കേരളാ കോണ്‍ഗ്രസ് എമ്മില്‍ മേല്‍ക്കോയ്മ തര്‍ക്കമോ? കരുത്തനാകുന്ന റോഷി അഗസ്റ്റിന്‍
അധികാരമുള്ളയാളാണ് കേരളാ കോണ്‍ഗ്രസില്‍ എന്നും നേതാവ്. കെ എം മാണി കേരളാ കോണ്‍ഗ്രസിനെ നയിച്ചതും അണികളെ കൂടെ നിര്‍ത്തിയതും അധികാരത്തിന്റെ പിന്‍ബലത്തിലായിരുന്നു. കെ എം മാണിയുടെ കാലശേഷം കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ അവകാശത്തര്‍ക്കത്തില്‍ പി ജെ ജോസഫിന് പാര്‍ട്ടി വിടേണ്ടിവന്നു. കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതോടെ ജോസഫ് വിഭാഗത്തെ ഒരുമിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ജോസ് കെ മാണിയേയും റോഷി അഗസ്റ്റിനേയും യുഡിഎഫില്‍ നിന്ന് പുറത്താക്കി. അന്ന് യഥാര്‍ഥത്തില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ കണ്ണീരൊഴുക്കിയ നേതാവാണ് റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് എം പിന്നീട് ഇടതുപക്ഷത്ത് അഭയം തേടി. (Roshi Augustine is getting stronger in Kerala Congress M)
അങ്ങനെ 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളാ കോണ്‍ഗ്രസ് എം ഇടതുപാളയത്തില്‍ എത്തുന്നത്. പാലായില്‍ നിന്നും വിജയിച്ച് മന്ത്രിയാകണമെന്നൊക്കെ ആഗ്രഹിച്ച ജോസ് കെ മാണിക്ക് 2021ലെ തിരഞ്ഞെടുപ്പ് ഫലം അന്ത്യന്തം നിരാശയായിരുന്നു സമ്മാനിച്ചത്. പാലായില്‍ നിന്നും ജോസ് കെ മാണി തോറ്റു. ഇടുക്കിയില്‍ നിന്നും വിജയിച്ച റോഷി അഗസ്റ്റിന്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി. ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കേരളാ കോണ്‍ഗ്രസ് എമ്മില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉടലെടുക്കുമെന്നായിരുന്നു. അത് മന്ത്രിയായ റോഷിയെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാക്കിമാറ്റുമെന്ന തിരിച്ചറിവിലാണ്.
Read Also: ദീപക്കിന്റെ മരണം: ഷിംജിത പുറത്ത്; ഷിംജിതയ്ക്ക് നേരെ ജയിലിന് പുറത്ത് കൂവല്‍
റോഷി അഗസ്റ്റിന്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ശക്തനാണ്. അതുകൊണ്ടാണ് ഇടതു ക്യാമ്പിനോട് വിടപറയാനുള്ള ജോസ് കെ മാണിയുടെ നീക്കത്തെ റോഷി തടഞ്ഞതും. റോഷിയുടെ നിലപാടുകൊണ്ടാണ് മുന്നണി മാറ്റം നടക്കാതെ പോയതെന്ന് കേരളാ കോണ്‍ഗ്രസിനെ അറിയാവുന്നവര്‍ക്കെല്ലാം അറിയാവുന്ന പരസ്യമായ രഹസ്യവുമാണ്.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് രാഷ്ട്രീയ ജാഥയില്‍ പങ്കെടുത്ത റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചരീതി നോക്കിയാല്‍ അറിയാം, ജോസ് കെ മാണിയല്ല താനാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നേതാവ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു അത്. പാലായില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ജോസ് കെ മാണിയുടെ പ്രതികരണം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്നായിരുന്നു. ജോസ് കെ മാണിയുടെ കൈയ്യില്‍ നിന്നും മൈക്ക് വാങ്ങിയാണ് റോഷി അഗസ്റ്റിന്‍ അതിന് മറുപടി പറഞ്ഞത്. ജോസ് കെ മാണി പാലായില്‍ മത്സരിക്കും എന്ന്. ജോസ് കെ മാണിക്ക് എതിര്‍ത്ത് ഒന്നും പറയാന്‍പോലും റോഷി അവസരം നല്‍കിയില്ലെന്ന് വ്യക്തം.
കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാന്‍ ജോസ് കെ മാണി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. സിപിഐഎം റോഷിയിലൂടെ കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നു. ജോസ് കെ മാണി മറിച്ചൊരു തീരുമാനമെടുത്താല്‍ പാര്‍ട്ടി പിളരുമെന്ന് നേതൃത്വം ഭയന്നു. ഇതോടെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന പ്രസ്താവന നടത്തുകയായിരുന്നു.
റോഷി അഗസ്റ്റിന്റെ വ്യത്യസ്ത നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പു കാലത്ത് അത് പ്രകടിപ്പിക്കേണ്ടെന്ന നിലപാടിലാണിവരെന്നാണ് അറിയുന്നത്.
Story Highlights : Roshi Augustine is getting stronger in Kerala Congress M
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




