കോണ്‍ഗ്രസിനെ വെട്ടിലാക്കിയ പ്രസ്താവന; മണിശങ്കര്‍ അയ്യര്‍ കെസി വേണുഗോപാലിനെ ലക്ഷ്യമിടുന്നതിന് പിന്നില്‍…
സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ റൗഡിയായ കെ സി വേണുഗോപാലാണ് ഇരിക്കുന്നതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയാവുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിശങ്കര്‍ പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചത് കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. പിണറായി വിജയന് മൂന്നാമതും കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന വിവാദ പ്രസ്താവനയില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് കെ സി വേണുഗോപാല്‍ റൗഡിയാണെന്ന തരത്തിലുള്ള പ്രതികരണം നടത്തിയത്. (conflict between mani shankar aiyar and kc venugopal explained)
സംഘടനാ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ നടത്തിയ ആരോപണം ദേശീയതലത്തിലും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയായിമാറിയിരിക്കയാണ്. പിണറായി സ്തുതി നടത്തിയ മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വിഷന്‍ 2031 ല്‍ വികസനവും ജനാധിപത്യവും എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് അഭിപ്രായപ്പെട്ടത്. സമര്‍ത്ഥനായ ഭരണാധികാരിയാണ് പിണറായി വിജയനെന്നും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി സ്വപ്നംകണ്ട ഭരണം കേരളത്തിലാണ് നടക്കുന്നതെന്നായിരുന്നു മണിശങ്കറുടെ അഭിപ്രായപ്രകടനം. പരിപാടി കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിനേയും മണിശങ്കര്‍ വിമര്‍ശിച്ചു.ഇതാണ് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി മണിശങ്കര്‍ അയ്യര്‍ക്കെതിരെ നീങ്ങാന്‍ കാരണം.
കുറച്ചുകാലമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി അകല്‍ച്ചയിലാണ് മണിശങ്കര്‍ അയ്യര്‍. മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊകു ബന്ധവുമില്ലെന്നും വ്യക്തിപരമായ അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവായ പവന്‍ ഖേരയുടെ പ്രതികരണം. കെ സി വേണുഗോപാലും അയ്യരെ തള്ളി രംഗത്തെത്തിയിരുന്നു. അധികാരത്തില്‍ ഇരുന്നപ്പോള്‍ കിട്ടാവുന്ന എല്ലാം നേടിയതിനുശേഷം പുറത്തുപോയ ആളാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. സര്‍ക്കാരിനെ പുകഴ്ത്തിപ്പറയാനായി വാടകയ്ക്കെടുത്ത ആളാണ് മണിശങ്കര്‍ അയ്യരെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വം കടുത്ത ഭാഷയിലാണ് മണിശങ്കര്‍ അയ്യരെ തള്ളിയത്. ഇതോടെയാണ് അയ്യര്‍ കെ സി വേണുഗോപാലിനെതിരെ റൗഡി പ്രയോഗവുമായി അയ്യര്‍ വീണ്ടും രംഗത്തെത്തിയത്.
കേരളത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയായി കെ സി വേണുഗോപാല്‍ വന്നേക്കുമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയരുന്നതിനിടയിലാണ് കെ സി വേണുഗോപാലിനെ ലക്ഷ്യം വെച്ചുള്ള മണിശങ്കര്‍ അയ്യരുടെ നീക്കം. വി ഡി സതീശന്‍ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പുതന്നാല്‍ തന്റെ പ്രസ്താവന പിന്‍വലിക്കാമെന്ന അയ്യരുടെ പ്രതികരണം ഇതിന്റെ ഭാഗമായാണ് കാണേണ്ടത്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്താണ് കേരള സര്‍ക്കാരിനേയും സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചേയേയും പുകഴ്ത്തി ഡോ ശശി തരൂര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് വന്‍ തലവേദന സൃഷ്ടിച്ച തരൂരിന്റെ ലേഖനം സിപിഐഎം ഏറ്റെടുക്കുകയായിരുന്നു. ഇതേ രീതിയിലാണ് മണിശങ്കര്‍ അയ്യരും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി രംഗത്തെത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി അധികാരത്തിന് പുറത്തുനില്‍ക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തില്‍ തിരികെ എത്താനുള്ള നീക്കം നടത്തുന്നതിനിടയിലാണ് മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് പിണറായി വീണ്ടും അധികാരത്തിലെത്തുമെന്നുമെന്ന പ്രസ്താവനയുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കാനുള്ള സി പി ഐ എം അജണ്ടയാണെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്.
Story Highlights : conflict between mani shankar aiyar and kc venugopal explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




