Advertisement

എന്ന് സ്വന്തം മൊയ്തീന്‍…; മൊയ്തീന്റെ വെളിപ്പെടുത്തലും മലക്കം മറിച്ചിലും ട്രോളാക്കി സോഷ്യല്‍ മീഡിയ; എം വി ഗോവിന്ദന്റെ വിഡിയോ നാടകം പൊളിഞ്ഞെന്ന് വ്യാപക വിമര്‍ശനം

February 16, 2026
Google News 2 minutes Read
mv govindan

ബാലുശേരിയില്‍ വയോധികന്‍ ക്ഷേമപെന്‍ഷനായി ലഭിച്ച രണ്ടായിരം രൂപ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കുന്നതും ആ തുക വയോധികന് തിരികെ നല്‍കുന്നതുമായ വീഡിയോ പാര്‍ട്ടി കേന്ദ്രങ്ങള്‍ വലിയ ആഘോഷത്തോടെ പ്രചരിപ്പിക്കുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടി കേന്ദ്രങ്ങളെ വെട്ടിലാക്കി വയോധികന്റെ വെളിപ്പെടുത്തല്‍ വരുന്നത്. ആ പണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നതാണെന്നും, അവര്‍ പറഞ്ഞതുപോലെ പണം ഗോവിന്ദന്‍ മാഷിന് കൊടുത്തുവെന്നും, അദ്ദേഹം അത് തനിക്ക് തിരികെ തന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് ഈയാട് സ്വദേശിയായ മൊയ്തീനാണ് ഈ വീഡിയോ പ്രചരിച്ചതോടെ രാഷ്ട്രീയ സമ്മര്‍ദ്ധത്തിലായത്. (mv govindan moideen welfare pension video goes viral)

എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് ബാലുശേരിയില്‍ നല്‍കിയ സ്വീകരണ പരിപാടിയിലാണ് മൊയ്തീനെ തന്റെ ക്ഷേമ പെന്‍ഷന്‍ എന്ന പേരില്‍ 2000 രൂപ പാര്‍ട്ടി സെക്രട്ടറിയെ ഏല്‍പ്പിക്കാനായി സ്റ്റേജില്‍ എത്തിച്ചത്.ഇത് തനിക്ക് ഈ മാസം ലഭിച്ച പെന്‍ഷനാണെന്നും, യുഡിഎഫ് വന്നാല്‍ തനിക്കിത് കിട്ടില്ലെന്നും, അതിനാല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്നുമായിരുന്നു മൊയ്തീന്‍ വേദിയില്‍വച്ച് എം വി ഗോവിന്ദനോട് പറഞ്ഞത്. ഈ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നീടാണ് ട്വിസ്റ്റുണ്ടായത്. പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശ പ്രകാരം അവര്‍ ഏല്‍പ്പിച്ച പണം ഗോവിന്ദന്‍ മാഷിന് നല്‍കുകയായിരുന്നുവെന്നും ആ പണം നേരത്തെ പറഞ്ഞുപ്രകാരം മാഷ് എന്നെ തിരികെ ഏല്‍പിച്ചുവെന്നുമായിരുന്നു മൊയ്തീന്റെ വെളിപ്പെടുത്തല്‍. സിപിഐഎം നേതാക്കളെ വെട്ടിലാക്കിക്കൊണ്ട് മൊയ്തീന്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്‍ ട്രോളുകളായി മാറി. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സംഭവം ചൂണ്ടിക്കാട്ടി സിനിമാ താരം ജോയ് മാത്യു ഉള്‍പ്പെടെ പരിഹാസ പോസ്റ്റുമിട്ടു. എം വി ഗോവിന്ദന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കണമെന്നായിരുന്നു പരിഹാസം. ഇതോടെ എയറിലായ എം വി ഗോവിന്ദന്‍ മൊയ്തീന്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു.

Read Also: ‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

എല്ലാം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്ലാന്‍ പ്രകാരം ചെയ്തതാണെന്ന മൊയ്തീന്റെ വെളിപ്പെടുത്തലില്‍ തിരുത്തലുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ മൊയ്തീന്റെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയില്‍ എത്തി. ഞാന്‍ ഗോവിന്ദന്‍ മാഷിന് നല്‍കിയ പണം എന്റെ പെന്‍ഷന്‍ തുകയാണെന്നും, സ്റ്റേജില്‍ കയറിവന്നത് ആരും നിര്‍ബന്ധിച്ചല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമായിരുന്നു മൊയ്തീന്റെ വിശദീകരണം. ഇതിലും വന്നു നിരവധി ട്രോളുകള്‍. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് മൊയ്തീന്‍ അഭിപ്രായം മാറ്റിപ്പറയുന്നതെന്നും സത്യം പറഞ്ഞ മൊയ്തീനെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് മാറ്റിപ്പറയിക്കുകയായിരുവെന്നും നിരവധി പേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. എന്തായാലും മൊയ്തീന്റെ വെളിപ്പെടുത്തലും തിരുത്തും എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമാക്കി മാറ്റുകയാണ് എതിരാളികളും പോരാളികളും.

Story Highlights : mv govindan moideen welfare pension video goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here