Advertisement

ഒറ്റപ്പാലത്ത് പി കെ ശശി യു ഡി എഫ് സ്വതന്ത്രനാവുമോ? പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ മത്സരിക്കാന്‍ സാധ്യത

February 18, 2026
Google News 2 minutes Read
cpim

ഒറ്റപ്പാലത്തും, പയ്യന്നൂരിലും സി പി ഐ എമ്മിന് അഗ്നിപരീക്ഷയാവും. സി പി ഐ എം നേതാവും മുന്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എയുമായ പി കെ ശശി ഒറ്റപ്പാലത്ത് വിമതനായി എത്തുമോ എന്നാണ് പാര്‍ട്ടി നേതൃത്വം ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് പോരാട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി കെ ശശി യു ഡി എഫിന്റെ ഭാഗമാവുമെന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി കെ ശശിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പൂര്‍ണമായും തള്ളിപ്പറഞ്ഞതോടെ ശശിയ്ക്ക് ഇനി പാര്‍ട്ടിയില്‍ ഇടമില്ലെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

പാലക്കാട്ടെ പാര്‍ട്ടിയില്‍ കഴിഞ്ഞ കുറച്ചുകാലമായി നിലനില്‍ക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ സി പി ഐ എമ്മിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു. ജില്ലയില്‍ വലിയൊരു വിഭാഗം നേതാക്കള്‍ നിലവിലുള്ള നേതൃത്വത്തിനെതിരെ ഒരുമിച്ചതിന് പിന്നില്‍ പി കെ ശശിയാണെന്നാണ് നേതൃത്വത്തിന്റെ ആരോപണം. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്താണ് കൊഴിഞ്ഞാമ്പാറയിലും മറ്റും പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞതും അവര്‍ പ്രത്യേക വിഭാഗമായി മാറിയതും. പി കെ ശശിയെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തില്‍ നിന്നും പുകച്ചു പുറത്തുചാടിച്ചതാണെന്നാണ് ഉയരുന്ന ആരോപണം. പാര്‍ട്ടി നേതൃത്വവുമായി പൂര്‍ണമായും അകന്നു നില്‍ക്കുന്ന ശശി ഉടന്‍ യു ഡി എഫ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റപ്പാലത്ത് യു ഡി എഫ് സ്വതന്ത്രനായി മത്സരിക്കാനാണ് ചര്‍ച്ചകള്‍. വി എസിന്റെ പി എ യായിരുന്ന എ സുരേഷ് കുമാറിനെ മലമ്പുഴയില്‍ മത്സരിപ്പിക്കുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. ശശി കൂടി യു ഡി എഫ് ക്യാമ്പിലെത്തിയാല്‍ പാലക്കാട്ടെ പാര്‍ട്ടിക്ക് അത് വലിയ തിരിച്ചടിയാവും.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കിൽ ടി ഐ മധുസൂദനനെതിരെ മത്സരിക്കാന്‍ ഒരുങ്ങി വി കുഞ്ഞികൃഷ്ണനും രംഗത്തുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാന്‍ നേതൃത്വം തയ്യാറായില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം. രക്തസാക്ഷി ഫണ്ടില്‍ നടന്ന വെട്ടിപ്പിനെകുറിച്ച് അക്കമിട്ട് നിരത്തിയിട്ടും ഈ കണക്കിലൊന്നും വ്യക്തത വരുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വി കുഞ്ഞികൃഷ്ണന്റെ ആരോപണം. വെട്ടിപ്പുനടത്തിയവരെ രക്ഷപ്പെടുത്താനാണ് ശ്രമമെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. സി പി ഐ എം ജില്ലാ കമ്മിറ്റി എല്ലാ കണക്കുകളും പുറത്തുവിടുമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ച വ്യാജ രസീതിലും മറ്റും വ്യക്തമായ മറുപടി നേതാക്കള്‍ ആരും നല്‍കിയില്ലെന്നാണ് ആരോപണം.

രക്തസാക്ഷി ഫണ്ടില്‍ ആരും വെട്ടിപ്പ് നടത്തില്ലെന്ന് ടി ഐ മധുസൂദനന്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചതോടെ എല്ലാം അവസാനിച്ചുവെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ആരോപണത്തില്‍ വ്യക്തതവരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നാണ് ആരോപണം. പാര്‍ട്ടി നേതൃത്വം വി കുഞ്ഞികൃഷ്ണന്റെ ആരോപണം പാടേ തള്ളുകയായിരുന്നു. നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തേയും പാര്‍ട്ടി നേതൃത്വം തള്ളി. ഭാവനകളാണ് പുസ്തകത്തിലെന്നായിരുന്നു നേതൃത്വം ആരോപിച്ചത്.

