കുടുംബം… പ്രശ്‌നം!!!; ബന്ധങ്ങളെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും യാഥാര്‍ഥ്യവും; സൈക്യാട്രിസ്റ്റ് എഴുതുന്നു…
ഒരു സമൂഹം അതുപോലെ നിലനില്‍ക്കുന്നത് കുടുംബം എന്ന അടിസ്ഥാനത്തില്‍ ഊന്നിയാണ്. ശിഥിലമാക്കപ്പെട്ട കുടുംബമാണ് പരമമായ സ്വാതന്ത്ര്യം എന്നു പറയുന്നത് ഇന്നത്തെ ഫാഷനായി തീര്‍ന്നിരിക്കുന്നു. യൗവനയുക്തര്‍ പലരും ഇന്ന് ദാമ്പത്യ ജീവിതം ഒരു ബാധ്യതയായി കണക്കാക്കിയത് കൊണ്ടാണ് വൈവാഹിക ജീവിതത്തോട് വിരക്തിയുണ്ടാകുന്നത്. ‘എന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന ഒന്ന് എനിക്ക് സഹിക്കാന്‍ പറ്റില്ല’ എന്നതാണ് എന്റെ നിലപാടെന്നാണ് ഒരു കുട്ടി എന്നോട് പറഞ്ഞത്. സാമ്പത്തിക സ്വാതന്ത്ര്യം എന്നെ ഞാനായിട്ട് ജീവിക്കുവാന്‍ പര്യാപ്തമാക്കുന്നുവെങ്കില്‍ പിന്നെ മറ്റൊരാളെ കൂടി സഹിച്ചുകൊണ്ട് ഞാനെന്തിനീ പ്രഹസനമാകുന്ന വിവാഹം കഴിക്കണമെന്നാണ് മറ്റു ചിലരുടെ ചിന്ത. ഈയിടെ ഒരു താരം പറഞ്ഞത് വിവാഹമെന്നത് ഒരു ട്രാപ്പാണ് എന്നാണ്. പുരുഷന്മാര്‍ക്കായി ഒരുക്കിയ ഒരു സിസ്റ്റമാണത്രേ വിവാഹം. ചില പുരോഗമനവാദികള്‍ എന്ന് വിളിക്കുന്നവരും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. (dr.elsie oommen writes on relationships)
യാഥാര്‍ത്ഥ്യം എന്ത്?
വിവാഹം എന്നത് അടിസ്ഥാനമായി ഒരു ഉടമ്പടിയാണ്. പരസ്പരം ഒരുമിച്ച് കഴിഞ്ഞു കൊള്ളാമെന്നും തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ചു വളര്‍ത്തി ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കാനുമുള്ള ഒരു കരാര്‍. വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്നവര്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ട ഒരു കരാര്‍. ഇതിന് ആധുനിക സമൂഹത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കി, പാശ്ചാത്യ സമൂഹങ്ങളും വേറിട്ട് ചിന്തിക്കുന്ന ഇക്കാലത്ത്, അവര്‍പോലും പരീക്ഷിച്ചു പരാജയപ്പെട്ട ഒന്നിനെ എന്തിന് ചിലര്‍ ചുമലില്‍ ഏറ്റുന്നു എന്ന് നാം ചിന്തിക്കണം. ലൈംഗിക സംതൃപ്തിയ്ക്കായിട്ടുള്ള ഒരു ലൈസന്‍സ് ആയി വിവാഹത്തെ സമീപിക്കുന്നതിന്റെ ദോഷമാണിത്. രണ്ടു വ്യക്തികള്‍ തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ സഹകരിച്ച് ജീവിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കുടുംബജീവിതം. പലരും പറയുന്നത് വിവാഹം എന്നത് ഒരു അഡ്ജസ്റ്റ്‌മെന്റ് ആണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ അഡ്ജസ്റ്റ്‌മെന്റ് അല്ലെങ്കിലും പരസ്പര ധാരണയോടുകൂടിയും, ജനാധിപത്യപരമായ മര്യാദകളോടുകൂടിയതുമായ, ഒരു ഉത്തരവാദിത്ത ജീവിതക്രമത്തെയാണ് വിവാഹം കൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതവും മാന്യവുമായ കരാറാണ് വിവാഹം. ഇതൊരു അനാവശ്യ ബാധ്യതയായി കണക്കാക്കുന്നവരും സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും ഒരു പുരുഷനോടൊപ്പം വിവാഹമില്ലാതെ കഴിയുമ്പോള്‍ ഈ സുരക്ഷിതത്വമാണ് നഷ്ടപ്പെടുന്നത് എന്ന് ഓര്‍ക്കണം. നിയമപരമായി യാതൊരു അവകാശവും ഇല്ലാത്ത ഇത്തരം കുടുക്കുകളില്‍ ചെന്ന് പെട്ടിട്ട് ബന്ധം പിരിയുമ്പോള്‍ സ്ത്രീ പീഡനം എന്ന ലേബല്‍ ചാര്‍ത്തി കേസുകള്‍ കൊടുക്കുന്നത് കോടതികള്‍ വരെ വിമര്‍ശനപൂര്‍വ്വം വിവക്ഷിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു.
