Advertisement

ശബരിമല സ്വര്‍ണക്കൊള്ള, ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീണ്ടും പ്രതിരോധത്തില്‍

February 11, 2026
Google News 3 minutes Read

ആഗോള അയ്യപ്പ സംഗമവും ദേവസ്വം ബോര്‍ഡിന് കുരുക്കാവുമോ? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവും സര്‍ക്കാരിനെ പിടിച്ചുകുലുക്കുമെന്നാണ് ഭരണകക്ഷികള്‍ക്കുള്ള ഭയം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് 3.40 കോടിയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. (Government and Devaswom Board on the defensive again)

ശബരിമലയുടെ ഖ്യാതി ആഗോളതലത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2025 ഓഗസ്റ്റില്‍ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം കോടികളുടെ ബാധ്യതയുണ്ടാക്കിയോ? 3.5 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാരിനോ, ദേവസ്വം ബോര്‍ഡിനോ സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്നായിരുന്നു ദേവസ്വം മന്ത്രി വി എന്‍ വാസവനും, ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പിഎസ് പ്രശാന്തും ആവര്‍ത്തിച്ചിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നായി 3000 അയ്യപ്പ ഭക്തര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, സ്റ്റാലിനെ തടയുമെന്ന ബിജെപിയുടെ പ്രഖ്യാപനം വന്നതോടെ അദ്ദേഹം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന് പ്രഖ്യാപിച്ചു.

Read Also: യാത്രക്കാരോട് മോശം പെരുമാറ്റം; പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് അരങ്ങേറിയിരുന്നത്. ഇതോടെ വിശ്വാസി സമൂഹവും വിവിധ സാമുദായിക നേതാക്കളും സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചു. മൂന്നാം തവണയും ഭരണത്തുടര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെ, തങ്ങളില്‍ നിന്നും അകന്നുപോയ വിശ്വാസി സമൂഹത്തെ തിരികെ പിടിക്കാനായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ദേവസ്വം ബോര്‍ഡിന്റെ പണം ദൂര്‍ത്തടിക്കാനായാണ് ആഗോള അയ്യപ്പ സംഗമമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിന് 3.40 കോടി രൂപ ദേവസ്വം ബോര്‍ഡ് കൈമാറിയിരുന്നു. ഇത്രയും തുക കൈമാറിയിരുന്നിട്ടും ഒരു രൂപപോലും ആഗോള അയ്യപ്പ സംഗമത്തിനായി ബോര്‍ഡ് ചിലവഴിക്കുന്നില്ലെന്നും, ആവശ്യമായി വരുന്നത്രയും തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ചിലവഴിച്ചെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിനും വലിയ തിരിച്ചടിയായി മാറും. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്നും ഇത്രയും തുക ചിലവഴിച്ചത് വന്‍ അഴിമതിയാണെന്നാണ് ഉയരുന്ന ആരോപണം.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അകപ്പെട്ട സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ ധൂര്‍ത്തും. ശബരിമലയുടെ ഖ്യാതി എങ്ങും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമം വിവാദങ്ങളില്‍പ്പെട്ട് സ്തംഭിച്ച് നില്‍ക്കുകയാണ്. പരിപാടിയുടെ ഭാഗമായുള്ള കോടികളുടെ തിരിമറിയും വന്‍രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങും. സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന ആരോപണവും അന്വേഷിക്കുമെന്നാണ് അറിയുന്നത്.

ഇതിനിടയില്‍, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു പ്രമുഖന് കൂടി ജാമ്യം ലഭിച്ചതോടെ കേസ് വീണ്ടും ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു തുടങ്ങിയവര്‍ക്കു ശേഷം മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനാണ് ഇന്ന് ജാമ്യം ലഭിച്ചത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയതോടെയാണ് കോടതി എന്‍ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറും ചില ഉദ്യോഗസ്ഥരുമാണ് ഇനി ജയിലിലുള്ളത്. കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ഇപ്പോഴും ജയിലില്‍ തുടരുന്നുണ്ട്.

മോഷണം പോയ സ്വര്‍ണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവ സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഇതില്‍ വ്യക്തതവരുത്തനായി സ്വര്‍ണപ്പാളികള്‍ ഡല്‍ഹിയില്‍ വിദഗ്ധ രാസപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിന് ശേഷമായിരിക്കും കേസില്‍ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക. മൊഴിയെടുപ്പും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ ധൂര്‍ത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവും ഇതുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സും രംഗത്തുണ്ട്. ഇതോടെ ശബരിമലയുമായി ബന്ധപ്പെട്ടുള്ള മൂന്നു കേസുകള്‍കൂടി അന്വേഷണ പരിധിയിലേക്ക് വരും.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഇഡിയും അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ എല്ലാവരേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇഡി. എസ്‌ഐടി ചോദ്യം ചെയ്യാത്തവരും ഇഡിയുടെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights : Global Ayyappa Sangam; Government and Devaswom Board on the defensive again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here