Advertisement

സേവ് ബോക്സ് തട്ടിപ്പ്, നടന്‍ ജയസൂര്യയ്ക്കെതിരെ ഇഡി നടപടി, സെലിബ്രിറ്റികള്‍ക്കിത് പാഠം

February 18, 2026
Google News 3 minutes Read
JAYASURYA

പണം ലഭിച്ചാല്‍ ഏത് പ്രോഗ്രാമിലും പങ്കെടുക്കും, ബ്രാന്റ് അംബാസിഡറാവും ഇതാണ് ചില താരങ്ങളുടെ നിലപാട്. വ്യാജന്മാരും വന്‍കിട തട്ടിപ്പ് സംഘവും എളുപ്പത്തില്‍ തങ്ങളുടെ സ്ഥാപനത്തെ ജനകീയമാക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം സെലിബ്രിറ്റികളെ ബ്രാന്റ് അംബാസിഡറാക്കുകയെന്നതാണ്. ബിസിനസ് തട്ടിപ്പായാലും വെട്ടിപ്പായാലും കുഴപ്പമില്ല തങ്ങള്‍ക്ക് പണം ലഭിക്കണമെന്നുമാത്രമാണ് ചില സെലിബ്രിറ്റികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പണം വാങ്ങി ഇത്തരം സ്ഥാപനങ്ങള്‍ക്കുവേണ്ടി അഭിനയിക്കുന്ന താരങ്ങളും ഇനി ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. (Save Box Fraud, ED action against Jayasurya)

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ അംബാസിഡര്‍മാരായാല്‍ അവരും തട്ടിപ്പിനു കൂട്ടുനില്‍ക്കുകയാണെന്നുവേണം കരുതാനെന്നും, അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമാണ് നടന്‍ ജയസൂര്യയ്ക്ക് വിനയായത്.

Read Also: ബാര്‍ സമയം വര്‍ധിപ്പിച്ചത് മുന്നണി അറിയാതെ; തിരഞ്ഞെടുപ്പിന് മുന്‍പ് തിരക്കിട്ട് തീരുമാനം; വിവാദം കനക്കുന്നു

ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്താണ് ഇഡി ഇന്ന് കണ്ടുകെട്ടിയത്. സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതും, ബ്രാന്റ് അംബാസിഡറാവുന്നതും വളരെ സൂഷ്മതയോടെയല്ലെങ്കില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ഇഡിയുടെ ഈ നടപടി നല്‍കുന്ന സൂചന.

കേസില്‍ ജയസൂര്യയേയും ഭാര്യയേയും രണ്ടുതവണ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലേയാണ് ഇഡി സ്വത്ത് മരവിപ്പിച്ചത്. സേവ് ബോക്സിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു നടന്‍ ജയസൂര്യ. തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും ജയസൂര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.

ഓണ്‍ലൈന്‍ ലേല ആപ്പാണ് സേവ് ബോക്സ്. കോടികളുടെ തട്ടിപ്പുനടത്തിയ ആപ്പ് ഉടമയായ സ്വാതിഖ് റഹീമിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ജയസൂര്യയിലേക്ക് നീണ്ടത്. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജയസൂര്യയേയും ഭാര്യയേയും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഈ വാര്‍ത്ത ആദ്യം ജയസൂര്യ നിഷേധിച്ചിരുന്നു. തങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ശേഷം അവര്‍ എന്തെങ്കിലും തട്ടിപ്പുനടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം എങ്ങനെ ഏറ്റെടുക്കുമെന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. ജയസൂര്യ കമ്പനിയില്‍ നിന്നും ഒരു കോടിയില്‍ പരം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.

രണ്ട് വര്‍ഷം മുന്‍പാണ് നിരവധി പേരുടെ പണം വെട്ടിച്ച സേവ് ബോക്‌സ് ആപ്പിനെതിരെ പരാതി വരുന്നത്.ആപ്പിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ പലരില്‍ നിന്നായി തട്ടിയെടുക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഉപകരണങ്ങള്‍ ലേലത്തില്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാമെന്ന് പ്രചാരണം നല്‍കിയാണ് സേവ് ബോക്സ് ആപ്പ് അവതരിപ്പിച്ചിരുന്നത്. സേവ് ബോക്സ് എന്ന പേരില്‍ ആപ്പും കമ്പനി പുറത്തിറക്കിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ വെര്‍ച്വല്‍ കോയിനുകള്‍ വാങ്ങണം. ഈ വെര്‍ച്വല്‍ കോയിന്‍ ഉപയോഗിച്ചായിരുന്നു ലേലം.

പഴയ ഐ ഫോണുകള്‍ പുതിയ ബോക്സില്‍ പാക്ക് ചെയ്ത് വിഐപികളെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ആപ്പിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ ജയസൂര്യ മുഖ്യാതിധിയായിരുന്നു. ബ്രാന്റ് അംബാസിഡറായിരുന്ന ജയസൂര്യയ്ക്ക് കൈമാറിയ പണം തിരികെ പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. അനധികൃതമായ ഒരു ഇടപാടും താന്‍ സേവ് ബോക്സുമായി നിന്നും ബന്ധപ്പെട്ട് നടത്തിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം ഇതോടെ പൊളിയുകയാണ്.

Story Highlights : Save Box Fraud, ED action against actor Jayasurya, lesson for celebrities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here