദ് പവാര്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights : Rohit Pawar raising doubts about Ajit Pawar’s air crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