രക്തസാക്ഷി ഫണ്ട് അപഹരണം സംബന്ധിച്ചുള്ള ആരോപണങ്ങളില്‍ എം എല്‍ എയായ ടി ഐ മധുസൂദനന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വികസന ജാഥയില്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പുരാണങ്ങളെ ഉദ്ധരിച്ചുള്ള മറുപടിയല്ല വേണ്ടതെന്നും, വസ്തുതാപരമായ മറുപടിയാണ് വേണ്ടതെന്നുമാണ് വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ ആവശ്യം.സ്യമന്തകമണി ശ്രീകൃഷ്ണന്‍ മോഷ്ടിക്കുമോ എന്ന ടി ഐ മധുസൂദനന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വി കുഞ്ഞികൃഷ്ണന്‍ ആരോപണം കടുപ്പിച്ചത്.

എം എല്‍ എയും സംഘവും പണം അപഹരിച്ചുവെന്ന് കണക്കുകളും തെളിവുകളും നിരത്തി ആരോപണം ഉന്നയിച്ചിട്ടും ആരോപണ വിധേയനായ ടി ഐ മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ നീക്കം.

വി കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് വിമതരുടെ നീക്കം. അങ്ങിനെ വന്നാല്‍ യു ഡി എഫ് വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. രക്തസാക്ഷി ഫണ്ടുവിവാദം മാത്രമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ടി ഐ മധുസൂദനനെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരാനുള്ള സാധ്യതയും വിമത വിഭാഗം സൂചനകള്‍ നല്‍കുന്നുണ്ട്.

വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും, ആരോപണങ്ങളെ കൈകാര്യം ചെയ്ത രീതിയും ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പ്രതികരണവും വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാവാന്‍ ഇടയാക്കിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കടിയിലുള്ള അഭിപ്രായം.

പാര്‍ട്ടി സംഘടിപ്പിച്ച വിശദീകരണയോഗങ്ങളില്‍ വന്‍പങ്കാളിത്തമുണ്ടായെങ്കിലും സംശയനിവാരണമുണ്ടാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിക്കഴിഞ്ഞാല്‍ അടുത്ത ദിവസം രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടും എന്നായിരുന്നു ജില്ലാ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനോ, കണക്കുകള്‍ പുറത്തുവിടാനോ നേതൃത്വം തയ്യാറാവാത്തത് പാര്‍ട്ടി അണികളില്‍ സംശയം ജനിപ്പിച്ചിരിക്കയാണ്.

കുറ്റാരോപിതനായ എം എല്‍ എയെ ഇത്തനണ തിരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറ്റി നിര്‍ത്തി മുതിര്‍ന്നൊരു നേതാവിനെ പയ്യന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇല്ലെങ്കില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടിവരുമെന്നാണ് വിമതരുടെ നിലപാട്. രക്തസാക്ഷിഫണ്ട് വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് വിവാദം, പാര്‍ട്ടി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട് വെട്ടിപ്പ് വിവാദം തുടങ്ങിയ പരാതികളാണ് ഉയര്‍ത്തിയത്. എന്നാല്‍ മറ്റു ചില വെട്ടിപ്പുകളുടെ കഥകൂടി തെളിവു സഹിതം പുറത്തുവിടുമെന്നാണ് വിമത വിഭാഗം പറയുന്നത്.

ഫണ്ട് തട്ടിപ്പ് വിവാദം പാര്‍ട്ടി നേതൃത്വം പൂര്‍ണമായും തള്ളുകയും ടി ഐ മധുസൂദനനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം ശക്തമാവുകയും ചെയ്തതോടെ പയ്യന്നൂരില്‍ വിമതരും ഔദ്യോഗിക വിഭാഗവും കരുനീക്കങ്ങള്‍ ശക്തമാക്കി തുടങ്ങി. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പയ്യന്നൂരില്‍ തീപ്പാറുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കയാണ്.

Story Highlights : Will PK Sasi UDF become an independent in Ottapalam? V Kunhikrishnan likely to contest in Payyannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here