പുതുതലമുറ ബന്ധങ്ങളെ വിവിധ പേരുകള്‍ ഇട്ടു വര്‍ണിക്കാറുണ്ട്. ഈ ബന്ധങ്ങള്‍ മിക്കതും വിവാഹത്തിലേക്ക് എത്താറുമില്ല. ചെയ്യുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടതുമില്ല. മുതിര്‍ന്ന തലമുറയുടെ പല മൂല്യങ്ങളും ഇവര്‍ക്ക് പഴഞ്ചനായി തോന്നുക സ്വാഭാവികം. ബന്ധങ്ങളിലെ ഈ അവ്യക്തത പലപ്പോഴും മാനസിക പ്രശ്‌നങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഹേതുവാകാറുണ്ട് എന്ന് പറയാതെ വയ്യ. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന പുരുഷന്മാരും ചിലതൊക്കെ പഠിക്കാനുണ്ട്. അതവരെ പഠിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും വാക്കില്‍ അല്ല പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം പുരുഷന്മാര്‍ക്ക് തന്നെയാണ്. സകല ജീവജാലങ്ങളെ പോലെയും പുരുഷന്മാര്‍ക്കാണ് സ്ത്രീകളെ ആവശ്യം. സ്ത്രീകള്‍ക്ക് വേണമെങ്കില്‍ പുരുഷന്‍മാരുടെ സഹായമില്ലാതെയും ജീവിക്കാം. അതുകൊണ്ടുതന്നെ വൈവാഹിക ജീവിതത്തിലും, കുടുംബ ബന്ധങ്ങളെ നിലനിര്‍ത്താന്‍ കടപ്പെട്ടവരാണ് പുരുഷന്മാര്‍. സ്ത്രീകളെ തങ്ങളോട് ചേര്‍ത്തു നിര്‍ത്തുവാന്‍ ഉള്ള കഴിവും, സാമര്‍ത്ഥ്യവും പുരുഷന്മാര്‍ക്കാണ് ഉണ്ടാകേണ്ടത് എന്ന് സാരം. അവരെ സ്‌നേഹം കൊണ്ട് കീഴടക്കി പരിരാളിച്ചു കൊണ്ടുപോകേണ്ടത്, പുരുഷന്മാരാണ്. അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നത് കുടുംബബന്ധമാണെന്ന് മനസ്സിലാക്കുക.
പരസ്പരം അറിഞ്ഞും, സ്‌നേഹിച്ചും, ബഹുമാനിച്ചും വളരാനുള്ള ഇടം നല്‍കിയും, ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചും സഹായിച്ചും, നടത്തപ്പെടേണ്ട ഒരു സംവിധാനമാണ് കുടുംബജീവിതം എന്ന് ചുരുക്കം. രണ്ടുപേര്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് അതിരില്ലാത്ത പ്രവര്‍ത്തികള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് പലപ്പോഴും അപകടങ്ങള്‍ വരുത്തും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. പരസ്പര സഹകരണത്തിലും സ്‌നേഹത്തിലും ഉള്ളവര്‍ക്ക് വിട്ടുവീഴ്ച ചെയ്യുന്നതിനോ അധികം അധ്വാനിക്കുന്നതിനോ ഒന്നും ഒരു ഭാരമായി തോന്നുകയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റ് അല്ല പരിഗണനയാണ് കുടുംബജീവിതത്തിന്റെ അടിത്തറ. ഈ പരിഗണനയും മുന്‍ഗണനയും മാറുമ്പോഴാണ് പലരുടെയും കുടുംബ ജീവിതം താറുമാറാകുന്നത്. ചുരുക്കത്തില്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒന്നാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാനമായ കുടുംബജീവിതം. അത് നമ്മുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും കാരണമായ ഒന്നാണ്. അതുകൊണ്ടുതന്നെ അലക്ഷമായി അതിനെ കണക്കാക്കാതെ ഉത്തരവാദിത്വബോധത്തോടെ ഇതിനെ സമീപിക്കാന്‍ ഇന്നത്തെ തലമുറ തയ്യാറാകണം.
വാല്‍ക്കഷണം
വീട്ടുകാരെ അവഗണിച്ചും നാട്ടുകാരെ വെല്ലുവിളിച്ചും എന്റെ ശരീരം എന്റെ അവകാശമെന്നട്ടഹസിച്ചു തന്നിഷ്ടപ്രകാരം ജീവിച്ച് ഒടുക്കം ഇരവാദം ഉന്നയിക്കരുത്. പരസ്പര സമ്മതപ്രകാരം നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും പുരുഷന്‍ മാത്രമാണ് ഉത്തരവാദി എന്ന് പറഞ്ഞു നെഞ്ചത്തടിച്ചിട്ട് കാര്യമില്ല. സാഹചര്യങ്ങളെ സ്വയം നേരിടാനുള്ള ധൈര്യമില്ലാത്തവരെ ഈ പണിക്ക് പറ്റില്ല എന്ന് സാരം.
Story Highlights : dr.elsie oommen writes on relationships
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




