പിജി ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു; തീരുമാനം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍
പിജി ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം പിന്‍വലിച്ചു. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ച തുടര്‍ന്നാണ് തീരുമാനം. സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എംഎസ്സി ബയോടെക്‌നോളജിയെ കൂടി ബാധകമാക്കിയ പിഎസ്‌സി ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കത്ത് നല്‍കുമെന്നും ഉറപ്പ് ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒപി ബഹിഷ്‌കരണം പിന്‍വലിച്ചത്. നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രതിഷേധ ധര്‍ണ്ണ ഉണ്ടാകും. (PG doctors’ OP boycott withdrawn)
ഡോക്ടര്‍മാര്‍ സമരത്തിലായതോടെ നിലവില്‍ ഒപി നോക്കുന്നത് പിജി ഡോക്ടര്‍മാരാണ്. ഭൂരിഭാഗം ഡോക്ടര്‍മാരും സമരം തുടങ്ങിയതോടെ വിവിധ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനവും നിലച്ച സാഹചര്യത്തിലാണ്.
2016 മുതലുള്ള വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടത്തുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏഴ് മാസത്തിലധികമായി കെജിഎംസിടിഎ സമരത്തിലാണ്. ഇതുവരെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടരുന്നത്.
സംസ്ഥാനത്ത് 13 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളാണുള്ളത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ ഒരു മെഡിക്കല്‍ കോളജും. 2500 ഓളം ഡോക്ടര്‍മാരിവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. മെഡിക്കല്‍ കോളജിലെ അധ്യാപകരായ ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌ക്കരണം 2016 ജനുവരിയിലാണ് നടപ്പാക്കേണ്ടിയിരുന്നത്. നിരന്തരമായ സമരങ്ങളെത്തുടര്‍ന്ന് 2020 സെപ്തംബറില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കി. പക്ഷേ പരിഷ്‌കരിച്ച തുക ഡോക്ടര്‍മാര്‍ക്ക് ലഭ്യമായില്ല. നാല് വര്‍ഷവും ഒമ്പത് മാസത്തെയും പരിഷ്‌ക്കരിച്ച ശമ്പള കുടിശ്ശികയുണ്ട്. ഒരു പ്രഫസര്‍ക്ക് ശരാശരി 20 ലക്ഷം രൂപയില്‍ കുറയാതെ കുടിശ്ശികയുണ്ട്. പരിഷ്‌കരിച്ച ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ഡിമാന്‍ഡ്.
Story Highlights : PG doctors’ OP boycott withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




