Advertisement

കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും

February 10, 2026
Google News 1 minute Read

കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും. 12ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കുംഭമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. നടന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി നോട്ടീസ് അയച്ചത്. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് വ്യക്തത വരുത്താനാണ് ഇ.ഡിയുടെ നീക്കം.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവിൽ എന്തെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നേരത്തെ ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു. പ്രതികൾ ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും നടന് സ്വർണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നുമാണ് എസ്‌.ഐ.ടി കണ്ടെത്തിയത്. ജയറാമിനെ കുറ്റപത്രത്തിൽ പ്രധാന സാക്ഷിയാക്കാനായിരുന്നു എസ്‌.ഐ.ടിയുടെ തീരുമാനം.

Story Highlights : sabarimala reopens for kumbh month pooja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here